
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വാദവുമായി കൂടുതൽ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയതോടെ അടിപതറി കോൺഗ്രസും വി ഡി സതീശനും. കെ എം ഷാജി, എം കെ മുനീർ എന്നിവർക്ക് പുറമെ ഇ ടി മുഹമ്മദ് ബഷീർ കൂടി ഇതേ അഭിപ്രായവുമായി രംഗത്ത് വന്നതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളാതെ മുന്നോട്ടുപോയ പാണക്കാട് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും സമ്മർദ്ദത്തിലാവുകയായിരുന്നു. മുനമ്പം വഖഫ് ഭൂമിയാണെന്നും പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ഇരുവർക്കും പറയേണ്ടിവന്നതോടെയാണ് വിഷയത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലായത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും വി ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെ എം ഷാജി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ വിഷയത്തിൽ ഷാജിയെ തള്ളിയ പി കെ കുഞ്ഞാലിക്കുട്ടി ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. മുസ്ലിം ലീഗിന്റെ അഭിപ്രായം സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. വിവാദം ഷാജിയിലൂടെ അവസാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും കരുതിയെങ്കിലും അത് തെറ്റിപ്പോവുകയായിരുന്നു. സമുദായ സംഘടനകൾ ഉന്നയിച്ച വാദം ഉയർത്തിപ്പിടിച്ച് ഷാജിക്ക് പിന്നാലെ ഇ ടി മുഹമ്മദ് ബഷീറും രംഗത്ത് വന്നതോടെ കാര്യങ്ങൾ കുഞ്ഞാലിക്കുട്ടിയ്ക്കും പ്രതിരോധിക്കാൻ കഴിയാതെ വന്നു. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ലെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീർ കെ എം ഷാജിയെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചത്. ഇതേ അഭിപ്രായം തന്നെ എം കെ മുനീറും ഉയർത്തിയതോടെ പാർട്ടിയിൽ ഭിന്നതയുണ്ടാവാതിരിക്കാൻ വിട്ടുവീഴ്ച ചെയ്യാൻ കുഞ്ഞാലിക്കുട്ടി നിർബന്ധിതനാവുകയായിരുന്നു. തുടർന്നാണ് മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളുമെല്ലാം വിഷയത്തിൽ ഒളിച്ചുകളി നടത്തുകയാണെന്ന ആരോപണമായിരുന്നു യുഡിഎഫിനെ അനുകൂലിക്കുന്ന വിവിധ മുസ്ലിം സമുദായ സംഘടനകൾ ഉയർത്തിയിരുന്നത്.
യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്ന ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളുടെ നിലപാടിൽ കോൺഗ്രസിൽ കടുത്ത അമർഷമുണ്ട്. പ്രതിപക്ഷ നേതാവും കോൺഗ്രസും ലീഗ് നേതൃത്വവും ലക്ഷ്യം വച്ച സൗഹാർദ അന്തരീക്ഷവും ഒത്തുതീർപ്പ് സാധ്യതകളും തകർക്കുന്ന രീതിയിലാണ് ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കൾ നിലപാട് സ്വീകരിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം. കെ എം ഷാജിക്കും ഇ ടി മുഹമ്മദ് ബഷീറിനുമെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസിൽ ഉയർന്നുവരുന്നത്. സാദിഖലി തങ്ങളോടും കുഞ്ഞാലിക്കുട്ടിയോടും ആലോചിച്ച് തീരുമാനമെടുത്തിട്ടും അവസാനം ഒറ്റപ്പെട്ട അവസ്ഥയിലേക്ക് എത്തുന്നതിൽ പ്രതിപക്ഷ നേതാവിനും അമർഷമുണ്ട്. എല്ലാവരുമായും ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും നിയമപരമായ കാര്യങ്ങൾ പരിശോധിച്ചാണ് അഭിപ്രായമെന്നും വി ഡി സതീശൻ തുറന്നു പറയുകയും ചെയ്തു. മുനമ്പം വിഷയത്തിൽ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാവാതിരിക്കാൻ തന്ത്രപരമായിട്ടായിരുന്നു കോൺഗ്രസ് നീക്കം നടത്തിയത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വിഡി സതീശനും കോൺഗ്രസ് നേതാക്കളും തുടക്കത്തില്‍ തന്നെ പരസ്യമായ നിലപാട് സ്വീകരിച്ചു. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഉറപ്പിച്ച് പറയാതെ പാണക്കാട് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഇതിന് തന്ത്രപരമായി പിന്തുണയും നൽകി. എന്നാൽ ലീഗിൽ ഇപ്പോൾ ഉയർന്ന ഭിന്നസ്വരം കോൺഗ്രസിനെയും ലീഗിലെ ഒരു വിഭാഗം നേതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭിന്നസ്വരത്തെ തള്ളിക്കളയാൻ ലീഗ് നേതൃത്വത്തിന് കഴിയാതെ വരുമ്പോൾ വിഷയത്തിൽ കോൺഗ്രസ് ഒറ്റപ്പെടുമെന്നുറപ്പാണ്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും പത്തുമിനിറ്റിൽ തീർക്കാവുന്ന പ്രശ്നം സർക്കാർ വലിച്ചു നീട്ടുകയാണെന്നുമായിരുന്നു വി ഡി സതീശൻ നേരത്തെ സമരപ്പന്തലിലെത്തി പറഞ്ഞത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് പദ്ധതിയിട്ടിരുന്നു. എന്നാൽ ലീഗ് നിലപാട് മാറ്റത്തോടെ മയപ്പെടുത്തിയായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എന്നാൽ ഇന്നലെ വിഷയത്തിൽ മുസ്ലിം ലീഗ് നേതാക്കളുമായി തർക്കത്തിനില്ലെന്നും സംഘ്പരിവാർ അജണ്ടയിൽ വീഴരുതെന്നുമാണ് സതീശൻ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.