സമാധാനത്തിന്റെ സന്ദേശം പങ്കുവെച്ചു ലോകമെങ്ങും ടൂറിസം ദിനം ആഘോഷിക്കുമ്പോൾ വയനാട് വിളിക്കുന്നു കാഴ്ച്ചകളുടെ പറുദീസയുമായി. മനോഹരമായ ഭൂപ്രകൃതി കൊണ്ട് ലോകത്തെ വിരുന്നുവിളിച്ച നാടാണ് വയനാട് . ഒട്ടേറെപേരുടെ മനം കവർന്ന താമരശ്ശേരി ചുരത്തിലും പൂക്കോട് തടാകത്തിലുമൊന്നും ഇപ്പോൾ സഞ്ചാരികളില്ല. മുണ്ടകൈ-ചൂരൽമല ഉരുൾ പൊട്ടലിന് ശേഷം മരവിപ്പിലായ ടൂറിസം മേഖലയെ തിരികെ പിടിക്കാൻ നിരവധി പദ്ധതികളാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത്. ആരെയും കൊതിപ്പിക്കുന്ന കാലാവസ്ഥയാണ് വയനാടിന്റെ പ്രധാന പ്രത്യേകത . രാജ്യത്തെ ടൂറിസത്തിന്റെ ഏറ്റവും മനോഹരമായ 10 ഇടങ്ങളിൽ ഒന്നായി വയനാട് മാറിയിട്ടുണ്ട്. ഇവിടത്തെ വരുമാനത്തിന്റെ 25 ശതമാനവും ഇന്ന് ടൂറിസം മേഖലയിൽനിന്നാണ് ലഭിക്കുന്നത്. ടൂറിസത്തെ പ്രധാന വരുമാനമായും ഉപജീവനമായും കാണുന്ന ആയിരങ്ങളുണ്ട് ജില്ലയിൽ. എന്നാൽ ജൂലൈ 30ലെ ഉരുൾ ദുരന്തം ജില്ലയുടെ ടൂറിസം മേഖലയെ പാടെ തകർത്തു. വയനാട് പൂർണമായും തകർന്നു എന്ന പ്രചാരണം ഇവിടത്തെ ടൂറിസത്തെ ചെറുതായല്ല ബാധിച്ചത്. ദുരന്തമുണ്ടായതിനുശേഷം 22 ദിവസത്തിനുള്ളില്‍ 20 കോടിയലധികം രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധ മേഖലകള്‍ക്കും ഉണ്ടായതെന്നാണ് കണക്കുകൾ.
വയനാട്ടിൽ വന്യജീവി ആക്രമണം രൂക്ഷമായതോടെ അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്.വനം വകുപ്പിനു കീഴിലുള്ള കുറുവാദ്വീപ് ഉൾപ്പടെയുള്ള എട്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. കനത്ത മഴയിൽ ഡിടിപിസിയുടെ കീഴിലുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരുന്നു. പിന്നീട് പലതും തുറന്നെങ്കിലും സമയ ക്രമത്തിലും ദിവസേനയുള്ള സഞ്ചാരികളുടെ എണ്ണത്തിലും ഇതുവരെ പൂർവസ്ഥിതി ആയിട്ടില്ല. എത്രയും വേഗം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിച്ചാൽ മാത്രമേ സഞ്ചാരികളുടെ എണ്ണം കൂടൂവെന്നാണ് ഈ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്.
