22 December 2024, Sunday
KSFE Galaxy Chits Banner 2

വെല്ലുവിളികളുടെ കാലത്തെ തെരഞ്ഞെടുപ്പ്

ജയ്സണ്‍ ജോസഫ്
August 23, 2024 4:23 am

സെപ്റ്റംബർ 21ന് ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തീയതി കുറിച്ചിരിക്കുന്നു. പ്രസിഡന്റ് റെനിൽ വിക്രമസിംഗെ അടക്കം 39 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക നൽകി. രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്തെ തെരഞ്ഞെടുപ്പ് എന്ന വിശേഷണവുമുണ്ട്. ഭരണകൂടങ്ങൾ കാലങ്ങളിലായി ആവർത്തിച്ച സാമ്പത്തിക കെടുകാര്യസ്ഥത 2022ൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ വലിച്ചിഴച്ചു. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി. വിദേശനാണ്യ ക്ഷാമം മൂലം എണ്ണ അടക്കം അടിസ്ഥാന വസ്തുക്കളുടെ ഇറക്കുമതിക്ക് സർക്കാരിന്റെ പക്കൽ പണമില്ലാതായി. ഐഎംഎഫും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും സാമ്പത്തികസഹായം നൽകിയെങ്കിലും ഒന്നും പരിഹാരമായില്ല. ജനം തെരുവിലിറങ്ങി. 2022 മാർച്ച് 15ന് തുടങ്ങിയ ഭരണവിരുദ്ധപ്രക്ഷോഭം അക്രമാസക്തമായി. തെരുവിൽ കലാപത്തീയുയർന്നു. പ്രസിഡന്റ് ഗോതബയ രാജപക്സെ 2022 ജൂലൈ ഒമ്പതിന് ഔദ്യോഗികവസതി വിട്ട് പലായനം ചെയ്തു. ജനക്കൂട്ടം ഔദ്യോഗികവസതിയും പ്രസിഡന്റിന്റെ ഓഫിസും കയ്യേറി. ഗോതബയ പിന്നീട് രാജിവച്ചു. തുടർന്ന് മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി അധികാരമേറ്റു. ശ്രീലങ്കൻ പാർലമെന്റ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വിക്രമസിംഗെയുടെ കാലാവധി ഈ നവംബറിൽ കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 2025 ഓഗസ്റ്റിനുള്ളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അതിനു മുമ്പ് നടത്തണം.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ 21ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ റെനിൽ വിക്രമസിംഗെ സ്വതന്ത്രനായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. നൂറോളം എസ്‌എൽപിപി അംഗങ്ങൾ പിന്തുണയും പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഒളിവിലായിരുന്ന രാജപക്സെ കുടുംബം തിരിച്ചുവരവ് ആഗ്രഹിച്ച് മഹിന്ദ രാജപക്സെയുടെ മകൻ നമൽ രാജപക്സെയെ സ്ഥാനാർത്ഥിയാക്കി നാമനിർദേശ പത്രിക നൽകി. തമിഴ് പാർട്ടികൾ മുൻ എംപി പാക്യസെൽവൻ അരിയനേത്രനെ പൊതുസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വടക്കും കിഴക്കുമുള്ള വിവിധ രാഷ്ട്രീയപാർട്ടികളായ ടിഇഎൽഒ, പിഎൽഒടിഇ, ടിപിഎ, ടിഎൻപി, ഇപിആർഎൽഎഫ് എന്നിവയ്ക്കൊപ്പം തമിഴ് പീപ്പിൾസ് കോൺഗ്രസ് അസോസിയേഷനും അടങ്ങുന്നതാണ് തമിഴരുടെ സഖ്യം. പ്രധാന പ്രതിപക്ഷ പാർട്ടിയായ ഐടിഎകെ ഇവർക്കൊപ്പമില്ല. പൊതുസ്ഥാനാർത്ഥി എന്ന ആശയം തെറ്റ് എന്നാണ് ഐടിഎകെ നിലപാട്. മുൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തമിഴ് പാർട്ടികൾ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിലും പിന്നീട് പ്രതിപക്ഷവുമായി ധാരണയിലെത്തുകയായിരുന്നു. 

