കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കോൺ‑യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ എത്തിക്കഴിഞ്ഞ് മലയോരത്തെ ജനങ്ങൾക്കെതിരായി നിരവധിയായ പീഡന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ വ്യാപകമായ തോതിൽ കുടിയൊഴിപ്പിക്കലുകൾ നടത്തി. അയ്യപ്പൻകോവിൽ, ചുരുളി, കീരിത്തോട്, ആനച്ചാൽ അങ്ങനെ പല പ്രദേശങ്ങളിലും നിഷ്കരുണവും നിഷ്ഠൂരവുമായ ഒഴിപ്പിക്കൽ നടപടികളാണ് സ്വീകരിച്ചത്.
മലയോര കർഷകർക്ക് പട്ടയം നൽകുന്നതിനെതിരായി തിരുവാങ്കുളം നാച്ചുറൽ ലവേഴ്സ് ക്ലബ്ബ് എന്ന സംഘടന നൽകിയ ഒരു കേസ് കേരള ഹൈക്കോടതിയിലുണ്ടായി. ഈ കേസ് എൽഡിഎഫ് സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിനെ തുടർന്ന് തള്ളി. അവർ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അവിടെയും കേസ് തള്ളി. എൽഡിഎഫ് സർക്കാർ ഫലപ്രദമായി ജനങ്ങൾക്കുവേണ്ടി കോടതിയിൽ ഇടപെട്ടതിന്റെ ഫലമാണിത്. അതിനെ തുടർന്ന് വീണ്ടും യുഡിഎഫ് സർക്കാർ വനമില്ലാത്ത പ്രദേശത്ത് പട്ടയം നൽകാൻ തടസമുണ്ടാക്കുകയും കേന്ദ്ര വനംവകുപ്പിനെ ഇടപെടുത്തുകയും ചെയ്തു. വനം റവന്യു വകുപ്പുകൾ സംയുക്തപരിശോധന നടത്തി അർഹരായവർക്ക് പട്ടയം നൽകുവാൻ തീരുമാനിച്ചു. 1977 ജനുവരി ഒന്നുവരെയുള്ള വനഭൂമി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് ഈ സംയുക്ത പരിശോധന ഏർപ്പെടുത്തിയത്. രാജഭരണകാലം മുതൽ റവന്യുഭൂമിയായി നിശ്ചയിച്ചിരുന്ന പ്രദേശം വനഭൂമിയാക്കി തീരുമാനിക്കുന്നതിനുള്ള കുതന്ത്രമാണ് കെ കരുണാകരന്റെ നേതൃത്വത്തിൽ പി ജെ ജോസഫ് റവന്യു മന്ത്രിയായുള്ള സംസ്ഥാന സർക്കാർ എടുത്തത്. ഇതൊരു വലിയ വഞ്ചനയായിരുന്നു എന്ന് നിസംശയം പറയാൻ കഴിയും. അതിനുള്ള കാരണങ്ങൾ സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്ന കേസിന്റെ വസ്തുതകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ മനസിലാകും. 1995ൽ ടി എം ഗോദവർമ്മൻ തിരുമുൽപാടിന്റെ നിലമ്പൂർ കോവിലകം കേസിനെ തുടർന്നാണ് ഈ പ്രദേശം വനം ആക്കണമെന്ന ആവശ്യം ശക്തിപ്രാപിച്ചത്.
കേസിൽ കോടതിയെ സഹായിക്കാൻ 1986ലെ പരിസ്ഥിതി സംരക്ഷണനിയമപ്രകാരം ഒരു എംപവേർഡ് കമ്മിറ്റി സുപ്രീം കോടതി രൂപീകരിച്ചു. വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന 2003 ൽ ഈ കേസ് എംപവേർഡ് കമ്മിറ്റിക്ക് മുമ്പിൽ സമർപ്പിച്ചു. കേസ് ബാഹ്യശക്തികളുടെ സഹായത്തോടെ ശക്തമായി മുമ്പോട്ടു പോകുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥൻ ഒളിവിലും റിട്ടയർ ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടും ഇതിന് നേതൃത്വം നൽകുന്നു.
