18 December 2024, Wednesday
KSFE Galaxy Chits Banner 2

പ്രാണായനം

കയനിയിൽ ജയകുമാർ
December 15, 2024 6:30 am

ഗന്ധവാഹനൻ വന്നു ചുംബിക്കവേ
അന്തിവാനം കുതുകിയായ് നോക്കവേ
കണ്ടു ഞാനെൻ കിനാവിന്റെ മേട്ടിലെ
സങ്കടങ്ങളിൽ ചന്തം പകർന്നതും
കാത്തുവച്ച കിരാതങ്ങളൊക്കെയും
പാതിവെന്തപോൽ പൂവായ്പൊലിഞ്ഞതും
ആർദ്രരാകും കനിവിന്റെ പാട്ടുകാർ
രാത്രി യാത്രയ്ക്ക് കൂട്ടായണഞ്ഞതും
താണനീർത്തുമ്പിയൊന്നു വന്നെന്നുടെ
പ്രാണനോവിൻ പരാഗം കവർന്നതും
സാന്ദ്രമാകും നിലാവിന്റെ നാട്ടീന്ന്
പോകയായി ഞാൻ പ്രാണായനങ്ങളിൽ
ഒന്നുവന്നെന്റെ കൈപിടിച്ചീടുമോ
കണ്ണുനീരിൻ കരിന്തിരി വെട്ടമേ
ഒന്നുവന്നെന്റെയുഷ്ണവേഗങ്ങളിൽ
മഞ്ഞുനീരിൻ തണുപ്പായുറയുമോ
അമ്മ തന്മിഴി ജാലകം പൂട്ടിവച്ചെ-
ന്നെയോർത്തുമിത്തീയായി നിറവേ
അച്ഛനേന്തും കടുംകലശങ്ങളിൽ
രക്ത ശംഖനീരിറ്റിറ്റു വീഴവേ
പാതിരാവിൻ പരിഭ്രാന്തനേരിനെ-
യാചമിക്കുവാനായിറങ്ങുന്നു ഞാൻ
പുണ്യമാകും തിഥിയൊന്നണഞ്ഞുവോ
കന്യാരാഗം വലം വച്ചൊഴിഞ്ഞുവോ
ആർക്കറിയാം കടങ്കഥ പോലെയാം
കാലത്തിന്റെ പൊലിവും പകർച്ചയും

ചെന്നണഞ്ഞു ഞാൻ കാറ്റെനിക്കേകിയ
സ്വപ്നവേഗമാമാകാശ നൗകയിൽ
പുണ്യതീരങ്ങളിൽ ഭാഗ്യലക്ഷ്മിതൻ
പുല്കലേൽക്കവേയെല്ലാം മറന്നു ഞാൻ
കാറ്റ് പോലവേ കാലം പറന്നുപോയ്
കൂട്ടുമുല്ലയ്ക്ക് പൂക്കളായ് കായ്കളായ്
കാത്തുകാത്തൊരു രാവിൻ പകർച്ചയിൽ
ആഞ്ഞണഞ്ഞ വികാരവേഗങ്ങളിൽ
വീർത്തകണ്ണിന്റെ ഭാവഭേദങ്ങളെ
ചീർത്ത നെഞ്ചത്തടക്കിപ്പിടിച്ചു
ഞാൻ ആംഗലങ്ങളും റൂഷിൻ പകർച്ചയും
ചോരചോരും കരിം ചൊടിപൂക്കളും
തുത്തുമാറ്റിയെൻ കൂടെയിറങ്ങുവാൻ
കുട്ടുകാരിക്ക് കല്പനയേകിഞാൻ
കൂട്ടരില്ലാ ബഹുനിലമാളിക
പൂട്ടിവച്ചു പടിക്കലെത്തീടവേ
ഇല്ലയാരും വിതുമ്പിയണയുവാൻ
ഇല്ലയാരും വികാരം പടർത്തുവാൻ
വന്നുപോകും വഴിയമ്പലത്തിലെ
വന്യവിസ്മൃത ശുഷ്കരാഗങ്ങളിൽ
തെല്ലുമില്ല കനിവിന്റെ വെള്ളിനീർ
തെല്ലുമില്ല കുയിലിന്റെ നിസ്വനം
നാളെയെത്തും പുതുമതൻ മോഹത്തെ
തേടി നിൽക്കുന്നു കാലം നിസംഗനായ്.

വന്നണഞ്ഞു ഞാൻ ഭൂതയക്ഷിക്കാവിൻ
രമ്യവിസ്മൃത വന്യസ്ഥലികളിൽ
കാട്ടുപുള്ളൊന്നു വന്നതെൻ നെഞ്ചിലെ
കാർത്തിക തൻ തിരിത്തള്ളലാകവേ
പ്രാണനൂറും കടവിൽ നീർവഞ്ചികൾ
പാതിനോവിൻ പ്രയാണം തുടങ്ങവേ
പോതി വന്നെൻ കരിംകവിൾ കള്ളങ്ങൾ
പാതിരാത്രിപോൽ മുത്തിയകലവേ
ആദിപ്രേമത്തിന്നസ്ഥിമാടത്തിലായ്
വീണകണ്ണീർ പ്രകാശം പരത്തവേ
പാലൊളികളിൽ പാതിരായാത്രതൻ
പ്രാണശംഖൊലി പാളി വന്നെത്തവേ
വീണപച്ചയും ആറ്റിന്റെ പാട്ടുമെൻ
കാറ്റിനെക്കുതികൊള്ളിച്ചു പായവേ
ആളകങ്ങളിൽ സ്നേഹപ്രകാരങ്ങൾ
ഊറിവന്നെന്റെ നെഞ്ചിൽ തെളിയവേ
പാതിപോയോരെൻ ജീവന്റെ തുള്ളിനീർ
ചോരുംനെഞ്ചിലടക്കി നിൽക്കുന്നു ഞാൻ
ഒന്നുവന്നെന്റെ പ്രാണനിൽ മുത്തുമോ
കന്യകമ്രമാകാശ നീലമേ
ഒന്നുവന്നെൻ കരം പിടിച്ചീടുമോ
ഹരിതരമ്യമാം പുൽച്ചെടിക്കൂട്ടമേ
ഒന്നുവന്നെൻ നെറുകയിലിറ്റുമോ
ഈറ്റുനോവിൻ പ്രകാശതീർത്ഥങ്ങളെ
വന്യമാകുമെന്നുഷ്ണ പ്രവേഗത്തിൽ
പാതി ജന്മം പൊലിഞ്ഞതിൻ പിന്നാലെ
കാത്തുവന്ന കുതുകിയാമെന്നിലേ-
ക്കാർദ്ര രാഗ പ്രവാഹമൊഴുക്കുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.