27 September 2024, Friday
KSFE Galaxy Chits Banner 2

തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക

എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്ത വേദി കേന്ദ്ര സർക്കാരിന് നൽകിയ നിവേദനം
Janayugom Webdesk
September 1, 2024 4:45 am

തൊഴിലാളി, ഉടമ, സർക്കാർ പ്രതിനിധികളടങ്ങുന്ന ത്രികക്ഷി സംവിധാനമായ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) കഴിഞ്ഞ ഒമ്പതു വർഷമായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയിട്ടില്ല. 2015ലാണ് അവസാനമായി ചേർന്നത്. നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികളും പുതിയ നിർദേശങ്ങളും നടപ്പിലാക്കപ്പെടേണ്ടത് ഐഎൽസിയിലെ ചർച്ചകളുടെയും തീരുമാനങ്ങളടെയും അടിസ്ഥാനത്തിലാണ്. എന്നാൽ യോഗം ചേരാതെ ഏകപക്ഷീയമായി നിയമങ്ങളും വിജ്ഞാപനങ്ങളും പുറപ്പെടുവിക്കുകയാണ്. 29 കേന്ദ്ര നിയമങ്ങൾ ഏകോപിപ്പിച്ച് മൂന്ന് തൊഴിൽ കോഡുകളാക്കാനുള്ള നിർദേശം ഐഎൽസി പരിഗണിക്കാതെയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. മൂന്ന് തൊഴിൽ കോഡുകളും പാസാക്കിയെടുത്തതാകട്ടെ രാജ്യം കോവിഡിന്റെ പിടിയിലമർന്ന വേളയിലും. എല്ലാത്തിനുമുപരി പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ച സമയത്താണ് തൊഴിൽകോഡുകൾ അവതരിപ്പിച്ചത് എന്നതിനാൽ അവിടെയും വിശദമായ ചർച്ചകൾ നടന്നില്ല. ഭരണവിഭാഗം നിർദേശിക്കുകയും പാസാക്കിയെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അവിടെ നടന്നത്. അതുകൊണ്ട് തൊഴിൽ കോഡുകൾ റദ്ദാക്കുകയും ഐഎൽസി വിളിച്ചുകൂട്ടി ചർച്ച ചെയ്ത് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതിനുശേഷം മാത്രമേ നിയമങ്ങളിൽ മാറ്റം വരുത്താവൂ എന്നാണ് കേന്ദ്ര തൊഴിലാളി സംഘടനകളുടെ നിലപാട്. അതുപോലെ തന്നെ വളരെ പ്രധാന പ്രശ്നമാണ് തൊഴിലിടങ്ങളിലെ സുരക്ഷ. ഓരോ ദിവസവും ജോലിസ്ഥലങ്ങളിൽ വച്ച് തൊഴിലാളികൾ മരിക്കുകയോ പരിക്കേൽക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്യുന്നുണ്ട്. അവരിൽ മഹാഭൂരിപക്ഷവും കരാർ തൊഴിലാളികളും കുടുംബത്തിന്റെ ഏക വരുമാന സ്രോതസുമാണ്. എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ അവരുടെ കുടുംബങ്ങൾ നിലനില്പിനായി പ്രയാസപ്പെടുന്നു. അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷ (ഐഎൽഒ) ന്റെ രണ്ട് കൺവെൻഷനുകളെങ്കിലും (155, 187) തൊഴിലിടങ്ങളിലെ അവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുകയും 2022ലെ സമ്മേളനത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. തൊഴിൽസുരക്ഷയും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച ഏതെങ്കിലും നിയമങ്ങൾ രൂപീകരിക്കുമ്പോൾ ഈ കൺവെൻഷനുകളുടെ നിർദേശങ്ങൾ പരിഗണിക്കേണ്ടതാണ്. ഇവ സംബന്ധിച്ച് ഐഎൽഒ സമ്മേളനം നിർദേശിച്ച കാര്യങ്ങളും നടപ്പിലാക്കപ്പെടണം. പൊതുമേഖലാ സംരംഭങ്ങൾ നമ്മുടെ രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും പൊതുസേവനങ്ങളുടെയും സ്വകാര്യവൽക്കരണം, ഓഹരി വില്പന എന്നിവയ്ക്കായുള്ള നടപടികൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് ഹാനികരമാണ്. ദേശീയ ആസ്തികൾ തിരഞ്ഞെടുത്ത കോർപറേറ്റുകൾക്ക് വിൽക്കുന്നതിനുള്ള മറ്റൊരു ഉപകരണമാണ് ദേശീയ ധന സമ്പാദന പൈപ്പ്‌ലെെൻ (നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലെെൻ — എൻഎംപി) പദ്ധതി. അതുകൊണ്ട് റെയിൽവേ, റോഡ് ഗതാഗതം, കൽക്കരി ഖനി, ഇതര