കാറല്‍ മാര്‍ക്സ് അങ്ങനെയാണ് പറഞ്ഞത്. ഇതിനെ ബൂര്‍ഷ്വകള്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മഹാനായ മാര്‍ക്സിനെ ഒരു മതവിരുദ്ധനാക്കി ചാപ്പകുത്തുകയായിരുന്നു. മതമെന്ന ലഹരിയില്‍ മയങ്ങുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിത്തീരുന്നുവെന്നേ അദ്ദേഹം ഉദ്ദേശിച്ചുള്ളു. മതത്തിന്റെ മയക്കം വിടുമ്പോള്‍ അവന്‍ പിന്നെയും മനുഷ്യനാവും. എന്നാല്‍ മനുഷ്യനെ മതത്തിന്റെ കടുത്ത ഡോസ് നല്കി സ്ഥിരമായി മയക്കിക്കിടത്തി രാഷ്ട്രീയ ലാഭം കൊയ്ത് ഭരണത്തില്‍ തുടരാനുള്ള സുകുമാരകലകളാണ് സംഘപരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ ഹിന്ദുവികാരം ആളിക്കത്തിച്ച് ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനുള്ള ഭരണഘടനാവിരുദ്ധവും മതേതര വിരുദ്ധവുമായ തന്ത്രം. രാജ്യത്തെ മുസ്ലിം മതപാഠശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച തിട്ടൂരം ഇപ്രകാരമുള്ള കൊടുംമയക്കുമരുന്നുകളിലൊന്നാണ്. രാജ്യത്ത് ആറ് ലക്ഷത്തില്‍പരം ഹിന്ദുമത പാഠശാലകളുണ്ടെന്നാണ് കണക്ക്. യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാലായിരവും അയ്യായിരവും കോടി രൂപയാണ് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിവര്‍ഷം ഗ്രാന്റായി നല്കുന്നത്.
ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും പാഴ്സിയുടെയും ജെെനന്റെയും ബുദ്ധമതക്കാരുടെയും നികുതിപ്പണമെടുത്താണ് ഈ ഹിന്ദുമത പാഠശാലകള്‍ക്ക് വാരിക്കോരി നല്കുന്നത്. ജീവകാരുണ്യ സംഘടനകള്‍ നല്കുന്ന സംഭാവനകള്‍കൊണ്ട് നടത്തുന്ന മുസ്ലിം മതപാഠശാലകള്‍ അടച്ചുപൂട്ടണമെന്ന ശാഠ്യത്തിന് ഫാസിസ്റ്റ് മുഖമുണ്ടാവുന്നത് അങ്ങനെയാണ്. എന്നാല്‍ ലോകം മതമെന്ന മയക്കുമരുന്നിന്റെ ലഹരിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ആവേശകരമായ കണക്കുകളും ഇതോടൊപ്പം നമുക്ക് ചേര്‍ത്തുവായിക്കാം. മനുഷ്യന് അവന്റെ ദെെനംദിന ജീവിതത്തില്‍ സഹായത്തിനെത്തിയില്ലെങ്കില്‍ പിന്നെന്ത് മതം, പിന്നെന്ത് ഈശ്വരന്‍. യുപിയിലെന്നല്ല. ഇന്ത്യയൊട്ടാകെ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ട കുരുന്നുകള്‍ക്ക് എന്തിനാണ് വെറുതേയൊരു ദെെവം, വെറുതേയൊരു മതം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ മതത്തില്‍ നിന്നും ദെെവത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നുവെന്ന കണക്കുകള്‍ തന്നെ ഉദാഹരണം. ലോകത്തെ 816 കോടി ജനസംഖ്യയില്‍ 15 ശതമാനം വരുന്ന 122 കോടി ജനങ്ങളും ഒരു മതവിശ്വാസത്തിലും പെടാത്തവരാണെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന കണക്കുകള്‍. 40 കോടിയോളം പേര്‍ നിരീശ്വരവാദികള്‍. 31 കോടിയെങ്കിലും വരും മതനിഷേധികളായ യുക്തിവാദികള്‍.
