21 November 2024, Thursday
KSFE Galaxy Chits Banner 2

ആഗോള സമ്പദ്‌ വളര്‍ച്ചയും ഇന്ത്യയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 30, 2024 4:39 am

ആഗോള സാമ്പത്തിക വികസന കാഴ്ചപ്പാട് സംബന്ധമായി സാര്‍വദേശീയ നാണയ നിധി (ഐഎംഎഫ്) ഈയിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖ പ്രതീക്ഷകളും ആശങ്കകളും കൂട്ടിക്കലര്‍ത്തിയ ഒന്നാണ്. പരസ്പരവിരുദ്ധമെന്ന് തോന്നാനിടയുള്ള ഈ റിപ്പോര്‍ട്ടില്‍ പറയത്തക്ക പാകപ്പിഴകളുണ്ടെന്ന് കണ്ടെത്താനാകില്ല. സ്വാഗതാര്‍ഹമെന്ന നിലയില്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നത് ഹ്രസ്വകാല വികസന നേട്ടങ്ങള്‍ തന്നെയാണ്. നാമെല്ലാം ഭയാശങ്കകളോടെ നിരീക്ഷിച്ചിരുന്ന ആഗോള മാന്ദ്യമെന്ന ഭീഷണി ഒരുവിധം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പണപ്പെരുപ്പത്തിനെതിരായി ആഗോളതലത്തില്‍ ഉയര്‍ത്തിയിരുന്ന പ്രതിരോധം ഒരു പരിധിവരെ വിജയിച്ചിരിക്കുകയുമാണ്. സ്വാഭാവികമായും ഇത്തരമൊരു പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ പാത സാമാന്യം മെച്ചപ്പെടുത്താനും കഴിഞ്ഞിരിക്കുന്നു. ആഗോളതലത്തില്‍ ഒരു സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്നും ഒന്നാം സ്ഥാനത്തു തുടരുന്ന യുഎസ് പ്രതീക്ഷിച്ചതിലേറെ വേഗതയോടെ സ്വന്തം റെക്കോ‍ഡ് തുടര്‍ന്നും നിലനിര്‍ത്തുമെന്നാണ് കരുതേണ്ടത്. ഈ വിധത്തിലാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസന സാധ്യതകള്‍ തുടരുകയെങ്കില്‍ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളുടെ വികസനത്തില്‍ വരാനിടയുള്ള വീഴ്ചകള്‍ക്ക് പരിഹാരം കണ്ടെത്താനും ഇതിലൂടെ കഴിഞ്ഞേക്കാം. അതായത്, വികസന സാധ്യതകളില്‍ പാശ്ചാത്യമുതലാളിത്ത ലോകം പൊതുവില്‍ സുരക്ഷിതമാണെന്നു തന്നെ കരുതാവുന്നതാണ്. 

വികസ്വര രാജ്യങ്ങളുടെ വികസനസാധ്യതകളെടുത്തു പരിശോധിക്കുമ്പോള്‍ നമുക്കു കിട്ടുന്ന ചിത്രം ഒട്ടും ആശ്വാസകരമല്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചാ സാധ്യതകള്‍ നാണയ നിധിയുടെ വിലയിരുത്തലനുസരിച്ച് വളരെ താണ നിലവാരത്തിലാണ്. സമാനമായ അവസ്ഥ തന്നെയാണ് സബ് സഹാറന്‍, ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളുടേതും. ആഫ്രിക്കന്‍-ഏഷ്യന്‍ മേഖലകളുടെ ദുഃസ്ഥിതിക്ക് ഇടയാക്കുന്നത് ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന യുദ്ധങ്ങളും മറ്റ് അസ്വസ്ഥതകളുമാണ്. സാമ്പത്തിക മേഖലയിലെ ഉല്പാദനം മാത്രമല്ല, കയറ്റുമതിവരുമാനവും തന്മൂലം കുത്തനെ ഇടിയുന്നു.
ഈ വിധത്തിലുള്ള പ്രതികൂല വികസന കാലാവസ്ഥയിലും പ്രതീക്ഷക്കിടയാക്കുന്ന വിധമാണ് ചൈനയുടെയും ഇന്ത്യയുടെയും ഒരു പരിധിവരെ ജപ്പാന്റെയും സാമ്പത്തിക വികസന സാധ്യതകളെന്ന് നാണയനിധി രേഖ പറയുന്നു. വികസനത്തിനനുകൂലമായ ഇത്തരമൊരു സാഹചര്യം രണ്ടു രാജ്യങ്ങളിലും ഒരുക്കിയിരിക്കുന്നത് പൊതുനിക്ഷേപ വര്‍ധനവാണ്. ആഗോള വളര്‍ച്ചാനിരക്ക് 2023ലേതുപോലെ തന്നെയായാലും 3–2 ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍. കോവിഡ്-19ന്റെയും ഉക്രെയ്ന്‍ യുദ്ധത്തിന്റെയും പ്രതികൂലാവസ്ഥയില്‍ നിന്നും ഒരു പരിധിവരെയെങ്കിലും ആശ്വാസം ലഭ്യമായിരിക്കുന്നതിനാല്‍ ഓഹരി വിപണികളും കൂടുതല്‍ സജീവമായിട്ടുണ്ട്. കോവിഡ് ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് ഉല്പാദന മേഖല നേരിടേണ്ടിവന്ന തിരിച്ചടികളില്‍ നിന്ന് സമ്പദ‌്‌വ്യവസ്ഥകള്‍ക്ക് തെല്ലെങ്കിലും ആശ്വാസം കണ്ടെത്താനായത് കേന്ദ്ര ബാങ്കുകളുടെ പണനയത്തിലൂടെയുള്ള സമയോചിതമായ ഇടപെടല്‍ വഴിയാണ്. പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാക്കുകയും വിലവര്‍ധന പരിമിതപ്പെടുത്തുകയും ചെയ്തതിലൂടെ ജനജീവിതം കൂടുതല്‍ ദുസഹമാകാതെ പിടിച്ചുനിര്‍ത്തുന്നതിനായി. ഏറെ താമസിയാതെ പലിശനിരക്കില്‍ കുറവു വരുത്താനും വായ്പാ ഉദാരവല്‍ക്കരണത്തിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കാനും അങ്ങനെ ക്രമേണ സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണം യാഥാര്‍ത്ഥ്യമാക്കാനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. 

