22 December 2024, Sunday
KSFE Galaxy Chits Banner 2

മധ്യവര്‍ഗത്തിന്റെ നില

Janayugom Webdesk
November 10, 2024 5:00 am

രാജ്യത്തെ ദാരിദ്ര്യം വിഴുങ്ങിയിരിക്കുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ദുരിതകാലത്തിൽ നിന്ന് മോചനം ലഭിക്കാനുള്ള സാധ്യതക്കുറവും ആളുകളെ വിഷാദത്തിലേക്ക് തള്ളിവിടുന്നു. ‘ഇല്ലാത്തവർ’ എന്ന് വിളിക്കപ്പെടുന്നവർക്കൊപ്പം മധ്യവർഗവും വറുതിയിലാണെങ്കിലും അവരെ ആ രീതിയില്‍ തിരിച്ചറിയുന്നില്ല. ഇന്ന് മധ്യവർഗവും തൊഴിലാളിവർഗവും തമ്മിൽ വ്യത്യാസമില്ല. രാജ്യത്തെ വിഭവങ്ങളുടെ കേന്ദ്രീകരണവും ധനമൂലധനത്തിന്റെ അധീശത്വവുമെന്ന മുതലാളിത്തവ്യവസ്ഥ അതിന്റെ പാരമ്യത്തിലെത്തുന്ന ഘട്ടമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വേതനത്തിലും ഉപഭോഗത്തിലും മുരടിപ്പനുഭവപ്പെടുന്നു. ജിഡിപി വളർച്ചാ പ്രവചനം ഏഴു ശതമാനവും അതിലധികവുമാണെങ്കിലും, സമീപ മാസങ്ങളില്‍ നഗര ഉപഭോഗം നിശ്ചലമായി തുടരുന്നു. എൻഎസ്എസ്ഒ സർവേയിൽ നിന്നുള്ള ഔദ്യോഗിക ഉപഭോഗ ചെലവ് കണക്കുകൾ കാണിക്കുന്നത് ഒരു ദശാബ്ദത്തോളമായി രാജ്യത്തിന്റെ വളർച്ച പ്രതിവർഷം 3.5 ശതമാനത്തോളമെന്നാണ്. ഇത് ജിഡിപി വളർച്ചയുടെ പകുതിമാത്രമാണ്. ഗാർഹിക സമ്പാദ്യവും കുറയുന്നു. ജിഡിപി വളർച്ചാപ്രഖ്യാപനം അതിശയോക്തി പ്രകടനം മാത്രമാണെന്നാണ് വ്യക്തമാകുന്നത്. വാസ്തവത്തിൽ ഈ വെെരുധ്യം വിശദമാക്കാന്‍ രാജ്യത്തെ മധ്യവർഗക്കാർക്കിടയിലെ സ്തംഭനാവസ്ഥയെയും ഉപഭോഗത്തെയും കുറിച്ചുള്ള ലഭ്യമായ വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്.

