23 December 2024, Monday
KSFE Galaxy Chits Banner 2

വിശപ്പും ദാരിദ്ര്യവും തുറന്നുകാട്ടുന്ന കണക്കുകൾ

Janayugom Webdesk
October 19, 2024 5:00 am

ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച ദേശീയവും അന്തർദേശീയവുമായി ലഭ്യമായ കണക്കുകളും ജനതയുടെ ജീവിതയാഥാർത്ഥ്യങ്ങളും അമ്പരപ്പിക്കുന്ന വൈരുധ്യങ്ങൾ നിറഞ്ഞതാണ്. 2024ലെ ഇന്ത്യയുടെ വളർച്ചാനിരക്ക് ഏഴ് മുതൽ 7.2 ശതമാനം വരെ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് ഇന്ത്യയെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിൽ ഒന്നാക്കി മാറ്റുന്നു. ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ ബൃഹദ് സമ്പദ്ഘടനയായ ഇന്ത്യ 2025ൽ നാലാം സ്ഥാനത്തേക്ക് ഉയർത്തപ്പെടുമെന്നാണ് അവകാശപ്പെടുന്നത്. പക്ഷെ ഈ വളർച്ച സാമാന്യ ജനങ്ങളുടെ നിത്യജീവിതത്തിൽ പ്രതിഫലിക്കപ്പെടുന്നില്ല എന്ന് മറ്റു പല പഠനങ്ങളും വെളിപ്പെടുത്തുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അടുത്തിടെ പുറത്തുവന്ന ആഗോള വിശപ്പ് സൂചിക 2024. ഐക്യരാഷ്ട്ര സഭയുടെ ആഗോള ബഹു-മാന ദാരിദ്ര്യ സൂചിക 2024 ഇന്ത്യൻ ജനതയുടെ യഥാർത്ഥ ജീവിതാവസ്ഥയെപ്പറ്റി സമാന വിലയിരുത്തലാണ് നടത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ ദാരിദ്ര്യ സൂചിക അനുസരിച്ച് 24 കോടി പേരുമായി ലോകത്തെ ഏറ്റവും വലിയ ദരിദ്ര ജനതയുടെ രാഷ്ട്രമാണ് ഇന്ത്യ. ലോക വിശപ്പ് സൂചികയിൽ ഉൾപ്പെട്ട 127 രാഷ്ട്രങ്ങളിൽ 105 ആണ് ഇന്ത്യയുടെ സ്ഥാനം. ജനസംഖ്യയിൽ 13.7 ശതമാനം ന്യൂനപോഷണം നേരിടുന്നു. അഞ്ചുവയസിന് താഴെയുള്ള 35.5 ശതമാനം കുഞ്ഞുങ്ങളും വളർച്ച മുരടിപ്പ് നേരിടുന്നവരാണ്. 18.7 ശതമാനം കുട്ടികളും ഗുരുതരമായ ഭാരക്കുറവ് ഉള്ളവരാണ്. 2.9 ശതമാനം പേർ അഞ്ചുവയസ് പൂർത്തിയാകും മുമ്പ് മരിക്കുന്നു. വിശപ്പ് സൂചികയുടെയും യുഎൻ ദാരിദ്ര്യ സൂചികയുടെയും പിന്നാലെ പുറത്തുവന്ന ലോക ബാങ്കിന്റെ കണക്കുകളും സമാന ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. ബാങ്കിന്റെ കണക്കുകളനുസരിച്ച് 181 രൂപയിൽ താഴെ മാത്രം ഉപജീവനശേഷിയുള്ള 13 കോടി അതിദരിദ്രരാണ് ഇന്ത്യയിലുള്ളത്. 1990ൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ജനങ്ങൾ 2024ൽ ദാരിദ്ര്യ രേഖയ്ക്കുതാഴെ തുടരുന്നതായും ബാങ്ക് വിലയിരുത്തുന്നു. 