ഖനനം, തുറമുഖം, പ്രതിരോധം, വൈദ്യുതി, തപാൽ, ടെലികോം, ബാങ്കുകൾ, ഇൻഷുറൻസ് എന്നിങ്ങനെ മേഖലകളുടെ സ്വകാര്യവൽക്കരണം നിർത്തലാക്കുകയും ദേശീയ എൻഎംപി ഉപേക്ഷിക്കുകയും ചെയ്യണം. പ്രതിരോധ മേഖലയിലെ 41 ഓർഡനൻസ് ഫാക്ടറികളെ ഏഴ് കമ്പനികളാക്കി മാറ്റി. വീണ്ടും ഇത് മൂന്ന് കോർപറേഷനുകളാക്കുന്നതിനാണ് ആലോചിക്കുന്നത്. പ്രതിരോധ മേഖല രാജ്യ സുരക്ഷയ്ക്ക് അത്യാവശ്യമായതിനാൽ സർക്കാർ മേഖലയിൽ തന്നെ നിലനിർത്തുകയും ഓർഡനൻസ് ഫാക്ടറികൾ കോർപറേഷനുകളാക്കുന്ന നടപടി ഉപേക്ഷിക്കുകയും വേണം. വളരെ പരിമിതമായ കുറഞ്ഞ വേതന വ്യവസ്ഥയാണ് രാജ്യത്ത് പല മേഖലകളിലും നിലവിലുള്ളത്. 15-ാം ഐഎൽസി ശുപാർശ പ്രകാരമുള്ള കണക്കനുസരിച്ച് കുറഞ്ഞ വേതനമോ ഒരുകേസിലുണ്ടായ (റാപ്കോസ് കേസ്) സുപ്രീം കോടതിയുടെ ശുപാർശയോ പോലും നടപ്പാക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ 26,000 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കുകയും വിലസൂചികയനുസരിച്ച് പരിഷ്കരണം നടപ്പിലാക്കുകയും എട്ടാം ശമ്പള കമ്മിഷൻ എത്രയും വേഗം രൂപീകരിക്കുകയും ചെയ്യണം. തൊഴിൽനഷ്ടവും നിലവിലുള്ള തസ്തികകളിൽ നിയമനം നടത്താതിരിക്കുന്നതും കാരണം ഭയാനകമായി വളരുന്ന തൊഴിലില്ലായ്മ ആശങ്കപ്പെടുത്തുന്നതാണ്. കരാർ, പുറംകരാർ, ദിവസക്കൂലി എന്നിവ വ്യാപകമായി നടപ്പിലാക്കപ്പെടുന്നു. തൊഴിലാളികളുടെ ജീവിതത്തിൽ അനിശ്ചിതത്വം കൊണ്ടുവരുന്നതിനുള്ള മറ്റൊരു മാർഗമാണ് നിശ്ചിത കാല (ഫിക്സഡ് ടേം) തൊഴിൽ എന്നത്. അതുകൊണ്ട് നിശ്ചിത കാല തൊഴിൽ രീതി അവസാനിപ്പിക്കുകയും അനുവദിക്കപ്പെട്ട തസ്തികകളിലും റദ്ദാക്കപ്പെട്ട തസ്തികകൾ പുനരുജ്ജീവിപ്പിച്ചും നിയമനം നടത്തുന്നതിന് നടപടികളുണ്ടാകണം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് സർക്കാരിന്റെ മുൻഗണനയാക്കുകയും അഗ്നിപഥ് പദ്ധതി വേണ്ടെന്നുവച്ച് സാധാരണ സൈനികനിയമനം എത്രയും വേഗം ആരംഭിക്കുകയും ചെയ്യണം. എട്ടുമണിക്കൂർ ജോലിയെന്ന അവകാശം തൊഴിലാളി സംഘടനകളുടെ നീണ്ടകാല പോരാട്ടത്തിന്റെ ഫലവും ഐഎൽഒ ആദ്യം തന്നെ അംഗീകരിച്ചതുമാണ്. അതിന്റെ ലംഘനം അവസാനിപ്പിക്കുകയും തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുകയും വേണം. ഗൗരവമായ ശ്രദ്ധ ആവശ്യമാണെങ്കിലും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കണം. അടിസ്ഥാന പൗര സേവനങ്ങൾ ഇല്ലാതാകുന്നത് തൊഴിലാളി വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കുള്ള ആരോഗ്യ ആനുകൂല്യങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്. പെൻഷൻ അവകാശമാക്കുകയും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുകയും മാന്യമായി ജീവിക്കുന്നതിനാവശ്യമായ പെൻഷൻ ആനുകൂല്യങ്ങൾ എല്ലാ മുതിർന്ന പൗരന്മാർക്കുമായി വ്യാപിപ്പിക്കുകയും ചെയ്യണം. ഇതിനായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക. ഇപിഎസിന് കീഴിൽ വരുന്നവർക്ക് കുറഞ്ഞ പെൻഷൻ തുക 9,000 രൂപയാക്കുകയും ഒരു പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്തവർക്കായി കേന്ദ്ര — സംസ്ഥാന വിഹിതം ഉപയോഗിച്ച് പ്രത്യേക ഫണ്ട് രൂപീകരിച്ച് 6000 രൂപ പ്രതിമാസ പെൻഷൻ നൽകുകയും ചെയ്യണം. 1966ലെ ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമ സെസ് നിയമം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് 75 ലക്ഷം ബീഡിത്തൊഴിലാളികൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കാതെ കാത്തിരിക്കുകയാണ്. ഈ തൊഴിലാളികളെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനുമായി (ഇഎസ്ഐസി) ബന്ധിപ്പിക്കണം. 