നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരോടിയ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ പടവെട്ടിയ നവോത്ഥാന നായകനാണ് മഹാത്മ അയ്യൻകാളി. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം മാത്രമാണ് ഏക പോംവഴിയെന്ന് ക്രാന്തദർശിയായ ആ പോരാളി തിരിച്ചറിഞ്ഞു. അതിന്റെ അനന്തരഫലമാണ് ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചു നിരത്തിയ വില്ലുവണ്ടിയുടെ മുന്നേറ്റമെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
മാടമ്പികൾ ‘അയിത്ത വണ്ടി’ എന്ന് വിളിച്ച വില്ലുവണ്ടി, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. തിരുവിതാംകൂറിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച അയ്യൻകാളി സായുധ പ്രതിരോധങ്ങളെ പേശിബലത്താലും, നെഞ്ചുറപ്പിനാലും നേരിട്ടതോടെ സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം പിടിക്കുകയും ചെയ്തു. ഇതോടെ ദരിദ്ര ജനതയ്ക്ക് അദ്ദേഹം അവകാശ പോരാട്ടങ്ങളുടെ മറുവാക്കായി.
കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി പാവങ്ങളുടെ യാതനകളിൽ അയ്യൻകാളി ഇടപെട്ടു. പാവങ്ങളുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചാൽ കൊയ്യാൻ പാടത്തിറങ്ങില്ലെന്ന ഉഗ്ര താക്കീതോടെ തിരുവിതാംകൂറിലെ ആദ്യ കർഷക സമരത്തിന് 1905ൽ നേതൃത്വം നൽകിയതും മറ്റാരുമായിരുന്നില്ല. കർഷകത്തൊഴിലാളി മുന്നേറ്റത്തിന് വ്യക്തമായ ദിശാബോധം നൽകിയതിൽ ഈ സമരത്തിന് ചരിത്രപരമായ പങ്കുണ്ട്.
വർത്തമാനകാല ഇന്ത്യയിലും ചാതുർവർണ്യ വ്യവസ്ഥയുടെ പിന്തുടർച്ചക്കാരായ സംഘ്പരിവാർ നയിക്കുന്ന കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് തെരുവിലിറങ്ങിയ കർഷകരോടായിരുന്നു എന്നത് മറന്നുകൂടാ.
കർഷക സമരത്തിൽ നിന്നും ലഭിച്ച ഊർജവുമായി അനീതിക്കെതിരെ പോരാട്ടം തുടർന്ന അയ്യൻകാളി സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാനും, കല്ലുമാലയും, ഇരുമ്പുവളയങ്ങളും ധരിക്കുന്നത് ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. 1915ൽ കൊല്ലം പീരങ്കി മൈതാനത്ത് സമ്മേളിച്ച മഹാസഭ അയ്യൻകാളിയുടെ ആഹ്വാനത്താൽ പ്രചോദിതരായി കല്ലുമാലകൾ വലിച്ചെറിഞ്ഞത് വിപ്ലവകരമായ ഒരു സാമൂഹിക മുന്നേറ്റമായി.
1904ൽ വെങ്ങാനൂരിൽ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ച അയ്യൻകാളിക്ക് അന്ന് രാത്രി തന്നെ ആ കെട്ടിടം സവർണർ കൊളുത്തിയ തീയിൽ വെന്തെരിയുന്നതിന് സാക്ഷിയാകേണ്ടി വന്നു. പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുമായി എട്ടുവയസുകാരി പഞ്ചമിയെയുംകൊണ്ട് ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിലെത്തിയ അയ്യൻകാളി അധ്യാപകന്റെ തടസവാദം വകവയ്ക്കാതെ കുട്ടിയെ ക്ലാസിലിരുത്തി. എന്നാൽ വീണ്ടും സ്കൂളിന് തീവച്ചാണ് അയ്യൻകാളിയെ തോല്പിക്കാൻ അയിത്തകോമരങ്ങൾ ശ്രമിച്ചത്.