പ്രണയിനികളുടെയും സാഹസികരുടെയും ഇഷ്ട കേന്ദ്രമാണ് ചെമ്പ്രകൊടുമുടിയിലെ ഹൃദയ തടാകം. വയനാട്ടിലെ ഏറ്റവും ഉയരമുള്ള മലകളിലൊന്നായ ചെമ്പ്ര, സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ (6890 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. പശ്ചിമഘട്ട മേഖലയിലെ വയനാടന്‍ കുന്നുകളും തമിഴ് നാട്ടിലെ നീലഗിരി മലകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ചെമ്പ്രമല. മേപ്പാടിയില്‍ നിന്നും ചെമ്പ്ര കൊടുമുടിയിലേക്ക് കാട്ടിലൂടെയുള്ള മനോഹരമായ ഒരു നടപ്പാതയുണ്ട്. പുല്‍മേടുകളും പശ്ചിമഘട്ട മലനിരകളുമൊക്കെ ആസ്വാദിച്ചുള്ള ചെമ്പ്ര മല ട്രെക്കിംഗ് നല്ലൊരു അനുഭവമാണ്. തെക്കന്‍ വയനാട്ടില്‍ മേപ്പാടിക്കടുത്താണ് 2100 മീറ്റര്‍ ഉയരമുള്ള ചെമ്പ്രമുടിക്ക് സവിഷേതകളേറെ. മലബാര്‍ മേഖലയിലെ ഏറ്റവും ഉയരമുള്ള മുടികളില്‍ ഒന്നാണിത്. ചെമ്പ്രമുടി കയറി ഇറങ്ങുന്നത് ഏകദേശം ഒരു ദിവസത്തെ അദ്ധ്വാനമാണ്. കയറുമ്പോള്‍ പ്രകൃതിയില്‍ വരുന്ന മാറ്റങ്ങളും ഉയരങ്ങളില്‍ നിന്നു ലഭിക്കുന്ന വയനാടന്‍ ദൃശ്യങ്ങളും പ്രധാന പ്രത്യേകതയാണ് .
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളിൽ ഒന്നായ നീലിമല പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മനോഹരമാണ്. നീലിമല വ്യൂപോയിന്റിലെ കാഴ്‌ചകൾ സഞ്ചാരികളെ ആകർഷിക്കുന്നു . നീലിമല വ്യൂപോയിന്റ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. ഇവിടെ നിന്ന് നോക്കിയാൽ പ്രശസ്‌തമായ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ അതീവ ഭംഗിയുള്ള കാഴ്‌ച്ചകൾ കാണാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വയനാടിന്റെ തെക്കു കിഴക്കന്‍ ഭാഗത്താണ് നീലിമല. കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരി ഭാഗത്തു നിന്നോ നീലിമല കയറാം. നിരവധി ചാലുകള്‍ ഉള്ള നീലിമല കയറാന്‍ നിരവധി സാഹസിക നടത്തത്തിന് സാധ്യതകളും ഉണ്ട്. ഇവിടുത്തെ ട്രെക്കിംഗ് അനുഭവവും വ്യത്യസ്‌തമാണ്. വയനാട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെ വടുവൻചാലിന് സമീപമാണ് നീലിമല വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്. പച്ച പുതച്ച വനങ്ങളിലൂടെയും സുഗന്ധമുള്ള കാപ്പിത്തോട്ടങ്ങളിലൂടെയും നീളുന്ന ഈ പാത ആനയിക്കുന്നത് നീലിമലയുടെ മുകൾ ഭാഗത്തേക്കാണ്. ഇത് കടന്ന് മുകളിലേക്ക് എത്തുമ്പോൾ പർവതങ്ങളുടെ തല മേഘങ്ങളിൽ തട്ടുന്ന കാഴ്‌ചയാവും സഞ്ചാരികളെ കാത്തിരിക്കുന്നത്.