അമേരിക്കയിലെ പ്യൂ റിസർച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, 2010ൽ രാജ്യത്തെ മധ്യവർഗം ഏകദേശം 50–70 ദശലക്ഷമായിരുന്നത് 2020 ആയപ്പോഴേക്കും 150–200 ദശലക്ഷം വരെ വളർന്നു. ഇന്ത്യയിലെയും ചെെനയിലെയും ഇടത്തരക്കാരുടെ വ്യാപ്തി വിലയിരുത്താൻ 2017ൽ പ്യൂ ഒരു ഗവേഷണം നടത്തി. പ്രതിദിനം 10 മുതൽ 50 ഡോളർ വരെ വരുമാനപരിധിയുള്ളവരെ വാങ്ങല്‍ശേഷി തുല്യതയുടെ (പർച്ചേസ് പവർ പാരിറ്റി — പിപിപി) അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. ഈ മാനദണ്ഡമനുസരിച്ച്, 2016ൽ ഇന്ത്യൻ മധ്യവർഗം 108 ദശലക്ഷമായിരുന്നു, ചൈനയില്‍ 707 ദശലക്ഷവും. കൃത്യമായിപ്പറഞ്ഞാൽ, ചൈനീസ് ജനസംഖ്യയുടെ 61 ശതമാനം ഒരു ദിവസം 10 ഡോളറിൽ കൂടുതൽ വരുമാനംകൊണ്ട് ജീവിക്കുമ്പോള്‍ ഇന്ത്യയില്‍ മൂന്ന് ശതമാനത്തിനുമാത്രമാണ് ഒരു ദിവസം 10 ഡോളര്‍ ചെലവഴിക്കാന്‍ ശേഷിയുള്ളത്. ഈ കാലയളവിൽ നികുതിയും ജിഡിപി അനുപാതവും ഏതാണ്ട് 15 മുതൽ 18 ശതമാനം വരെയുമായിരുന്നു. ഇന്ത്യയിലെ മധ്യവർഗം ആവശ്യമുള്ള വേഗതയിൽ വളരുന്നില്ല എന്നതിന്റെ മറ്റൊരു സൂചനയാണിത്. സമീപവർഷങ്ങളിൽ സ്തംഭനാവസ്ഥയ്ക്ക് ആക്കം കൂടിയിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നുവെന്ന ഔദ്യോഗിക വിവരണം യഥാര്‍ത്ഥ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടുള്ള ആത്മപ്രശംസയാണ്. എന്നാല്‍ ഈ വളർച്ച ജനങ്ങളില്‍ എങ്ങനെയെത്തുന്നു എന്നറിയാൻ ആരും ആഗ്രഹിക്കുന്നില്ല എന്നതും ദുരന്തമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഫ്യൂഡൽ സമൂഹത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലൂടെ മുതലാളിത്തം ഉയർന്നുവന്നപ്പോൾ, രണ്ട് അടിസ്ഥാനവർഗങ്ങൾ തമ്മിലുള്ള വൈരുധ്യവും സ്വന്തം സ്വഭാവത്തിലെ ദ്വന്ദ്വവും ഉള്‍ച്ചേര്‍ന്നിരുന്നു. പുതിയ വർഗങ്ങളും അടിച്ചമർത്തലിന്റെ പുതിയ അവസ്ഥകളും പുതിയ സമരരൂപങ്ങളും സ്ഥാപിക്കപ്പെട്ടു. നമ്മുടെ കാലം, അതായത് മുതലാളിത്ത വ്യവസ്ഥ കോർപറേറ്റ്‌വൽക്കരണത്തിലേക്കും ധനമൂലധന നിയമങ്ങളിലേക്കും നീങ്ങുന്ന ഘട്ടം. ബൂർഷ്വാസി അതിന്റെ വ്യതിരിക്തമായ സവിശേഷത ഉപയോഗിച്ച് വർഗവൈരുധ്യത്തെ ലളിതമാക്കിയിരിക്കുന്നു. സമൂഹം മൊത്തത്തിൽ രണ്ട് വലിയ ശത്രു സംഘങ്ങളായി, രണ്ട് വലിയ വർഗങ്ങളായി, പരസ്പരം നേരിട്ട് ഏറ്റുമുട്ടുന്ന തരത്തില്‍ ബൂർഷ്വാസിയും തൊഴിലാളിവർഗവുമായി പിളർന്നു. വൈരുധ്യാത്മക ശാസ്ത്രം ലെനിൻ നൽകിയ സംഭാവനയാണ്. മുതലാളിത്തം അതിന്റെ ഓരോ ചുവടും മുന്നോട്ടുവയ്ക്കുമ്പോൾ, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും അതിനായി രാഷ്ട്രീയ അവബോധത്തിന്റെ ഒരു പുതിയഘട്ടം വന്നുവെന്നും അതിന്റെ പരിണതി പുതിയ ഒരധ്യായം തുറക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ആധുനിക വ്യവസായങ്ങൾ നിലവിൽവന്ന ഘട്ടവുമായിരുന്നു അത്. 