ശ്രീമൂലം പ്രജാസഭയിൽ അംഗമായിരിക്കെ അയ്യൻകാളി അവതരിപ്പിച്ച നിവേദനങ്ങളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ സാമൂഹിക‑രാഷ്ട്രീയ ബോധ്യങ്ങളുടെ മായാത്ത മുദ്രകളാണ്. തരിശുഭൂമി പതിച്ചുനൽകൽ, തൊഴിലധിഷ്ഠിത പഠനം, വിദ്യാഭ്യാസാവകാശം തുടങ്ങി അയ്യൻകാളി അവതരിപ്പിച്ച വിഷയങ്ങൾ സർവകാലികമാണ്. സ്കൂളുകളിൽ ഉച്ചഭക്ഷണം അനുവദിക്കണമെന്ന പ്രമേയം അയ്യൻകാളിയുടെ ദീർഘവീക്ഷണത്തിന് നിദർശനവും.
രാജ്യത്തെ പൊതുസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പട്ടിക വിഭാഗക്കാർക്ക് ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലൊക്കെ കേരളം ഏറെ മെച്ചപ്പെട്ട നിലയിലാണ്. 10 ബിഎക്കാരെ സ്വന്തം സമുദായത്തിൽ നിന്ന് കണ്ടിട്ട് മരിക്കണമെന്നായിരുന്നു അയ്യൻകാളി ആഗ്രഹിച്ചത്. എന്നാൽ കേരളത്തിൽ നിന്നും കഴിഞ്ഞ എട്ടു വർഷം കൊണ്ട് 800 ഓളം പട്ടിക — പിന്നാക്കവിഭാഗം കുട്ടികളെയാണ് ബിരുദാനന്തര പഠനത്തിനായി വിദേശത്തേക്ക് പൂർണ സ്കോളർഷിപ്പോടെ അയച്ചിട്ടുള്ളത്.
എംആർഎസ് സ്കൂളുകളിലുടെ മികച്ച വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നു. പട്ടികവർഗ സങ്കേതങ്ങളിലെ വീടുകളിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളുകളിലേക്കും തിരിച്ചും വാഹനങ്ങളിൽ എത്തിക്കുന്നു. പട്ടികജാതി വികസന വകുപ്പ് നടത്തുന്നതും ഓരോ അക്കാദമിക് വർഷവും 72 പട്ടികവിഭാഗം കുട്ടികൾക്ക് എംബിബിഎസ് പ്രവേശനം ഉറപ്പാക്കുന്നതുമായ പാലക്കാട് മെഡിക്കൽ കോളജ് രാജ്യത്തിന് തന്നെ മാതൃകയാണ്.
കേരള ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും, 1.45 ശതമാനം വരുന്ന പട്ടികവർഗ ജനവിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83ശതമാനം തുകയുമാണ് സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഇതേസമയം ദേശീയ ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് ബജറ്റിന്റെ 3.53 ശതമാനവും 8.6 ശതമാനം വരുന്ന പട്ടികവർഗ വിഭാഗത്തിന് 2.65 ശതമാനവും തുകയാണ് കേന്ദ്രസർക്കാർ മാറ്റിവയ്ക്കുന്നത്. ഇതൊരു ശതമാനക്കണക്ക് മാത്രമല്ല. രാഷ്ട്രീയ നയങ്ങളുടെയും നിലപാടുകളുടെയും പ്രതിഫലനമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ പട്ടികവിഭാഗത്തെ ഉന്നതിയിലേക്ക് ഉയർത്താൻ അഹോരാത്രം പരിശ്രമിക്കുമ്പോൾ സംഘ്പരിവാറിന്റെ ധൃതരാഷ്ട്രാലിംഗനം മാത്രമാണ് ദേശീയ സർക്കാരിൽ നിന്ന് ലഭിക്കുന്നത്.