വയനാട് ജില്ലയില്‍ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ് കബനി നദിയുടെ പോഷക നദിയില്‍ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗര്‍ ഡാം . ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം എന്ന പദവിയും ഈ ബാണാസുര സാഗര്‍ ഡാമിനാണ്. കൂടാതെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഡാമും ഇത് തന്നെയാണ്. കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറേത്തറ എന്ന സ്ഥലത്തുള്ള കരമനത്തോടിന് കുറുകെയാണ് ഈ ഡാം പണി കഴിച്ചിട്ടുള്ളത്. 1979 ല്‍ പണി ആരംഭിച്ച ഈ അണക്കെട്ട് 2004 ല്‍ പണി പൂര്‍ത്തിയാക്കി. കോഴിക്കോട് ജില്ലയിലെ കക്കയം ജലവൈദ്യുത പദ്ധതിക്ക് വെള്ളം എത്തിക്കുന്നതിനും ജലസേചനത്തിനുമായാണ് ഈ അണക്കെട്ട് പ്രധാനമായും നിര്‍മ്മിച്ചത്. എന്നാല്‍ പദ്ധതികള്‍ പലതും നടന്നില്ലെങ്കിലും പിന്നീട് ഇതൊരു ടൂറിസ്റ്റ് സ്പോര്‍ട് ആയി മാറുകയാണ് ഉണ്ടായത്. ഹിന്ദു പുരാണങ്ങളിലെ ബാണാസുരന്‍ എന്ന അസുരന്റെ പേരിലുണ്ടായ മലയുടെ കീഴില്‍ പണി കഴിപ്പിച്ചതിനാല്‍ ആണ് ഈ അണക്കെട്ടിന് ബാണാസുര സാഗര്‍ അണക്കെട്ട് എന്നു പേര് ലഭിച്ചത്. ബാണാസുര സാഗര്‍ ഡാം തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച, കൂടാതെ ബാണാസുര മല നിരകളും വെള്ളത്തില്‍ മുങ്ങിയ മൊട്ടക്കുന്നുകളും പച്ചപ്പും ചേര്‍ന്ന് ഒരു സുന്ദര കാഴ്ച തീര്‍ക്കുന്നു. നടക്കുവാനുള്ള വിശാലമായ പാതയും ഇരുവശവും നട്ടു പരിപാലിക്കുന്ന ചെടികളും ഈ ഡാമിന് ചുറ്റുമുള്ള കാഴ്ചകളാണ്. പിന്നെ അങ്ങിങ്ങായി ചെറിയ കൂടാരകടകളും ഇരിപ്പിടങ്ങളും കാണാം.
വെള്ളാനകളുടെ നാട് എന്ന സിനിമയിലൂടെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗിലൂടെ ജനമനസ്സിൽ കയറിയ ചുരമാണ് താമരശ്ശേരി ചുരം . വയനാട്ടിലേക്ക് പ്രവേശന കവാടമൊരുന്നതും ഈ ചുരമാണ് . പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന താമരശ്ശേരി ചുരം. കോഴിക്കോട് — വയനാട് — മൈസൂർ ദേശീയപാത 212 ലാണ് സ്ഥിതി ചെയ്യുന്നത് . അടിവാരത്തു നിന്നും ആരംഭിച്ച്, വയനാടിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ലക്കിടിയിൽ ആണ് അവസാനിക്കുന്നത്ന്നു. മലമടക്കുകളിലൂടെ 9 ഹെയർപിൻ വളവുകൾ താണ്ടി, സമുദ്ര നിരപ്പിൽനിന്നും 2700 അടിയോളം ഉയരത്തിലേക്ക് കയറുമ്പോൾ, ഇരുവശത്തും നിറഞ്ഞുനിൽക്കുന്ന വനത്തിന്റെ ഭംഗിയും, താഴെയുള്ള അഗാധമായ കൊക്കകളുടെ ഭയാനകതയും കാഴ്ചക്കാർക്ക് വിസ്മയമൊരുക്കുന്നു . 14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്.5 കിലോമീറ്റർ അകലെയുള്ള വൈത്തിരി ആണ് ലക്കിടിക്ക് സമീപത്തെ പ്രധാന പട്ടണം
സമുദ്ര നിരപ്പിൽ നിന്നും 1200 അടി മുകളിലായാണ് എടയ്ക്കൽ ഗുഹകൾ സ്ഥിതി സ്ഥിതി ചെയ്യുന്നത്. ഈ ഗുഹക്കുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രങ്ങൾ, കൊത്തുപണികൾ എന്നിവ ആ പ്രദേശത്തെ പുരാതന മനുഷ്യവാസികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. എടയ്ക്കൽ ഗുഹയുടെ ഉത്ഭവം നിഗൂഢതനിറഞ്ഞതാണ് . 1895 ൽ കണ്ടെത്തിയതിനു ശേഷം ടൂറിസ്റ്റുകൾക്കും ചരിത്രകാരന്മാർക്കും ഒരുപോലെ അതിശയകരമാണ് ഈ ഗുഹ . കൊത്തുപണികൾ ധാരാളമുണ്ട് . മനുഷ്യഗണങ്ങൾ, മൃഗങ്ങൾ, ഉപകരണങ്ങൾ, വാഹനങ്ങൾ, ദൈനംദിന സംഭവങ്ങൾ, സ്ക്രിപ്റ്റുകൾ എന്നിവ വിവിധ ഭാഷാ ലിപികളിലും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ എക്കൽക്കൽ ഗുഹകൾ നിരവധി തവണ വസിച്ചിരുന്നതായി കൊത്തുപണികൾ സൂചിപ്പിക്കുന്നു. ഇവയിൽ 6000 ബി സി വരെ പഴക്കമുള്ളതുമുണ്ട് . എടക്കൽ എന്ന സ്ഥലത്ത് കൊത്തുപണികൾ മാത്രമല്ല പുരാതന മൺപാത്രങ്ങളും മൺപാത്രങ്ങളും ധാരാളമായി ശേഖരിച്ചിട്ടുണ്ട്. വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ ഇപ്പോൾ കണ്ടെത്തിയ പല കരകൗശലവസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്.