എന്നാൽ വിക്രമസിംഗെയുടെ പ്രധാന എതിരാളികൾ ഇടതുപക്ഷ ജനതാ വിമുക്തി പെരമുന (ജെവിപി) നേതാവ് അനുര കുമാര ദിസനായകെയും ഒരിക്കൽ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസയുമാണ്.
ശ്രീലങ്കൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിക്രമസിംഗെയ്ക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു. 75 കാരനായ വിക്രമസിംഗെയ്ക്ക് ഈ ചിഹ്നം പ്രാധാന്യമർഹിക്കുന്നതുമാണ്. കോപാകുലരായ പൗരന്മാർ ഒഴിഞ്ഞ സിലിണ്ടറുകളുമായി ദ്വീപിലുടനീളം വരിവരിയായി നിൽക്കുന്നത് നിത്യക്കാഴ്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഐഎംഎഫ് കഠിനമായ പരിഷ്കാരങ്ങൾ അവതരിപ്പിച്ചപ്പോള്‍ വിക്രമസിംഗെ എല്ലാറ്റിനും കുടപിടിച്ചു. 2023 മാർച്ചിലും ഡിസംബറിലും 330 ദശലക്ഷം ഡോളർ വീതമുള്ള രണ്ട് ഘട്ട വായ്പ അനുവദിച്ചു. കടം പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകളിലൂടെ, തിരിച്ചടവിന് 2042 വരെ സമയം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷയെന്ന് ധനമന്ത്രി കൂടിയായ വിക്രമസിംഗെ പറഞ്ഞു. നമൽ രാജപക്സെ എക്കാലവും വിവാദങ്ങളുടെ കളിത്തോഴനാണ്. ശ്രീലങ്കൻ ലോ കോളജിൽ അഭിഭാഷക യോഗ്യതയ്ക്കുള്ള പരീക്ഷ മുതൽ തുടങ്ങുന്നു വിവാദങ്ങൾ. 2009ൽ പ്രിലിമിനറി പരീക്ഷാ വേളയിൽ പ്രത്യേക ക്യുബിക്കിളിൽ കോളജ് പ്രിൻസിപ്പൽ കൂടെയുണ്ടായിരുന്നുവെന്ന് ആരോപണം ഉയർന്നു. 2010ൽ ശ്രീലങ്കൻ ലോ കോളജിലെ തന്റെ അവസാന പരീക്ഷയിൽ പ്രത്യേക മുറിയും ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറും നൽകിയെന്നും പരാതി ഉയർന്നു. 2010ൽ ശ്രീലങ്കൻ ദേശീയ റഗ്ബി ടീമിനായി കളിക്കാൻ രാജപക്സെയെ ക്ഷണിച്ചതും വിവാദമായി. എംപിയായിരിക്കുമ്പോഴാണ് അദ്ദേഹം ശ്രീലങ്കൻ ദേശീയ റഗ്ബി ടീമിൽ കളിക്കുന്നതും 2013ൽ ടീമിന്റെ ക്യാപ്റ്റനാകുന്നതും. ആക്ഷേപങ്ങളും ആരോപണങ്ങളും ഒട്ടേറെയെങ്കിലും 2014 ജൂലൈയിൽ റഗ്ബിയിൽ നിന്ന് വിരമിക്കുന്നതുവരെ രാജപക്സെ ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നു. ഒരു സ്ത്രീയെച്ചൊല്ലിയുള്ള തർക്കങ്ങളുടെ പേരിൽ ശ്രീലങ്കൻ റഗ്ബി കളിക്കാരനായിരുന്ന താജുദ്ദീനെ കൊലപ്പെടുത്തിയെന്നും വാർത്തകൾ പരന്നു.

വിവാദങ്ങളും ആക്ഷേപങ്ങളും തുടർന്നു. ഒന്നും രാജപക്സെയെ ഏശിയതേയില്ല. 2016ൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ നമൽ അറസ്റ്റ് ചെയ്യപ്പെട്ടു. എൻആർ പ്രോജക്ട്സ്, ആസ്പൻ എന്നീ സ്ഥാപനങ്ങൾ വഴി 45 ദശലക്ഷം ശ്രീലങ്കൻ രൂപ വെളുപ്പിച്ചു എന്നായിരുന്നു ആരോപണം. ഇടതുപക്ഷ ജനതാ വിമുക്തി പെരമുനയും നമൽ പണം വാങ്ങിയതായി ആരോപിച്ചു. ജനം തെരുവിലിറങ്ങുന്നതുവരെ രാജപക്സെ കുടുംബം രാജാക്കന്മാരായിരുന്നു. നിലവിലെ മത്സരം റെനിൽ വിക്രമസിംഗെയും ഇടതുപക്ഷ ജനതാ വിമുക്തി പെരമുന (ജെവിപി) നേതാവ് അനുര കുമാര ദിസനായകെയും തമ്മിലാണെന്നാണ് അഭിപ്രായ സർവേകൾ. ജനതാ വിമുക്തി പെരമുന (ജെവിപി അല്ലെങ്കിൽ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്) നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യം ഏറെ ശ്രദ്ധയാകർഷിക്കുന്നു. ശ്രീലങ്കയിലെ അഴിമതിയുടെ മൂലകാരണം കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ തുടർന്ന രാഷ്ട്രീയ സംസ്കാരവും 1977 മുതൽ നടപ്പാക്കിയ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുമാണെന്ന് ദിസനായകെ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക നയങ്ങള്‍ക്കും മാനുഷിക മൂല്യങ്ങൾക്കും പകരം പണവും സാമ്പത്തിക ബന്ധങ്ങളും മാത്രമാണ് പ്രോത്സാഹിക്കപ്പെട്ടത്. കഴിഞ്ഞ 45 വർഷമായി രാജ്യം മൂലധന ശക്തികൾക്കു മുന്നിൽ മാനുഷികവും സാമൂഹികവുമായ മൂല്യങ്ങൾ ഉപേക്ഷിക്കുകയാണ്. ഉദാരീകരണത്തോടു ചേർന്നുള്ള സാമൂഹിക‑സാമ്പത്തിക സജ്ജീകരണങ്ങൾ അഴിമതിയുടെ സംസ്കാരത്തിന് ആക്കം കൂട്ടുകയുമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.