മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അന്വേഷണം അവസാനിച്ചതായും വിചാരണ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി ആരോപണങ്ങളില്‍ കഴിഞ്ഞ മാർച്ചിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ അറസ്റ്റ് ചെയ്‌തത്. പിന്നീട് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. അഞ്ച് മാസത്തിലേറെയായി കവിത തിഹാര്‍ ജയിലില്‍ കഴിഞ്ഞുവരുകയായിരുന്നു. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അഞ്ച് മാസമായി അവർ ജയിലിലാണ്. അടുത്തുതന്നെ വിചാരണ പൂർത്തിയാകാനുള്ള സാധ്യത വിരളമാണ്. വിചാരണസമയത്തെ കസ്റ്റഡി ശിക്ഷയായി മാറരുതെന്ന് കോടതി വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും അന്വേഷണ ഏജൻസികളെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും കോടതിയില്‍ ഹാജരായി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 45 പ്രകാരം സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിഗണന ലഭിക്കാൻ കവിതയ്ക്ക് അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പിഎംഎൽഎയ്ക്ക് കീഴിൽ സ്ത്രീകൾക്കുള്ള ഇളവ് അനുസരിച്ച് വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് ജാമ്യത്തിന് അർഹതയില്ലെന്ന ഡൽഹി ഹൈക്കോടതി നിരീക്ഷണങ്ങളെ സുപ്രീം കോടതി തള്ളി.
ഡൽഹി ഹൈക്കോടതി ഉത്തരവ് നിയമമാകാൻ അനുവദിച്ചാൽ, വിദ്യാസമ്പന്നരായ ഒരു സ്ത്രീക്കും ജാമ്യം ലഭിക്കില്ല എന്ന് അര്‍ത്ഥം വരും. ഡൽഹിയുടെ അധികാരപരിധിയിലുള്ള എല്ലാ കോടതികൾക്കുമെങ്കിലും ഇത് ബാധകമാകും. എംപിയും സാധാരണക്കാരനും തമ്മിൽ വ്യത്യാസം പാടില്ല എന്ന നിലപാടാണ് കോടതികൾ സ്വീകരിക്കേണ്ടത്. നിയമത്തിൽ ഇല്ലാത്ത ഒരു കൃത്രിമ വിവേചനാധികാരം കണ്ടെത്തുകയാണ് ഡൽഹി ഹൈക്കോടതി ചെയ്തതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇഡിക്ക് രൂക്ഷ വിമര്‍ശനം
മദ്യനയക്കേസില്‍ ഇഡിയും സിബിഐയും പുലര്‍ത്തുന്ന സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേസിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിയിക്കാൻ ശ്രമിച്ചതെന്ന് കോടതി ആരാഞ്ഞു. വിചാരണ നീതിയുക്തമാകണം. സ്വയം കുറ്റം സമ്മതിച്ചയാളെ സാക്ഷിയാക്കി. നാളെ നിങ്ങളുടെ ഇഷ്ടം പോലെ ആരെയെങ്കിലും പ്രതിയായി കൊണ്ടുവരുമോ? നിങ്ങള്‍ക്ക് ഇഷ്ടം പോലെ പ്രതിയെ തിരഞ്ഞെടുക്കാനാവില്ല. വളരെ ന്യായവും ഔചിത്യബോധത്തോടെയുമാകണമെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.