71 ദശലക്ഷത്തിലധികം നിർമ്മാണത്തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും സമഗ്രമായ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനായി അവരെയും ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണം. ഇതിനായുള്ള വിഹിതം ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ (ബിഒസിഡബ്ല്യു) ബോർഡിൽ സെസായി സമാഹരിക്കുന്ന തുകയിൽ നിന്ന് ഉപയോഗിക്കണം. 2020ലെ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബിഒസിഡബ്ല്യു ക്ഷേമ ബോർഡുകളിൽ ഏകദേശം 38,000 കോടി രൂപ ഉപയോഗിക്കാതെ കിടക്കുകയാണ്. നിർമ്മാണത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങള്‍ തൊഴിലിടങ്ങൾ മാറുന്നതിനനുസരിച്ച് അതാതിടങ്ങളില്‍ ലഭിക്കുന്നതിന് സഹായകമാകുന്ന വിധത്തിലുള്ള രജിസ്ട്രേഷൻ സംവിധാനം ഉറപ്പാക്കണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 27.88 കോടിയിലധികം പേർ ഇ‑ശ്രമം പോർട്ടലിൽ രജിസ്ട്രേഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അസംഘടിത തൊഴിലാളികൾക്കായി ആരോഗ്യസംരക്ഷണം, പ്രസവാനുകൂല്യം, കുട്ടികൾക്കുള്ള വിദ്യാഭ്യാസം, ഇൻഷുറൻസ് എന്നിങ്ങനെ അടിസ്ഥാന സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന പോളിസികൾ രൂപപ്പെടുത്തുന്നതിനും വിതരണം ചെയ്യുന്നതിനും ഇ‑ശ്രമം ഉപയോഗിക്കേണ്ടതുണ്ട്. അതിനായി സാമൂഹിക സുരക്ഷാ പദ്ധതികൾ ആരംഭിക്കുന്നതിന് കേന്ദ്ര‑സംസ്ഥാന തലങ്ങളിൽ നിന്ന് ഫണ്ട് ലഭ്യമാക്കേണ്ടതുമുണ്ട്. വിവിധ ക്ഷേമ പരിപാടികൾക്കായി ഒരു കോടിയിലധികം തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. അവരെ സന്നദ്ധപ്രവർത്തകർ എന്ന് വിളിക്കുകയും ഓണറേറിയം മാത്രം നൽകുകയുമാണ്. ഇത്തരത്തിലുള്ള, സ്കീം വർക്കർമാർ‑അങ്കണവാടി, ആശ, ഉച്ചഭക്ഷണം, ആശാ കിരൺ തുടങ്ങിയവര്‍ക്ക് — തൊഴിലാളി പദവി നൽകാനുള്ള ഐഎല്‍സി ശുപാർശയും അവരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരുന്നതും നടപ്പിലാക്കണം. തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളും നാശനഷ്ടങ്ങളും നികത്താൻ ഒരു കാലാവസ്ഥാ പ്രതിരോധനിധി രൂപീകരിക്കണം. പ്രയാസകരമായ ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും വരുമാന നഷ്ടം നികത്താനും ഇത് സഹായകമായിരിക്കും. കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള ദേശീയ നയം അടിയന്തരമായി പ്രഖ്യാപിക്കണം. അന്തർസംസ്ഥാന കുടിയേറ്റ നിയമം 1979 പുനരവലോകനം ചെയ്ത് ശക്തിപ്പെടുത്തുകയും നടപ്പിലാക്കുകയും വേണം. കുടിയേറ്റ നയങ്ങളിലും അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണ നിലപാടുകളിലും മാറ്റങ്ങൾ അനിവാര്യമാണ്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിൽ, 43-ാം ഐഎൽസിയുടെ ഏകകണ്ഠ ശുപാർശ പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലെ നഗരപ്രദേശങ്ങളിൽ സുരക്ഷിത തൊഴിൽ പദ്ധതി ആവശ്യമാണ്. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ഐഎൽഒ കൺവെൻഷൻ സർക്കാർ അംഗീകരിക്കുകയും വേതനം, സാമൂഹിക സുരക്ഷ, ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് അനുസൃതമായി നിയമങ്ങൾ ഉണ്ടാക്കുകയും വേണം. (എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്ത വേദി കേന്ദ്ര സർക്കാരിന് നൽകിയ നിവേദനം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.