മേലുദ്ധരിച്ച കണക്കുകൾ ഒന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ച എന്ന യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. മറിച്ച് അവയെല്ലാം വിരൽ ചൂണ്ടുന്നത് സമ്പത്തിന്റെ അഭൂതപൂർവമായ കേന്ദ്രീകരണത്തിലേക്കും നീതിരഹിതമായ വിതരണത്തിലേക്കുമാണ്. ഓക്സ്ഫാമിന്റെ പഠനം അനുസരിച്ച് രാജ്യത്തെ പത്ത് കമ്പനികളുടെ പക്കലാണ് ദേശീയ സമ്പത്തിന്റെ 60 ശതമാനവും ദേശീയ വരുമാനത്തിന്റെ 70 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. ജനസംഖ്യയിൽ ഒരു ശതമാനം സമ്പത്തിന്റെ 73 ശതമാനവും കയ്യടക്കുമ്പോൾ 67കോടി ജനങ്ങളുടെ സമ്പത്തിന്റെ വളർച്ച കേവലം ഒരു ശതമാനത്തിൽ ഒതുങ്ങുന്നു. ഈ വസ്തുതകൾ അംഗീകരിക്കാൻ തയ്യാറാവാതെ അവയെല്ലാം വസ്തുതകൾക്ക് നിരക്കാത്ത ഇന്ത്യാവിരുദ്ധ പ്രചാരണമാണെന്ന് പുച്ഛിച്ചുതള്ളുന്ന മോഡി സർക്കാർ സമയാസമയങ്ങളിൽ നടക്കേണ്ട പഠനങ്ങളും വിശകലനങ്ങളും നടത്താൻ വിസമ്മതിക്കുന്നു. മാത്രമല്ല അത്തരം കണക്കെടുപ്പുകളിൽ കൗശലങ്ങൾ പ്രയോഗിച്ച് ജനങ്ങളെയും പൊതുജനാഭിപ്രായത്തെയും കബളിപ്പിക്കാൻ ശ്രമിക്കുന്നത് പതിവാക്കിയിരിക്കുന്നു. 1994 വരെ 30 ദിവസത്തെ ഉപഭോഗ ചെലവുകൾ അടിസ്ഥാനമാക്കിയുള്ള യൂണിഫോം റിസോഴ്സ് പീരിയഡ് സമ്പ്രദായത്തിലൂടെയാണ് ദാരിദ്ര്യനിർണയം നടത്തിയിരുന്നത്. പിൽക്കാലത്ത് കുറഞ്ഞ ഇടവേളകളിൽ മാത്രം ചെലവിടേണ്ട വസ്ത്രം, പാദരക്ഷ, കാലാകാലങ്ങളോളം നിലനിൽക്കുന്ന ഉപകരണങ്ങൾ, വിദ്യാഭ്യാസം, സ്ഥാപനവത്കൃത ആരോഗ്യ പരിരക്ഷ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മിക്സഡ് റഫറൻസ് പീരിയഡ് സമ്പ്രദായത്തിലേക്ക് മാറുകയുണ്ടായി. മോഡി സർക്കാർ ഇപ്പോൾ മോഡിഫൈഡ് മിക്സഡ് റഫറൻസ് പീരിയഡ് സമ്പ്രദായത്തിലേക്ക് മാറിയെങ്കിലും ഈ രീതിയിൽ ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ മോഡി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതികൾ പലതും ദാരിദ്ര്യ നിർമ്മാർജനം സംബന്ധിച്ച പല അവകാശവാദങ്ങളുടെയും പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. 2029 വരെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പിഎം ഗരീബ് കല്യാൺ അന്നയോജന എന്ന സൗജന്യ റേഷൻ പദ്ധതി ഇതിന്റെ ഉത്തമോദാഹരണമാണ്. 81 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 

നരേന്ദ്ര മോഡി സർക്കാരിന്റെ വളർച്ച സംബന്ധിച്ച അവകാശവാദങ്ങൾ ദേശീയ മൊത്ത വരുമാന (ജിഡിപി) കണക്കിനെ ആശ്രയിച്ചുള്ളവയാണ്. ജിഡിപിയെ ജനങ്ങളുടെ ക്ഷേമത്തിന്റെ അളവുകോലായി സാമ്പത്തിക ശാസ്ത്രജ്ഞർ ഭൂരിപക്ഷവും കാണുന്നില്ല. കാരണം, അത് സമ്പത്തിന്റെ ഉല്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിതരണത്തെ അപ്പാടെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. മാത്രമല്ല, സാമ്പത്തിക വിദഗ്ധരിൽ വലിയൊരു പങ്കും ഇന്ത്യയുടെ ജിഡിപി കണക്കുകളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ആ കണക്കുകൾ ഊതിവീർപ്പിച്ചവയാണെന്ന് അവരിൽ പലരും വിലയിരുത്തുന്നു. 2019ൽ തൊഴിൽ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട സ്ഥിതിവിവര കണക്ക് ഉദ്യോഗസ്ഥർക്ക് അവരുടെ തൊഴിൽതന്നെ നഷ്ടപ്പെടുകയുണ്ടായി. 45 വർഷക്കാലത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് അവർ പുറത്തുകൊണ്ടുവന്ന കണക്കുകളിൽനിന്നും വ്യക്തമായത്. 2023ൽ ന്യൂനപോഷണത്തിന്റെയും വിളർച്ചയുടെയും കണക്കുകൾ പുറത്തുവിട്ട സർവേ ഡയറക്ടർക്കും അദ്ദേഹത്തിന്റെ തൊഴിൽ നഷ്ടമായി. ന്യൂനപോഷണവും വിളർച്ചയും ദാരിദ്ര്യ നിർണയത്തിൽ സുപ്രധാന ഘടകങ്ങളാണ്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അനീതിയും ചൂഷണത്തോതും പുറത്തുവരാതെ മറച്ചുവച്ച് ലോകത്തെയും ജനങ്ങളെയും എക്കാലത്തേക്കും കബളിപ്പിക്കാമെന്ന വ്യാമോഹത്തിന്റെ മൂഢസ്വർഗത്തിലാണ് മോഡി ഭരണകൂടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.