ലക്കിടിയിലെ ചങ്ങലമരത്ത് പറയാനുള്ളത് ചതിയുടെ കഥ. 1750–1799 കാലഘട്ടത്തിലാണ് ഈ കഥ നടന്നതായി പറയപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ പറുദീസയായ വയനാട് ബ്രിട്ടീഷുകാരുടെ സ്വപ്നഭൂമിയായിരുന്നു . എന്നാല്‍, കോഴിക്കോട് നിന്നും വയനാട്ടിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമായിരുന്നില്ല. മൈസൂരിലേക്ക് പോകാനുള്ള എളുപ്പവഴിയും ഇതോടെ തെളിയും എന്നതിനാല്‍ ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാന്‍ എളുപ്പമാകും എന്നും അവര്‍ കണക്കുകൂട്ടി. പലവഴിയും പരീക്ഷിച്ചെങ്കിലും എല്ലാം പരാജയത്തില്‍ അവസാനിക്കുകയാണ് ഉണ്ടായത്. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് നോക്കി നടക്കുന്ന ബ്രിട്ടീഷുകാരുടെ മുന്നിലേക്ക് ഒരു ആദിവാസി യുവാവെത്തി. വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയ ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കരിന്തണ്ടന്‍. കാടിനെ കൈവെള്ളയിലെ രേഖ പോലെ അറിയാവുന്ന കരുത്തനായ യുവാവ്. അങ്ങനെ, കരിന്തണ്ടന്റെ സഹായത്തോടെ അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള വഴി അവര്‍ കണ്ടെത്തി. എന്നാല്‍ മറ്റൊരപകടം അവിടെ കരിന്തണ്ടനെ കാത്തിരിപ്പുണ്ടായിരുന്നു. വെറുമൊരു ആദിവാസിയുടെ സഹായത്തോടെയാണ് തങ്ങള്‍ ഈ ചരിത്രവിജയം നേടിയതെന്ന് മാലോകരറിഞ്ഞാല്‍ എന്തു കരുതുമെന്നായിരുന്നു കുടിലന്മാരായ ബ്രിട്ടീഷുകാരുടെ ചിന്ത. കരിന്തണ്ട ഈ വഴി മറ്റുള്ളവര്‍ക്ക് കൂടി കാണിച്ചു കൊടുത്താലോ എന്നും അവര്‍ ചിന്തിച്ചു. അങ്ങനെയാണ് കരിന്തണ്ടനെ അവർ കൊന്നു തല്ലിയെന്നാണ് ഐതിഹ്യം .എന്നാല്‍ മരണപ്പെട്ട യുവാവിന്റെ ആത്മാവ് അവിടം വിട്ടു പോയില്ല എന്നാണ് വിശ്വാസികൾ കരുതുന്നത് . ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കരിന്തണ്ടന്റെ പ്രേതം അവിടെയെങ്ങും അലഞ്ഞു നടന്നുവത്രേ . ഒടുവില്‍ എവിടെ നിന്നോ ഒരു മന്ത്രവാദിയെ കൊണ്ടുവന്ന് ആ ആത്മാവിനെ ലക്കിടിയിലെ തന്നെ ഒരു മരത്തില്‍ ചങ്ങലയില്‍ ബന്ധിച്ചു. ആ മരം പിന്നീട് ‘ചങ്ങലമരം’ എന്ന പേരില്‍ അറിയപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.