കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള കോൺഗ്രസ് വിമതർക്കെതിരെ വധഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. തടി വേണോ ജീവൻ വേണോയെന്ന് ഓർക്കണമെന്നും സുധാകരൻ പറഞ്ഞു. എവിടെ നിന്നാണ് ശൂലം വരിക എന്നൊന്നും താൻ പറയുന്നില്ലെന്നും ആ സമയം താനും ഇവിടെ ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. ചേവായൂർ ബാങ്ക് ഭരണസമിതി കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് കൊടുക്കാതെ ഇടതുപക്ഷക്കാർക്കും ബിജെപിക്കാർക്കും ജോലി കൊടുക്കുന്നു. സഹകരണ ബാങ്കുകളെ ചിലർ ജീവിക്കാനുള്ള മാർഗമായി മാറ്റുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു. കോൺഗ്രസ് പാർട്ടിയെ തകർക്കാൻ ചിലർ കരാർ ഉണ്ടാക്കിയിട്ടുണ്ട്.
കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ നിങ്ങളെ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഓർക്കുക. നിങ്ങളുടെ ജീവിതം വേണോ രാഷ്ട്രീയ നേട്ടങ്ങൾ വേണോ എന്ന കാര്യത്തിൽ ജ്ഞാനപൂർവമായ തീരുമാനം എടുക്കുന്നതാണ് നല്ലത്. ചേവായൂർ സഹകരണ ബാങ്ക് മറ്റൊരു കരുവന്നൂർ ബാങ്കാക്കി മാറ്റില്ല. എൽഡിഎഫിന്റെ സഹായത്തോടെ ബാങ്ക് ഭരണം പിടിച്ചെടുക്കാനുള്ള നീക്കം പാളിപ്പോകും. ഞങ്ങളെ പിന്നിൽ നിന്ന് കുത്തിയവരെ വെറുതെ വിടില്ല- സുധാകരൻ പറഞ്ഞു. ഇതിനിടെ വിവാദ പ്രസംഗത്തിൽ കെ സുധാകരനെ പിന്തുണച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്ത് വന്നപ്പോൾ സുധാകരനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വിമത നേതാവ് സുബ്രഹ്മണ്യൻ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ട് ചേർന്ന ബാങ്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സുധാകരന്റെ ഭീഷണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.