21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

അപൂര്‍വ ദേശാടകന്‍ ചെമ്പുവാലൻ വീണ്ടുമെത്തി

Janayugom Webdesk
കോഴിക്കോട്
October 11, 2024 11:28 pm

പക്ഷിനിരീക്ഷകർക്ക് കൗതുകമുണർത്തി അപൂർവ ദേശാടകനായ ചെമ്പുവാലൻ പാറക്കിളി (Rufous-tailed Rock-Thrush) കേരളത്തിലേക്ക് വീണ്ടുമെത്തി. സ്പെയിൻ, തുർക്കി, കിർഗിസ്ഥാൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രജനനകാലം ചെലവഴിച്ച് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെമ്പുവാലൻ പാറക്കിളി കേരളത്തിലേക്ക് ഇത് രണ്ടാം തവണയാണ് എത്തുന്നത്.
തെക്കൻ യൂറോപ്പുമുതൽ മംഗോളിയ വരെ നീണ്ടുകിടക്കുന്നതാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. ഓഗസ്റ്റ്-നവംബർ മാസത്തോടെ തുടങ്ങുന്ന ദേശാടനം സാധാരണ ചെങ്കടൽ വഴി ആഫ്രിക്ക വരെ നീളും. ഇക്കാലങ്ങളിൽ ഇന്ത്യയിൽ ലഡാക്കിലും ജമ്മു കശ്മീരിലും ഇവയെ കാണാറുണ്ട്. എന്നാൽ ഇവയുടെ ദേശാടന പാതയിലൊന്നും കേരളം ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇവ കേരളത്തിൽ സാധാരണ വന്നെത്താറുമില്ല. 

പക്ഷിനിരീക്ഷകരുടെ സമൂഹമാധ്യമമായ ഇ‑ബേർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2015ൽ ആലപ്പുഴയിൽ വച്ചാണ് ചെമ്പുവാലനെ ആദ്യമായി കണ്ടെത്തുന്നത്. ഇതിനുശേഷം കോഴിക്കോട് വാഴയൂരിലാണ് രണ്ടാമതായി കഴിഞ്ഞദിവസം കണ്ടെത്തിയത്. 17 മുതൽ 20 സെന്റി മീറ്റർ വരെ നീളമുള്ള ഈ പക്ഷികൾക്ക് ഏകദേശം 37 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടാകും. ആൺ കിളികളുടെ തല ചാരം പുരണ്ട നീല നിറമുള്ളതാണ്. ശരീരത്തിന്റെ താഴ്ഭാഗവും പുറത്തെ വാൽചിറകുകളും ഓറഞ്ച് നിറമുള്ളവയാണ്. 

ചിറകുകൾക്ക് കടും തവിട്ടുനിറവും മുതുകിൽ വെളുത്ത അടയാളവും ഉണ്ടാകും. പെൺകിളികൾക്കും പ്രായപൂർത്തിയെത്താത്ത ആൺകിളികൾക്കും ഉപരിഭാഗമെല്ലാം നരച്ച തവിട്ട് നിറത്തിലെ ചെതുമ്പലടയാളങ്ങളോടു കൂടിയതും ശരീരത്തിന്റെ താഴ്ഭാഗം ഇളം തവിട്ടുനിറത്തിലെ ചെതുമ്പലടയാളങ്ങളോടു കൂടിയതുമാണ്. 

പുറം വാൽച്ചിറകുകൾ ആൺകിളിയെപ്പോലെ തന്നെ ഓറഞ്ച് നിറത്തിലാണ് കാണുന്നത്. ചെറുപ്രാണികളും പുൽച്ചാടികളും മണ്ണിരകളും പുഴുക്കളും ലാർവകളുമാണ് ഇവയുടെ പ്രധാന ആഹാരം.
കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സീനിയർ നഴ്സിങ് ഓഫിസറും വന്യജീവി ഫോട്ടോഗ്രാഫറുമായ ടി കെ മുഹമ്മദ് ഷമീർ കൊടിയത്തൂർ ആണ് കഴിഞ്ഞ ദിവസം വാഴയൂർ മലയിൽ നിന്നും ഈ ദേശാടകന്റെ ചിത്രം പകർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.