എംപവേർഡ് കമ്മിറ്റി അഞ്ചു പ്രാവശ്യം സംസ്ഥാന സർക്കാരിന്റെ അഭിപ്രായം അറിയാൻ വിളിച്ചു. എ കെ ആന്റണി മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാന സർക്കാർ ഹാജരായില്ല. ഒരു മറുപടിയും നൽകിയില്ല. അതിനെക്കാൾ വീഴ്ച എംപവേർഡ് കമ്മിറ്റി, മൂന്നാർ, പീരുമേട് പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ പോലും അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ തിരിഞ്ഞുനോക്കിയില്ല. സിഎച്ച്ആർ പ്രദേശം സന്ദർശിച്ച സന്ദർഭത്തിൽ അവരെ കാണുന്നതിനും നേരിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തി. ഇതിന്റെ ഫലം നമുക്ക് വലിയ തിരിച്ചടിയായി. സംസ്ഥാന സർക്കാരിന്റെ നിലപാട് മൂലം പരിശോധനയ്ക്ക് ശേഷം കമ്മിറ്റി 2005 സെപ്റ്റംബർ ഏഴിന് സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ട് 1980ലെ വനനിയമത്തിന്റെ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്നും 1897ലെ വിജ്ഞാപന പ്രകാരം തിരുമുൽപാട് കേസിന്റെ വിധി മുമ്പ് വനമായിരുന്നതും ഇപ്പോൾ വനമായി തോന്നുന്ന പ്രദേശവും വനമായി കണക്കാക്കണമെന്നാണ്. ഇതാണ് ഇടുക്കിക്കാരെ ഭയപ്പെടുത്തുന്നത്. നിയമമനുസരിച്ച് സിഎച്ച്ആർ റിസർവ് വനമാണെന്നും 1980 ഒക്ടോബർ 25നുശേഷം നൽകിയിട്ടുള്ള പട്ടയങ്ങൾ റദ്ദാക്കണമെന്നും, പാട്ടക്കരാറുകൾ എല്ലാം റദ്ദാക്കി അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കണമെന്നും സിഎച്ച്ആർ വനമായി കാണുകയും അതിനെ സംരക്ഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കണമെന്നും അത് കേരള ഗവൺമെന്റ് നടത്തണമെന്നും ആയിരുന്നു കമ്മറ്റിയുടെ റിപ്പോർട്ട്.
സുപ്രീം കോടതി റിപ്പോര്‍ട്ട് അംഗീകരിച്ച് ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു മറുപടിയും കൊടുത്തില്ല. ആദ്യം എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും ഈ കേസില്‍ നിലപാട് സ്വീകരിക്കാതിരുന്നത് മലയോരത്തിനു ശക്തമായ തിരിച്ചടിയായി എന്നുമാത്രമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സിഎച്ച്ആര്‍ പ്രദേശം വനം ആണെന്ന് പ്രസ്താവിക്കുകയും ചെയ്തു. 2006ല്‍ നിയമസഭയില്‍ ജോണി നെല്ലൂര്‍, ടി എം ജേക്കബ് എന്നീ കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അന്നത്തെ വനം മന്ത്രി എ സുജനപാല്‍ 2,15,720 ഏക്കര്‍ സിഎച്ച്ആര്‍ വനം ആണെന്നാണ് മറുപടി കൊടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ ഈ സമീപനങ്ങള്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സംഘടന കോടതിക്ക് മുമ്പാകെ എത്തിച്ചുകൊണ്ടിരുന്നു.
2007ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വിഷയത്തിന്റെ ഗൗരവം മനസിലാക്കി. വിഷയം പഠിക്കാൻ ഒരു ക്യാബിനറ്റ് കമ്മിറ്റിയെ നിയോഗിച്ചു. കെ പി രാജേന്ദ്രൻ റവന്യു മന്ത്രി, ബിനോയ് വിശ്വം വനംവകുപ്പ് മന്ത്രി, പി കെ ഗുരുദാസൻ തൊഴിൽ മന്ത്രി, എം വിജയകുമാർ നിയമവകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളായ കമ്മിറ്റി രേഖകളും ചരിത്രങ്ങളും പരിശോധിച്ചശേഷം 15,720 ഏക്കർ മാത്രം സിഎച്ച്ആർ ഭൂമിയെന്ന് തീരുമാനിക്കുകയും, സിഎച്ച്ആർ മേഖലയിൽ വനമില്ലെന്നും, ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കി. ചീഫ് സെക്രട്ടറി മുഖാന്തിരം 15,720 ഏക്കർ മാത്രമാണ് സിഎച്ച്ആർ പ്രദേശം എന്നും എന്നാൽ ഇത് റവന്യു ഭൂമിയാണെന്നും ഭൂമിയുടെമേൽ വനംവകുപ്പിന് യാതൊരു അവകാശവും ഇല്ലെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം ചീഫ് സെക്രട്ടറി മുഖാന്തിരം സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഭൂമി കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണുകയും കുടിയേറ്റക്കാരെ സംരക്ഷിക്കുകയും കൈയ്യേറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുന്ന നയവും എൽഡിഎഫ് സർക്കാർ തീരുമാനിച്ചു.
കേസിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ തന്നെ ചുമതലപ്പെടുത്തുകയും അദ്ദേഹം സംസ്ഥാന സർക്കാരിനു വേണ്ടി ഈ കേസിൽ ഹാജരായി വാദം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2024 ഒക്ടോബർ 24ന് പട്ടയവിതരണവും നിർമ്മാണപ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടാകുന്നത്. ഇത് ഈ മേഖലയിലെ ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. കേന്ദ്ര കോൺഗ്രസ് ഗവൺമെന്റ് സ്വീകരിച്ച ജനവിരുദ്ധ നയങ്ങളും സംസ്ഥാന കോൺഗ്രസ് സർക്കാർ സ്വീകരിച്ച കർഷകദ്രോഹ നിലപാടുകളുമാണ് മലയോര ജനതയുടെ നെഞ്ചിൽ ഇപ്പോൾ വീണ്ടും തീകോരിയിട്ടിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമം, 1980ലെ വനസംരക്ഷണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നീ മൂന്ന് കേന്ദ്രനിയമങ്ങൾ ചേർത്തുള്ള നടപടികളാണ് മലയോര ജനതകൾക്കാകെ ജീവിക്കുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതെന്ന് നിസംശയം പറയാം.
