28 September 2024, Saturday
KSFE Galaxy Chits Banner 2

കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങും: ഹ്രസ്വകാല കരാറുകള്‍ക്ക് അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
September 28, 2024 12:24 pm

ആറുമാസത്തേക്ക് കുറഞ്ഞ നിരക്കില്‍ പ്രതിഭാസം 200 മുതല്‍ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകള്‍ക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയും ഏപ്രിലിലുമാണ്‌ കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭിക്കുക. കരാർ പ്രകാരം ഓരോമാസവും വിവിധ സ്ഥാപനങ്ങളിൽനിന്ന്‌ വൈദ്യുതി വാങ്ങും.

ഒക്ടോബറിൽ യൂണിറ്റിന് 6.09 – 6.10 രൂപ നിരക്കിൽ നാലു സ്ഥാപനങ്ങളിൽനിന്നും 325 മെഗാവാട്ട് വാങ്ങാം. നവംബറിൽ അഞ്ചു സ്ഥാപനങ്ങളിൽനിന്നും 5.45– 5.69 രൂപ നിരക്കിൽ 400 മെഗാവാട്ടും ഡിസംബറിൽ 5.45–5.69 രൂപ നിരക്കിൽ അഞ്ചു കമ്പനികളിൽനിന്നും 400 മെഗാവാട്ടും വാങ്ങാം. 2025 ജനുവരിയിൽ നാലു സ്ഥാപനങ്ങളിൽനിന്നും 5.69 – 5.72 രൂപ നിരക്കിൽ 400 മെഗാവാട്ടും ഫെബ്രുവരിയിൽ മൂന്നു സ്ഥാപനങ്ങളിൽനിന്നും 5.87–5.88 രൂപ നിരക്കിൽ 200 മെഗാവാട്ടും ഏപ്രിലിൽ നാലു കമ്പനികളിൽ നിന്നായി 6.24– 7.23 രൂപ നിരക്കിൽ 695 മെഗാവാട്ടും വാങ്ങാനാണ് കെഎസ്ഇബിക്ക്‌ അനുമതി നൽകിയത്.

ഏപ്രിലിൽ വൈദ്യുതി ലഭ്യതയിൽ 24.8 ശതമാനം വരെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി കമീഷനെ അറിയിച്ചു. വൈദ്യുതി താരിഫ് പരിഷ്‌ക്കരണ നടപടികൾ പൂർത്തിയാക്കാൻ ഏതാനും ആഴ്‌ചകൾകൂടി ആവശ്യമുള്ളതിനാൽ നിലവിലെ വൈദ്യുതി നിരക്കുകൾ ഒക്ടോബർ 31 വരെ തുടരാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവിട്ടു. 2023 നവംബർ ഒന്നിന് നിലവിൽ വന്ന താരിഫാണ് ഇപ്പോഴുള്ളത്. ഇതിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.