12 February 2026, Thursday

Related news

February 9, 2026
February 9, 2026
February 7, 2026
February 4, 2026
February 3, 2026
February 3, 2026
February 3, 2026
February 2, 2026
January 29, 2026
January 29, 2026

ക്യാന്‍സര്‍ മരുന്നുകളുടെ വില കുറക്കും; കാരുണ്യ സ്പര്‍ശം സംസ്ഥാനതല ഉദ്ഘാടനം നാളെ

Janayugom Webdesk
തിരുവനന്തപുരം
August 27, 2024 7:41 pm

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നു. വിലകൂടിയ ക്യാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ ‘കാരുണ്യ സ്പര്‍ശം — സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടര്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒപി ബ്ലോക്ക് കാരുണ്യ ഫാര്‍മസിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

വിലകൂടിയ ക്യാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാണ് ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുക. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. കാന്‍സര്‍ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. ഇതിലൂടെ സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000 ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്.

ബോക്സ് മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍

  • തിരുവനന്തപുരം മെഡിക്കല്‍ കോളജ്
  • ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
  • പത്തനംതിട്ട ജനറല്‍ ആശുപത്രി
  • ആലപ്പുഴ മെഡിക്കല്‍ കോളജ്
  • കോട്ടയം മെഡിക്കല്‍ കോളജ്
  • ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
  • എറണാകുളം മെഡിക്കല്‍ കോളജ്
  • തൃശൂര്‍ മെഡിക്കല്‍ കോളജ്
  • പാലക്കാട് ജില്ലാ ആശുപത്രി
  • മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
  • കോഴിക്കോട് മെഡിക്കല്‍ കോളേജ്
  • മാനന്തവാടി ജില്ലാ ആശുപത്രി
  • കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്
  • കാസര്‍കോട് ജനറല്‍ ആശുപത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.