12 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 6, 2024
September 20, 2024
August 29, 2024
August 22, 2024
August 5, 2024
June 16, 2024
June 9, 2024
February 2, 2024

ഉത്തരവാദിത്തങ്ങള്‍ തമസ്കരിച്ച കോപ് 29

Janayugom Webdesk
December 12, 2024 10:14 pm

‘ഫിനാൻസ് കോപ്’ എന്ന് ഘോഷിക്കപ്പെട്ട ബാകു ഉച്ചകോടി ‘കോപ് 29’ (COP 29) അവികസിത വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു. ‘കോപ് 29’ല്‍ അവതരിപ്പിച്ച ധനകാര്യ കരട് രേഖ — New Col­lec­tive Quan­ti­fied Goal- NCQG — കാലാവസ്ഥാ പ്രതിസന്ധിയുടെ നേരിട്ടുള്ള ഇരകളായ ദക്ഷിണാർധഗോള രാജ്യങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്നു. എല്ലാറ്റിലും ഉപരി കാർബൺ ഉദ്‌വമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം (his­tor­i­cal emis­sion respon­si­bil­i­ty) ഏറ്റെടുക്കാൻ ഉത്തരാർധ ഗോളത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ വിസമ്മതിക്കുന്നു എന്ന പരസ്യപ്രഖ്യാപനം കൂടിയായി ഉച്ചകോടി. ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാൻ അവികസിത ‚വികസ്വര രാഷ്ട്രങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയായി പ്രതിവർഷം 1.3 ലക്ഷം കോടി ഡോളർ എന്ന ആവശ്യത്തെ പൂർണമായും നിരാകരിച്ച് 250 ദശലക്ഷം ഡോളറായി ചുരുക്കി. കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്ന സാമ്പത്തിക തകർച്ചകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യങ്ങളെ — ലോസ് ആന്റ് ഡാമേജ്- മുഖവിലയ്ക്കെടുക്കാനും വികസിത രാഷ്ട്രങ്ങൾ തയ്യാറായില്ല.

വികസ്വര രാജ്യങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ പ്രതിവർഷം 1.3 ലക്ഷം കോടി ഡോളർ ആവശ്യപ്പെട്ട് ഏറ്റവും കുറഞ്ഞത് മൂന്ന് ഉച്ചകോടികളെങ്കിലും കടന്നുപോയി. ഏറ്റവും പുതിയ കരട് രേഖ നഷ്ടപരിഹാരത്തുക ലക്ഷം കോടിയില്‍ ആയിരക്കണമെന്ന ആവശ്യത്തെ അംഗീകരിക്കുന്നുമുണ്ട്. എങ്കിലും നിരവധി യോഗങ്ങൾക്കും ശേഷം, വികസിത രാജ്യങ്ങൾ ഒന്നും വാഗ്ദാനം ചെയ്യാന്‍ തയ്യാറായിട്ടില്ല. കാലാവസ്ഥാ പ്രതിസന്ധികൾക്ക് ഏറ്റവും കൂടുതൽ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവികസിത, വികസ്വര രാജ്യങ്ങളിലെ ഭരണകൂടങ്ങളിലേറെയും ‘കോപ് 29’ ന്റെ തീരുമാനമില്ലായ്മയെ അപലപിച്ചു. സബ് സഹാറൻ, തെക്കനേഷ്യൻ രാജ്യങ്ങളും സാമൂഹിക സംഘടനകളും കൂടുതല്‍ തീക്ഷ്ണതയോടെ ഇക്കാര്യങ്ങളില്‍ മുന്നിട്ടിറങ്ങി. ഏഴ് ലക്ഷത്തോളം വരുന്ന ക്ലൈമറ്റ് ആക്ടിവിസ്റ്റുകൾ ഒപ്പുവച്ച മെമ്മോറാണ്ടം ‘കോപ് 29’ന്റെ ഗ്രീൻ സോണിൽ പ്രകാശിപ്പിച്ചു.

