24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 2, 2024
October 30, 2024
September 25, 2024
August 22, 2024
July 24, 2024
June 11, 2024
June 3, 2024
April 3, 2024
March 8, 2024

അര്‍ധരാത്രിയിലെ കോണ്‍ഗ്രസ് കാട്ടിക്കൂട്ടലുകള്‍ക്ക് പിന്നില്‍ ദുരൂഹത: എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
November 6, 2024 12:08 pm

പടുകഴിയില്‍ വീണ കോണ്‍ഗ്രസ് പിടിച്ചുകയറാനുള്ള കച്ചിത്തുരുമ്പായി പാലക്കാട് ഹോട്ടലില്‍ നടന്ന പരിശോധനയെ വളച്ചൊടിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഹോട്ടലിൽ പണം സംഭരിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നെത്തിയ പൊലീസ് എല്ലാ രാഷ്ട്രീയ പാർടികളുടെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തി.തെരഞ്ഞെടുപ്പ് കാലത്ത് പരിശോധനകൾ നടത്തുന്നത് സ്വാഭാവിക നടപടി മാത്രമാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് താനടക്കം പല മന്ത്രിമാരുടെയും വാഹനം പരിശോധിച്ചിട്ടുണ്ട്. തങ്ങൾക്കാർക്കും അതിൽ പ്രതിഷേധം ഉണ്ടായിട്ടില്ല. സ്വാഭാവികമായൊരു പരിശോധനയെ ഇത്രവലിയ പുകിലാക്കി മാറ്റേണ്ട കാര്യമെന്താണ് എന്ന് എം ബി രാജേഷ് ചോദിച്ചു.കോൺ​ഗ്രസിന്റെ രണ്ട് വനിതാ നേതാക്കളുടെ മുറി പരിശോധിച്ചെന്ന പേരിൽ കാര്യങ്ങളെ വക്രീകരിക്കുകയും വളച്ചൊടിക്കുകയുമാണ്. സിപിഐ (എം) സംസ്ഥാന കമ്മറ്റിയം​ഗം ടി വി രാജേഷിന്റെ മുറിയാണ് ആദ്യം പരിശോധിച്ചത്. മുതിർന്ന മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിന്റെ മുറിയും പരിശോധിച്ചു. ഷർട്ടിടാനുള്ള സമയം ചോദിച്ചപ്പോൾ പൊലീസ് അതിന് അനുവദിച്ചു.

കട്ടിലിന്റെ അടിയിലടക്കം വിശദമായ പരിശോധന നടത്തി.അവരാരും പ്രതിഷേധിച്ചില്ല. ഒരു പരിശോധനക്ക് ഉദ്യോ​ഗസ്ഥർ എത്തുമ്പോൾ ഉത്തരവാദിത്തമുള്ള പൊതുപ്രവർത്തകർ അതിനോട് സഹകരിക്കുകയല്ലേ വേണ്ടത്. ഒരു വനിതാ നേതാവ് പൊലീസിനെ മുറി പരിശോധിക്കാൻ അനുവദിച്ചപ്പോൾ മറ്റൊരാൾ വനിതാ പൊലീസ് വരണമെന്ന് ആവശ്യപ്പെട്ടു.അവരുടെ ആവശ്യം ന്യായമാണ്.വനിതാ പൊലീസ് എത്തിയാണ് പരിശോധന നടത്തിയതും.മാനദണ്ഡങ്ങൾ പാലിച്ച് പരിശോധന നടത്തണമെന്ന് കോൺ​ഗ്രസിന് ആവശ്യപ്പെടാം.എന്നാൽ ആളെക്കൂട്ടി സംഘർഷം സൃഷ്ടിച്ച് രണ്ട് എംപിമാരുടെ നേതൃത്വത്തിൽ പരിശോധന അട്ടിമറിക്കുകയാണ് ചെയ്തത്.ധർമരാജൻ ഷാഫി പറമ്പിലിനും പണം നൽകിയെന്നതടക്കമുള്ള കാര്യങ്ങൾ പുറത്തു വരുന്ന ഘട്ടത്തിലാണ് റെയ്ഡ് നടന്നത്. കോൺ​ഗ്രസിൽ നിന്ന് നിരവധി പേരാണ് ഓരോ ദിവസവും പുറത്തേക്ക് പോകുന്നത്.

ഇത്തരത്തിൽ പ്രതിരോധത്തിൽ നിൽക്കുന്ന കോൺ​​ഗ്രസിനു മുന്നോട്ടു പോകാനുള്ള നാടകങ്ങളാണ് ഇന്നലെ കാണിച്ച് കൂട്ടിയതെല്ലാം. എന്തിനാണ് ഈ പരിഭ്രാന്തി. എന്ത് സംരക്ഷിക്കാനായിരുന്നു ഈ കാണിച്ചുകൂട്ടലുകൾ. പാതിരാത്രി മുഴുവൻ ഇത്ര വലിയ കോലാഹലം ഉണ്ടാക്കിയത് എന്തോ മറക്കാനുണ്ടായിട്ടാണ് എന്ന് വളരെ വ്യക്തമാണ്. പരിശോധന നടത്താനനുവധിക്കില്ല എന്ന വാശിക്ക് പിന്നിൽ ദുരൂഹതയുണ്ട് എന്നുറപ്പാണ്.പരിശോധന നടത്തിയതേ തെറ്റെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. വസ്തുതകൾ പുറത്തു വരാനിരിക്കുന്നതേയുള്ളു. രാഷ്ട്രീയ ലക്ഷ്യത്തോടെ അമിതോത്സാഹം കാണിച്ച് വസ്തുതകളെ വളച്ചൊടിക്കുന്ന മാധ്യമങ്ങൾ പിന്നീട് വെട്ടിലാകരുത്. സംഭവത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകണമെന്നും പാര്‍ട്ടി പരാതി നൽകുമെന്നും എം ബി രാജേഷ് പറഞ്ഞു.

കള്ളപ്പണം എത്തിയെന്ന സംശയത്തെ തുടർന്ന് ഇന്നലെ രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം റീജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്.ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പരിശോധന നടത്താൻ പൊലീസ് എത്തിയപ്പോഴായിരുന്നു കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. അതിനു മുൻപ് ബിന്ദു കൃഷ്ണ അടക്കമുള്ളവരുടെ മുറി പരിശോധിച്ചിരുന്നു.എന്നാൽ പൊലീസ് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറന്നില്ല. വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം ഉന്നയിച്ചായിരുന്നു ആദ്യം മുറി തുറക്കാതിരുന്നത്.

പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു. ഇതിനുശേഷം കോൺഗ്രസുകാർ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു.ഇതിനെല്ലാം ശേഷമാണ് ഷാനിമോൾ ഉസ്മാൻ തന്റെ മുറി പരിശോധിക്കാൻ പൊലീസിനെ അനുവദിച്ചത്. പരിശോധനക്ക്‌ പൊലീസ്‌ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ എംപിമാരായ ഷാഫി പറമ്പിൽ,വി കെ ശ്രീകണ്ഠൻ എന്നിവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്‌. ഇതിന്റെ ദൃശ്യങ്ങൾ വാർത്താചാനലുകൾ പുറത്തുവിട്ടു. പിന്നീട്‌ 1.20ന്‌ ഇവർ തിരിച്ചെത്തി.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.