ലോക വിപണിയോടൊപ്പം ആധുനിക രാഷ്ട്രങ്ങളും പിറന്നു. ഫ്യൂഡൽ, പുരുഷാധിപത്യ ക്രമം അവസാനിച്ചു. എല്ലാ ഫ്യൂഡൽ മിസ്റ്റിക് ബന്ധങ്ങളും അവസാനിപ്പിക്കുകയും യാഥാർത്ഥ്യം അതിന്റെ എല്ലാ ക്രൂരതയോടെയും തുറന്നുകാട്ടപ്പെടുകയും ചെയ്തുകൊണ്ടുള്ള ഈ പുതിയ വർഗത്തിന്റെ പങ്ക് ലെനിൻ വിശകലനം ചെയ്തു. പുതിയ വഴിത്തിരിവുകളിൽ പ്രധാനം സ്വതന്ത്ര വ്യാപാരമായിരുന്നു. പണ്ഡിതരും എഴുത്തുകാരും ശാസ്ത്രജ്ഞരുമായ ‘കൂലിത്തൊഴിലാളികളെ’ ഭേദിച്ച് മത — രാഷ്ട്രീയ കെട്ടുകഥകളുടെ മറവിലെ ചൂഷണം പുറത്തുവന്നു. ഈ വഴിത്തിരിവാണ് മധ്യവർഗത്തെ മുഖ്യധാരയിലെത്തിച്ചത്. മുതലാളിത്തം പരിണാമത്തിന്റെ വൈരുധ്യാത്മക പ്രക്രിയയെ സമൂഹത്തിനുമുന്നില്‍ കൊണ്ടുവരാൻ സഹായിച്ചു. ഉല്പാദനരീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും, പുതിയ ഉല്പാദന ബന്ധങ്ങൾ പിന്തുടരുന്നതിനും സമൂഹത്തിന്റെ മുഴുവൻ സാമൂഹിക‑രാഷ്ട്രീയ‑സാമ്പത്തിക ശ്രേണിയെ മാറ്റുന്നതിനും അത് വഴികണ്ടെത്തി. സ്വതന്ത്ര വ്യാപാരത്തിന്റെ പശ്ചാത്തലത്തിൽ, വിപണി വികസിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ഉല്പന്നങ്ങൾ ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തം വികസിക്കുമ്പോൾ, അതോടൊപ്പം മധ്യവർഗവും വികസിക്കുന്നു. മധ്യവർഗത്തിന്റെ ദ്വന്ദ്വനില കണ്ടുപിടിച്ചത് ലെനിനാണ്. മുതലാളിത്ത സ്വഭാവമുള്ളതാണെങ്കിലും തൊഴിലാളിവർഗത്തിന്റെ സാമ്പത്തിക സ്ഥിതിയോട് അടുത്തുനിൽക്കുന്നതിനാൽ അതിന്റെ സവിശേഷതകളും മധ്യവര്‍ഗത്തില്‍ അടങ്ങിയിരിക്കുന്നു. അതേസമയം, അടിസ്ഥാനപരമായി തൊഴിലാളിവർഗമായിരുന്നില്ല, മുതലാളിത്ത വ്യവസ്ഥയുടെ പിന്തുണയുള്ളതായിരുന്നു. ഈ വൈരുധ്യാത്മക നിലയാണ് “സോഷ്യൽ ഡെമോക്രസിയുടെ രണ്ട് തന്ത്രങ്ങൾ” എന്ന പുസ്തകം എഴുതാൻ ലെനിനെ പ്രേരിപ്പിച്ചത്. ഒരു ഫ്യൂഡൽ/മുതലാളിത്ത സമൂഹത്തിൽ എങ്ങനെ സമരം തുടരാം എന്ന് വിശദീകരിക്കാനായി ഐക്യവും സമരവും എന്ന തന്ത്രവും അദ്ദേഹം തയ്യാറാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.