‘COP 29’ ന്റെ ആദ്യ ദിവസങ്ങളിൽ, ആഗോള കാർബൺ ബജറ്റ് സംബന്ധിച്ച ഏറ്റവും പുതിയ കണ്ടെത്തലുകൾ അവതരിപ്പിച്ചു — കാർബൺ ഉദ്‌വമനം കുറയ്ക്കാനുള്ള രാജ്യങ്ങളുടെ പ്രതിജ്ഞകൾ ഉണ്ടായിരുന്നിട്ടും, 2024ൽ ആഗോള ഫോസിൽ ഇന്ധനത്തിൽ നിന്നുള്ള CO2 ഉദ്‍വമനം 0.8 ശതമാനം ഉയരുമെന്നാണ് കണ്ടെത്തലുകൾ. ഇത് കഴിഞ്ഞ ദശകത്തിലെ ശരാശരി വാർഷിക വളർച്ചാനിരക്കിനെക്കാളും കൂടുതലാണുതാനും. പാരിസ് ഉടമ്പടിക്ക് മുമ്പുള്ളതിനെക്കാളും CO2 ഉദ്‍വമനം എട്ട് ശതമാനം കൂടുതലുമാണ്. 120 ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്രസംഘം നൽകുന്ന വിവരങ്ങൾ അനുസരിച്ച്, നിലവിലെ നിരക്കിൽ, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള, 50ശതമാനം സാധ്യതയുള്ള, ശേഷിക്കുന്ന കാർബൺ ബജറ്റ് 2025 ജനുവരി മുതൽ ആറ് വർഷത്തേക്ക് മതിയാകുകയുള്ളൂ. നിലവിലെ ഉദ്‌വമനം കുറയ്ക്കുന്നത് സംബന്ധിച്ച് രാജ്യങ്ങൾ ഇപ്പോൾ തുടരുന്ന വഴികൾ, 2100 ആകുമ്പോഴേക്കും ആഗോള താപനത്തോത് 3.1 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിക്കുന്നതിന് മാത്രമേ സഹായിക്കൂ എന്ന് യു എൻ ഇ പിയും മുന്നറിയിപ്പ് നൽകുന്നു. ഇത്രയൊക്കെ മുന്നറിയിപ്പുകൾ ശാസ്ത്രസംഘടനകൾ നൽകിക്കൊണ്ടിരിക്കുമ്പോഴും പുതിയ ഫോസിൽ ഇന്ധന പദ്ധതികളിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് പ്രവചിക്കുന്നു. 

COP 29 വേളയിൽ പുറത്തിറക്കിയ ഗ്ലോബൽ വിറ്റ്നെസ് റിപ്പോർട്ടില്‍, ഏറ്റവും ലാഭകരമായ 30 ഫോസിൽ ഇന്ധന കമ്പനികൾ മാത്രം പാരിസ് ഉടമ്പടിക്ക് ശേഷം പ്രതിവർഷം ശരാശരി 400 ബില്യൺ ഡോളർ ലാഭം നേടി — കാലാവസ്ഥാ ദുർബലമായ രാജ്യങ്ങൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നാശനഷ്ടം നികത്താൻ ഇത് മതിയാകും. കൂടാതെ, പുതിയ എണ്ണ, വാതക ശേഖരം കണ്ടെത്തുന്നതിനായി എണ്ണ, വാതക കമ്പനികൾ പ്രതിവർഷം ശരാശരി 61 ബില്യൺ ഡോളർ ചെലവഴിക്കുന്നതായും ഗ്ലോബൽ വിറ്റ്നെസ് റിപ്പോർട്ട് കണ്ടെത്തി. 

Exxon Mobil- ഉം, Shell- ഉം, British Petro­le­um- ഉം അടങ്ങുന്ന പെട്രോളിയം കാർട്ടലുകളുടെ 1700 പ്രതിനിധികളാണ് ബാകു ഉച്ചകോടിയുടെ പിന്നാമ്പുറ ചർച്ചകളെ നിയന്ത്രിച്ചു കൊണ്ടിരുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. പെട്രോളിയം കമ്പനികൾ അജണ്ടയും ചര്‍ച്ചയും നിശ്ചയിക്കുമ്പോള്‍ കാലാവസ്ഥാ ചർച്ചകളുടെ അന്ത്യം മറ്റെന്താകാൻ? ശാസ്ത്രം ശാസ്ത്രത്തിന്റെ വഴിക്കും, രാഷ്ട്രീയ ഭരണകൂടങ്ങൾ അവയുടെ വഴിക്കും സഞ്ചരിക്കുന്നു എന്നതാണ് കാലാവസ്ഥാ ഉച്ചകോടികൾ നമുക്ക് കാണിച്ചുതരുന്നത്. അടുത്ത കാലാവസ്ഥാ ഉച്ചകോടി — കോപ് 30ന് ബ്രസീൽ ആതിഥ്യം നൽകും. കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരിക എന്നത് മാത്രമാണ് ഭരണകൂടങ്ങളെ ശരിയായ തീരുമാനങ്ങളിലേക്കെത്തിക്കാനുള്ള ഫലപ്രദമായ മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.