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളായ ഫിന്‍ലന്‍ഡിലും ജപ്പാനിലും എന്തിന് മുതലാളിത്ത തലസ്ഥാനമായ യുഎസില്‍ പോലും മതമില്ലാത്തവരുടെ സംഖ്യ പെരുകിക്കൊണ്ടേയിരിക്കുന്നു. പരമ്പരാഗത ജീവിതശെെലികള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ജപ്പാനിലെ 68 ശതമാനവും മതം ഉപേക്ഷിച്ചു. ലോകത്തെ ഏറ്റവും സന്തുഷ്ടരാഷ്ട്രമായ ഫിന്‍ലാന്‍ഡില്‍ 56 ശതമാനത്തിനും മതം വേണ്ടാതായി. യുഎസിലെ മതമില്ലാത്തവരുടെ സംഖ്യ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പത് ശതമാനം വര്‍ധിച്ച് 17 ശതമാനമായി. പള്ളികളില്‍ പോകാത്തവര്‍ 39 ശതമാനമായി. തങ്ങള്‍ അധ്വാനിച്ച് ജീവിക്കുന്നു, മതം ആ അധ്വാനത്തില്‍ ഒരു പങ്കും വഹിക്കുന്നില്ല എന്ന ചിന്ത വിദേശരാജ്യങ്ങളില്‍ അതിവേഗം വളര്‍ന്നുവരുമ്പോഴാണ് പട്ടിണിപ്പാവങ്ങളായ ഹിന്ദുക്കളെ മതമെന്ന മരുന്നില്‍ മയക്കിക്കിടത്താനുള്ള സംഘപദ്ധതി. അജിത് കുമാര്‍ എന്ന പരാജിത കുമാറിന്റെ കസേര തെറിപ്പിച്ച് എഡിജിപി മനോജ് എബ്രഹാം ആ കസേരയില്‍ കയറിയിരിക്കുന്നുവെങ്കിലും അദ്ദേഹത്തിന് ഇനി ‘കളപറിക്കല്‍’ കാലം, പൊലീസില്‍ വിളകളെക്കാള്‍ കളകള്‍ക്ക് വിത്തെറിഞ്ഞിട്ടാണ് അജിത് തമ്പ്രാന്‍ പടിയിറങ്ങിയത്. മൂന്നരസെന്റിലെ തന്റെ കുടുംബക്ഷേത്രത്തിലെ ദേവതയായ മുത്തുമാരിയമ്മന്റെ ക്രമസമാധാനം പാലിക്കാനാവാത്ത ഏമാനാണ് മൂന്നരക്കോടി കേരളീയരുടെ ക്രമസമാധാനം തകര്‍ത്തു തരിപ്പണമാക്കിയത്. ഒപ്പം പൊലീസ് കളകളുടെ ഒരു നഴ്സറിയാക്കിയതിന്റെ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കളകളെല്ലാം പറിച്ചുകളയാന്‍ മനോജ് എബ്രഹാം ഇനി ഓവര്‍ ടെെം പണിയെടുക്കണമെന്ന അവസ്ഥ. ദുഃശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെന്‍സിറ്റിവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തില്‍ കൊണ്ടുചാടിക്കുകയേയുള്ളു. ശബരിമലയിലെ ദര്‍ശനത്തിന് വിര്‍ച്വല്‍ ബുക്കിങ് മാത്രം പോരെന്നും സ്പോട്ട് ബുക്കിങ് കൂടി വേണമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ പറഞ്ഞു.
ദര്‍ശനത്തിനുള്ള പരിഷ്കാരം ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെയും എതിര്‍പ്പിന് കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രംഗം തണുപ്പിക്കാന്‍ വരട്ടെ, നോക്കട്ടെ എന്നുപോലും പറയാതെ നിലപാടെടുത്തപ്പോള്‍ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനിടെ ദേവസ്വം മന്ത്രി വാസവന്‍ മന്ത്രി പറയുന്നത് ഒരു കാരണവശാലും സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന്. ഒരിക്കല്‍ ഇടതുമുന്നണിക്ക് കെെപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മ്മയെങ്കിലും വാസവന്‍ മന്ത്രിക്ക് വേണ്ടേ? മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന ചൊല്ലുപോലെ രാജ്യമില്ലാത്ത രാജ്യത്ത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം രാജാവായി സ്ഥാനാരോഹണം ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങള്‍ കൊണ്ടാടുന്നത്. അജയ് ജഡേജയുടെ അമ്മ ഷാന്‍ ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിയായതിനാല്‍ അഭിമാനത്തിന് ഇരട്ടിമധുരം. എന്നാല്‍ ഈ അഭിമാന മുഹൂര്‍ത്തത്തിലും ജഡേജയുടെ മുഴുവന്‍ ചരിത്രവും പറയേണ്ടതല്ലേ. കനല്‍വഴികളിലൂടെയൊന്നുമല്ല ജഡേജ വളര്‍ന്നുവന്നത്. കുതിരപ്പുറത്തു നിന്നുവീണ് ആശുപത്രിയിലായിരുന്ന മുന്‍ ജാംനഗര്‍ രാജാവും രാജ്യം നഷ്ടപ്പെട്ടപ്പോള്‍ പാര്‍ലമെന്റില്‍ പലകുറി കോണ്‍ഗ്രസ് അംഗവുമായിരുന്ന ദൗലത്‌സിങ്ജി ജഡേജയെ പരിചരിച്ചത് നഴ്സ് ഷാന്‍. ആശുപത്രി വിട്ടപ്പോള്‍ ജഡേജ മഹാരാജാവ് ഷാനിനെ ഭാര്യമാരിലൊരാളാക്കി. അതില്‍ പിറന്ന മകനാണ് അജയ് ജഡേജ. ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ ഒത്തുകളി കോഴവിവാദത്തില്‍ ക്രിക്കറ്റില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ട ജഡേജ. കേന്ദ്രപ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് രോഗശയ്യയിലായിരുന്നപ്പോള്‍ ഭാര്യ ലെെലാകബീറിനെ ആട്ടിപ്പുറത്താക്കിയിട്ട് ജോര്‍ജിന്റെ അളവറ്റ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച പഴയ ജനസംഘം നേതാവ് ജയാ ജയ്റ്റ്ലിയാണ് അമ്മായിഅമ്മ. പിന്നെയും പലതുണ്ട് അജയ് ജഡേജയെ അഭിമാനതാരമാക്കുന്ന നാണംകെട്ട കഥകള്‍. എന്നിട്ടും നമുക്ക് ജഡേജ മുത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.