സ്കോളർഷിപ്പുകളിലാണ് ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ പ്രധാന വെട്ടിക്കുറവ് വരുത്തിയത്. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് മുൻവർഷം പട്ടികജാതി വിഭാഗത്തിൽ 1078 കോടി രൂപ ഉണ്ടായിരുന്നത് ഇത്തവണ 921 കോടിയാക്കി. പിന്നാക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് 90 കോടിയിൽ നിന്ന് 50 കോടിയാക്കിയും കുറച്ചു. പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിലും കുറവുണ്ട്. പട്ടികവിഭാഗക്കാർക്ക് മികച്ച വിദ്യാഭ്യാസം കിട്ടാതിരിക്കാനുള്ള ആസൂത്രിത ശ്രമമായിട്ടുവേണം ഇതിനെ കാണാൻ.
എന്നാൽ കേരളത്തിലാകട്ടെ ഈ വെട്ടിക്കുറവുകളൊന്നും ബാധിക്കാതിരിക്കാൻ സംസ്ഥാന ബജറ്റിൽ അധിക പണം വകയിരുത്തി പദ്ധതികൾ തുടരുകയാണ്. അയ്യന്‍കാളിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ വളരെ ആത്മാർത്ഥതയോടെ ഈ സർക്കാർ സാക്ഷാത്ക്കരിക്കുകയാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പട്ടികവിഭാഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. ജോലിക്ക് കൂലി ചോദിച്ച ദളിതനെ തല്ലിക്കൊല്ലുന്നു, തൊഴിലാളിയെ തല്ലിച്ചതച്ച് തൂണിൽ കെട്ടിയിട്ട് ബിജെപി നേതാവ് തലയിൽ മൂത്രമൊഴിക്കുന്നു. ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുന്നു. ഏറ്റവും ഒടുവിൽ പട്ടികവിഭാഗ സംവരണവും അട്ടിമറിച്ച് 45 സെക്രട്ടറി തസ്തികകളിൽ തങ്ങളുടെ താല്പര്യ സംരക്ഷകരെ കുത്തി നിറയ്ക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചു. രാജ്യത്തെ ദളിത്-ആദിവാസി സംഘടനകളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഒറ്റക്കെട്ടായ പ്രതിഷേധത്തെത്തുടർന്നാണ് മോഡി സർക്കാരിന് ഈ നീക്കം പിൻവലിക്കേണ്ടി വന്നത്. പട്ടികവിഭാഗക്കാർക്ക് നിയമപരമായി ലഭിക്കേണ്ട ഓരോ സംവരണ അവസരങ്ങളും കേന്ദ്രസർക്കാർ ബോധപൂർവം നിഷേധിക്കുന്നതിന്റെ ഉദാഹരണമാണിത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുതുപാത വെട്ടിത്തെളിച്ച യുഗപ്രഭാവനാണ് അയ്യൻകാളി. അദ്ദേഹം കാണിച്ച ധീരതയും, സഹനവും നവകേരളത്തിലേക്ക് അതിവേഗം ചുവടുവയ്ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തീർച്ചയായും വഴികാട്ടുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിട്ട് ഈ സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൂടുതൽ ചേർത്തു നിർത്തുന്നതിൽ വിപ്ലവകരമായ പങ്കാണ് വഹിക്കുന്നത്. അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും ജാതിമത ചിന്തകളെയുമൊക്കെ തിരിച്ചുകൊണ്ടുവന്ന് മലയാളി മനസിനെ ഭിന്നിപ്പിച്ച് പിന്നോട്ടടിപ്പിക്കാൻ സംഘ്പരിവാർ ബോധ പൂർവമായ ശ്രമം നടത്തുകയാണ്. ഇക്കാര്യങ്ങൾ കൃത്യമായി മനസിലാക്കി അയ്യൻകാളിയടക്കമുള്ള നവോത്ഥാന നായകർ പകർന്നു നൽകിയ മതേതര ദർശനങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ നമുക്കാകണം. മഹാത്മ അയ്യൻകാളി ജയന്തിയുടെ സമകാലിക പ്രസക്തിയും അതുതന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.