1996 ഡിസംബർ 10ന് വനത്തെ സംബന്ധിച്ച് സുപ്രീം കോടതി ഒരു ഉത്തരവിട്ടിട്ടുണ്ട്. വനഭൂമി തിട്ടപ്പെടുത്താൻ രൂപീകരിച്ച ഗോപിനാഥൻ കമ്മിറ്റി സിഎച്ച്ആർ മേഖല വനമായി കണ്ടെത്തിയിട്ടില്ല. 1890ലാണ് തിരുവിതാംകൂർ ഫോറസ്റ്റ് റഗുലേഷൻ ആക്ട് നിലവിൽ വരുന്നത്. അതിലും ഏലമലപ്രദേശം വനമല്ല. ചുരുക്കത്തിൽ 202 വർഷത്തിൽ ഒരിക്കൽപോലും ഏലമലപ്രദേശം വനമാക്കി ഒരു ഉത്തരവും ഉണ്ടായിട്ടില്ല.
യുഡിഎഫ് സർക്കാർ സിഎച്ച്ആർ വനമാണെന്ന് എടുത്ത നിലപാടാണ് 2014 ഓഗസ്റ്റ് 20ന് സെൻട്രൽ എംപവേർഡ് കമ്മിറ്റിയെടുത്തത്. ഇതാണ് അമിക്കസ്ക്യൂറി പരമേശ്വരൻ 2024 ഓഗസ്റ്റ് 21ന് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
യുഡിഎഫ് കൃഷിക്കാർക്കും മറ്റുജനങ്ങൾക്കുമെതിരായി സ്വീകരിക്കുന്ന ദ്രോഹം ചില്ലറയല്ല. ഈ കേസ് ഡമോക്ലീസിന്റെ വാളുപോലെ മലയോര ജനതയുടെ തലയ്ക്കുമീതെ തൂങ്ങുമ്പോൾ സംസ്ഥാന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കണ്ണിമചിമ്മാതെ ഇടുക്കിയിലെ ജനതയെ രക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് ആശ്വാസം പകരുന്നു. സുപ്രീം കോടതിയിൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അത്രയേറെ വ്യക്തമാണെന്ന് എതിരാളികൾ പോലും സമ്മതിക്കും.
ഭൂമിയുടെ കൈകാര്യ ചുമതല സംസ്ഥാനങ്ങളുടെ പൂർണമായ അധികാരത്തിൽപ്പെട്ടതാണ്. 2007 മുതൽ കേരളം ഭരിച്ച എൽഡിഎഫ് സർക്കാരുകൾ വനഭൂമിയല്ലെന്ന് വ്യക്തമാക്കുന്ന നാലു സത്യവാങ്മൂലങ്ങൾ സുപ്രിം കോടതിയിൽ സമർപ്പിച്ചു. ഗവണ്മെന്റ് നിലപാട് മാനിക്കാതെയാണ് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരമുണ്ടായിട്ടുള്ളത്. ഇടുക്കിയെ വനമാക്കി മാറ്റാൻ ശ്രമിക്കുന്ന ആഗോള നിഗൂഢശക്തികൾക്കനുകൂലസ്ഥിതിയിലാണ് കോടതിയിൽ കാര്യങ്ങൾ പുരോഗമിക്കുന്നതെന്ന് സംശയിക്കേണ്ടി വരുന്നു. ഭീതിജനകമായ ഈ സാഹചര്യത്തിൽ വസ്തുതകൾ നേരിട്ടു മനസിലാക്കാൻ സുപ്രീം കോടതി ജഡ്ജിമാർ മേഖല സന്ദർശിക്കണമെന്നാവശ്യപ്പെട്ട് കിസാൻസഭ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കൽ സമര പരിപാടി 2024 നവംമ്പർ 29 മുതൽ ആരംഭിച്ചിട്ടുണ്ട്.
2023ലെ വനസംരക്ഷണ നിയമമനുസരിച്ച് 1996 ഡിസംബർ 12ന് മുമ്പുള്ള വന മേഖലയിൽ താമസിക്കുന്നവർ വ്യക്തമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഹിയറിങ് നടത്തി അവരെ വനപരിധിയിൽ നിന്നും ഒഴിവാക്കുന്നതാണ്. ഇതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള എക്സ്പേർട്ട് കമ്മിറ്റിക്കും, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും വ്യക്തികൾ അപേക്ഷ അയയ്ക്കുന്ന പ്രക്ഷോഭ പരിപാടിയും കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.