22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024

കയറ്റുമതി നിരോധനം നീക്കി കേന്ദ്രം;അരി വില ഉയരും

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2024 10:29 pm

ബസുമതി ഇതര അരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി കേന്ദ്രസര്‍ക്കാര്‍. പുഴുക്കലരിയുടെ കയറ്റുമതി തീരുവയിലും സര്‍ക്കാര്‍ കുറവു വരുത്തി. മുമ്പ് 20 ശതമാനമായിരുന്ന തീരുവ 10 ശതമാനമായി താഴ്ത്തി. കയറ്റുമതിക്ക് മെട്രിക് ടണ്ണിന് 490 യുഎസ് ഡോളർ അടിസ്ഥാനവില നിശ്ചയിച്ചതായും സർക്കാർ ഉത്തരവിൽ പറയുന്നു. അതേസമയം ആഭ്യന്തര വിപണിയില്‍ അരിവില ഉയരാന്‍ നീക്കം ഇടയാക്കും. ഹരിയാന ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പെട്ടെന്നുള്ള തീരുമാനമെന്നാണ് സൂചന. 2023 ജുലൈയിലാണ് ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബസുമതി ഇതര അരിക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. ഖാരിഫ് സീസണില്‍ ഉല്പാദനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലും കര്‍ഷകരുടെ അതൃപ്തിയും പുതിയ തീരുമാനത്തിലേക്ക് നയിക്കുന്നതിന് കാരണമായി. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന, ഒഡിഷ, ഛത്തീസ്ഗഢ് എന്നിവയാണ് രാജ്യത്തെ പ്രധാന അരി ഉല്പാദക സംസ്ഥാനങ്ങൾ. കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം തങ്ങൾക്ക് ഗുണകരമാവുമെന്ന് അരി കയറ്റുമതിക്കാർ പറയുന്നു.

അതേസമയം അരിക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയാകും. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25 ശതമാനവും ബസുമതി ഇതര വെള്ള അരിയാണ്. ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധനം രാജ്യത്ത് അരി വില കുറഞ്ഞുനില്‍ക്കുന്നതിന് കാരണമാകും. ആഗോള അരി കയറ്റുമതിരംഗത്ത് മുന്‍നിരക്കാരായ ഇന്ത്യ കഴിഞ്ഞ വർഷം ഏകദേശം 17 ദശലക്ഷം ടൺ അരി വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ഇന്ത്യ 2023 ല്‍ ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ആഗോളവിപണിയില്‍ വില ഉയരുന്നതിന് കാരണമായിരുന്നു. തായ്‌ലൻഡ്, വിയറ്റ്നാം, പാകിസ്ഥാൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളും ഗണ്യമായി അരി കയറ്റുമതി ചെയ്യുന്നുണ്ട്. 2023 ഓഗസ്റ്റിൽ ബസുമതി അരി കയറ്റുമതിയിൽ ടണ്ണിന് 1,200 ഡോളർ എന്ന അടിസ്ഥാനവില കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീടിതില്‍ നിന്നും പാകിസ്ഥാന് നേട്ടമുണ്ടാകുന്നുവെന്ന് കണ്ടതോടെ ഒക്ടോബറിൽ ടണ്ണിന് 950 ഡോളറായി കുറച്ചു. അതേസമയം ബസുമതി അരിയുടെ വില ക്വിന്റലിന് 2,500–3,000 രൂപയായി കുറയാന്‍ ഈ നടപടി കാരണമായി. ഇത് ഹരിയാന പോലുള്ള ബസുമതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ കർഷകരില്‍ അതൃപ്തി പടരാന്‍ ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം ബസുമതി അരിയുടെ കയറ്റുമതിക്കുള്ള അടിസ്ഥാന വില കേന്ദ്രസര്‍ക്കാര്‍ നീക്കംചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.