ഇന്ത്യയുടെ കാര്യത്തില്‍ നാണയനിധിയുടെ നിലപാട് 2024–25 ലേക്കുള്ള ജിഡിപി വളര്‍ച്ച നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നാണ്. 2025–26ല്‍ ഇത് 6.5 ശതമാനമായി ഇടിയാനും സാധ്യതയുണ്ട്. നടപ്പുധനകാര്യ വര്‍ഷത്തില്‍ ജിഡിപി നേരിയ തോതില്‍ ഉയര്‍ച്ച കാണിക്കുക കോവിഡ്കാല ഡിമാന്‍ഡിലെ ഇടിവില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ സൂചനയെന്ന നിലയിലുമായിരിക്കും. മോട്ടോര്‍വാഹനങ്ങളുടെയും ഈടുനില്‍ക്കാത്ത ഉല്പന്നങ്ങളുടെയും നഗരമേഖലാ ഡിമാന്‍ഡ് നിലവാരങ്ങളില്‍ കാണപ്പെടുന്ന വ്യതിയാനങ്ങള്‍ നല്‍കുന്ന പാഠവും ഇതാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പണപ്പെരുപ്പനിരക്ക് കോവിഡിന് മുമ്പുള്ളതില്‍ ചെന്നെത്തുന്നതുവരെ ഡിമാന്‍ഡിലും സപ്ലൈയിലും വ്യതിയാനങ്ങള്‍ തുടരുകതന്നെ ചെയ്യും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കേന്ദ്ര ബാങ്കെന്ന നിലയില്‍ 2024ലെ രണ്ടാം പാദ ജിഡിപി വളര്‍ച്ചാനിരക്ക് 6.8ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒന്നാം പാദത്തിലെ 6.7ശതമാനത്തില്‍ നിന്നും നിസാരമായ മാറ്റം മാത്രമാണിത്. വരുംനാളുകളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടാനും സാധ്യത പ്രവചിക്കുകയാണ് കേന്ദ്രബാങ്ക്. അനുകൂല കാലാവസ്ഥയെത്തുടര്‍ന്ന് മെച്ചപ്പെട്ട കാര്‍ഷികവിള, ഗ്രാമീണ മേഖലാ വരുമാന വര്‍ധനവിലൂടെ ഡിമാന്‍ഡില്‍ പൊതുവായ വര്‍ധനവുണ്ടാക്കാം. എന്നാല്‍, ഇത്തരമൊരു അനുകൂലമായ മാറ്റം ഉറപ്പാണെന്നും കരുതേണ്ടതില്ല. കാരണം കാലാവസ്ഥാവ്യതിയാനങ്ങള്‍ പ്രവചനാതീതമാണെന്നതുതന്നെ. ഇതിനു പുറമെ, ആഗോള സമ്പദ്‌വ്യവസ്ഥയിലും സമാനമായ അനുകൂല പ്രതികരണം വികസനമേഖലയില്‍ ഉണ്ടാകേണ്ടതുമാണ്. ഇവിടെയും അനിശ്ചിതത്വം ഒരുപരിധിവരെയെങ്കിലും തുടരുന്നു.
വരുന്ന അഞ്ചു വര്‍ഷക്കാലയളവില്‍ നാണയനിധി പ്രതീക്ഷിക്കുന്ന ആഗോള വളര്‍ച്ചാനിലവാരം കണക്കിലെടുത്തുള്ളതാണ്. അതുകൊണ്ടുതന്നെ ഈ നിരക്ക് അമിതമായ ശുഭപ്രതീക്ഷയായിരിക്കാമെന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ അഭിപ്രായം. കാരണം കോവിഡ് പ്രതിസന്ധിയില്‍ നിന്നും കോവിഡ് പൂര്‍വസ്ഥിതിയിലേയ്ക്കുള്ള പരിവര്‍ത്തനം പ്രതീക്ഷിക്കുന്നത്ര സുഗമമായിരിക്കാനിടയില്ല എന്നതുതന്നെ. വ്യാവസായിക – വ്യാപാരമേഖലകളിലെ നയസമീപനങ്ങളില്‍ പൊടുന്നനെ മാറ്റം വരുത്തുക ശ്രകരമാണെന്ന വസ്തുതയും പ്രസക്തമായി കാണേണ്ടതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകള്‍ മുഖ്യമായും ആഭ്യന്തരതലത്തില്‍ രൂപമെടുക്കുന്ന സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുക. കയറ്റുമതി വര്‍ധനവിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളും വിദേശ മൂലധന നിക്ഷേപ വര്‍ധനവും ഒരു പരിധിക്കപ്പുറം സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ സാധ്യതകള്‍ വിരളമായിരിക്കും. ആഭ്യന്തര വികസന മേഖലയുടെ സ്ഥിതി പരിഗണിക്കുമ്പോള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള പങ്ക് ഇക്കാര്യത്തില്‍ എത്രമാത്രമുണ്ടാകുമെന്നതായിരിക്കും. സാമ്പത്തിക പരിഷ്കാരങ്ങളില്‍ ഊന്നല്‍ നല്‍കുന്ന അവസരത്തില്‍ അവ വിജയിപ്പിക്കുന്നതിനുള്ള പ്രധാന റോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കുമല്ലോ.

ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഭരണകൂടം 2014ല്‍ അധികാരത്തിലെത്തിയതുമുതല്‍ സാമ്പത്തിക അധികാര കേന്ദ്രീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചുവന്നിട്ടുള്ളത്. നികുതി വരുമാനമടക്കമുള്ള വിഭവങ്ങള്‍ ഏറെയും കേന്ദ്ര നിയന്ത്രണത്തിലാണെങ്കിലും വികസന പ്രക്രിയ ഏറെക്കുറെ പൂര്‍ണമായും ഏറ്റെടുക്കേണ്ടിവരുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നതാണ് ഇന്നത്തെയും അവസ്ഥ. അതേയവസരത്തില്‍ വികസന മേഖലയിലുണ്ടാകുന്ന വീഴ്ചകളുടെ ബാധ്യത അന്തിമ വിശകലനത്തില്‍ വന്നുപതിക്കുക കേന്ദ്ര ഭരണകൂടത്തിനായിരിക്കും. ഈ ദൗത്യത്തില്‍ കേന്ദ്ര ഭരണകൂടത്തിന് വിജയം കണ്ടെത്തുക ശ്രമകരമായിരിക്കുമെന്നും ഉറപ്പാണ്. കാരണമെന്തെന്നാല്‍ ആഗോളീകരണമെന്നത് ഏറെക്കുറെ ഒരു അനിവാര്യതയാണെന്ന സ്ഥിതിവിശേഷണമാണിപ്പോള്‍ നിലവിലുള്ളത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇന്നത്തെ അവസ്ഥയില്‍ ഒരു തുറന്ന സംവിധാനം തന്നെയായി മാറിയിരിക്കുകയാണ്. മാത്രമല്ല, ഇറക്കുമതിത്തീരുവകള്‍ കുറയ്ക്കുക, പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപ (എഫ്‌സിഐ) ത്തിന് വാതിലുകള്‍ തുറന്നിടുക തുടങ്ങിയ ലോകബാങ്ക് മുന്നോട്ടുവച്ചിട്ടുള്ള ശുപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധമായി ഗൗരവതരമായ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്. ജിഎസ്‌ടി പരിഷ്കാരം പൂര്‍ണമായ തോതിലല്ലെങ്കില്‍ക്കൂടി പ്രയോഗത്തില്‍ വന്നതോടെ പരോക്ഷ നികുതിവ്യവസ്ഥയും സ്വാഗതാര്‍ഹമായൊരു നിക്ഷേപ പരിസരം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ പ്രത്യക്ഷ നികുതിഘടനയുടെ സ്വഭാവം വരുമാന നികുതിവ്യവസ്ഥയോടൊപ്പം കോര്‍പറേറ്റ് നികുതി വ്യവസ്ഥയാകെത്തന്നെയും കൂടുതല്‍ ലളിതമാക്കപ്പെട്ടിട്ടുണ്ടെന്നതും നിക്ഷേപ പ്രോത്സാഹനത്തിന്റെ ആക്കം വര്‍ധിപ്പിക്കും. അംബാനിമാരും അഡാനിമാരും അടങ്ങുന്ന കോര്‍പറേറ്റ് ലോകവുമായി അങ്ങേയറ്റം സൗഹൃദത്തിലുമാണ് നരേന്ദ്ര മോഡിയും എന്‍ഡിഎ സഖ്യകക്ഷികളും. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എന്ന വിപണിയുടെ മേല്‍നോട്ട സമിതിയോടുള്ള മോഡി സര്‍ക്കാരിന്റെ മൃദുസമീപനവും പ്രധാനമാണ്. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.