18 December 2024, Wednesday
KSFE Galaxy Chits Banner 2

ജനാധിപത്യവും മതേതരത്വവും നിരാകരിക്കുന്ന ജമാഅത്തെ ഇസ്ലാമി

ടി ടി ജിസ്‌മോന്‍
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
December 17, 2024 4:05 am

ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വത്തിന്റെ ഇസ്ലാമിക പതിപ്പായ ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം മതേതര ജനാധിപത്യവ്യവസ്ഥയുടെ രാഷ്ട്രീയ‑ഭരണ‑തൊഴിൽ മേഖലകളോട് വിരക്തി പ്രകടിപ്പിക്കുകയും അപ്രകാരം ഈ മേഖലകളിൽ നിന്ന് അകന്നുനിൽക്കാൻ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുന്നതായും കാണാം. പ്രയോഗത്തിൽ മതരാഷ്ട്രസിദ്ധാന്തവും പുറമെ മതേതര നാട്യവും എന്ന ദ്വിമുഖ തന്ത്രം മുഖമുദ്രയാക്കുകയും മതേതര ജനാധിപത്യ വ്യവസ്ഥയുമായി സഹകരിക്കുന്നതിനെ ദൈവത്തിനെതിരായ കൊടും പാതകമായി വിലയിരുത്തുകയും ചെയ്യുന്നു ജമാഅത്തെ ഇസ്ലാമി. 

മൗദൂദിസ്റ്റുകളുടെ അവകാശവാദം കാണുക: “ഇസ്ലാമിന്റെ ആശയാടിത്തറയിലാണ് മൗദൂദി ജമാഅത്തെ ഇസ്ലാമിയെ കെട്ടിപ്പടുത്തത്. ഖുർആനും സുന്നത്തുമാണ് (നബിചര്യ) അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ. ഇത് രണ്ടും തന്നെയാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെയും അടിസ്ഥാന പ്രമാണങ്ങൾ. ഖുർആനും സുന്നത്തുമാണ് ഓരോ മുസ്ലിമിന്റെയും ജീവിതത്തിൽ വെളിച്ചം കാണിക്കേണ്ടത്’’ (ഇസ്ലാം പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട്, പേജ് 6). എന്നാൽ മൗദൂദിയുടെ അനുയായികളുടെ ഈ അവകാശവാദം പാടെ നിരാകരിക്കുന്ന പ്രബല മുസ്ലിം സംഘടനകൾ തന്റെ വികല വാദങ്ങളെ സ്ഥാപിക്കാൻ മൗദൂദി ഖുർആൻ വചനങ്ങൾ ദുർവ്യാഖ്യാനിച്ച് മതവിരുദ്ധ ആശയം പടയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോപിക്കുന്നത്. 

ജമാഅത്തെ ഇസ്ലാമി രൂപീകരിക്കുന്നതിന്റെ മുന്നോടിയായി 1938ൽ പഞ്ചാബിലെ പട്ടാൻകോടിൽ മൗദൂദി സ്ഥാപിച്ച സംഘടനയാണ് ‘ദാറുൽഇസ്ലാം സഭ’. അതിൽ ആദ്യ കാലങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അബുൽ ഹസൻ അലി ന‌ദ്‌വി എന്ന പണ്ഡിതൻ മതരാഷ്ട്രവാദമെന്ന വികല വാദഗതി സ്ഥാപിക്കാനായി മത പ്രമാണങ്ങളെ മൗദൂദി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചുകൊണ്ട് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം രചിച്ച ‘ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം’ എന്ന പുസ്തകത്തിൽ മൗദൂദിയുടെ വീക്ഷണങ്ങളെ ഇസ്ലാമിക പ്രമാണങ്ങളിലൂടെ തന്നെ ഖണ്ഡിക്കുന്നതായും കാണാൻ കഴിയും. ദൈവം മാത്രമാണ് രാഷ്ട്രീയ സംരക്ഷകനെന്നും അതുകൊണ്ട് തന്നെ ദൈവേതര വ്യവസ്ഥയുമായുള്ള സഹകരണം അനിസ്ലാമികമാണെന്നും ദൈ­വത്തോടുള്ള ആരാധന എന്നത് ഭൗതികവും ആത്മികവും രാഷ്ട്രീയവുമായുള്ള അനുസരണമാണെന്നും പഠിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന പ്രകാരം അവിശ്വാസികളുടെ സർക്കാരിൽ സേവനം ചെയ്യുന്നത് പോലും നിഷിദ്ധമാണ്. അപ്രകാരമുള്ള വ്യവസ്ഥകളുടെ ഭാഗമായ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതാകട്ടെ ദൈവേതര ഭരണഘടനയനുസരിച്ചുള്ള നിയമ നിർമ്മാണത്തെ സഹായിക്കുകയാണെന്നാണ് പറയുന്നത്. 

കേരളത്തിലെ പ്രമുഖ ജമാഅത്തെ ഇസ്ലാമി പണ്ഡിതന്റെ വാക്കുകൾ കേൾക്കാം. “ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ഒരംഗവും ഒരു എംപിയോ എംഎൽഎയോ എന്നു വേണ്ട പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല. ആകാൻ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നുവെങ്കിൽ ‘ഇഖാമത്തുദ്ദീനിന്’ (മത സംസ്ഥാപനം ) ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാർട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാൽ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാൻ നിർബന്ധിച്ച് ഏല്പിച്ചാൽ പോലും ജമാഅത്തെ അതിന് തയ്യാറാവുകയില്ല” (തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി, ശൈഖ് മുഹമ്മദ് കാരക്കുന്ന് പേജ് 44). കാല ക്രമേണ ആശയങ്ങളിൽ വെള്ളം ചേർക്കുകയും 1986ന് ശേഷം മതേതര രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ആഹ്വാനം നടത്തുകയും നിലവിൽ രാഷ്ട്രീയ പാർട്ടിയടക്കം രൂപീകരിച്ച് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്യുന്നത് നമുക്കറിയാമല്ലോ! ജനാധിപത്യവ്യവസ്ഥയിലെ സർക്കാർ സർവീസിനെ എതിർത്തിരുന്നവരുടെ മനംമാറ്റം കാണുക,
“പതിനായിരങ്ങൾ വരുമാനം ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജോലിയെക്കാൾ പലതുകൊണ്ടും മെച്ചപ്പെട്ടുനിൽക്കുന്നതാണ് സർക്കാർ ജോലി. ബഹുജന ബന്ധത്തിലൂടെ ജനസേവനത്തിന്റെയും അധികാരത്തിന്റേതുമായ വലിയൊരു ലോകം അത് തുറന്നുതരുന്നു. ഉദ്യോഗസ്ഥതലങ്ങളിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും സ്വജനപക്ഷപാതിത്വത്തെയും വലിയ വായിൽ വിമർശിച്ചതുകൊണ്ട് മാത്രമായില്ല, അത്തരം ന്യൂനതകൾക്ക് വിധേയപ്പെടാത്ത സമുദായത്തിൽ നിന്നുള്ളവരെ പ്രസ്തുത തലങ്ങളിലെത്തിക്കുകയെന്നതും നമ്മുടെ ചുമതലയാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ആദർശപരമായ ബാധ്യതയുമാണത്” (പ്രബോധനം ‑2011 ജൂലൈ 2, സർക്കാർ ജോലി: സമുദായത്തിന് അജണ്ട വേണം എന്ന ലേഖനത്തിൽ നിന്ന്).

ജനാധിപത്യത്തിനും മതേതരത്വത്തിനും ദേശീയതയ്ക്കുമെതിരെ ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്നത് തീർത്തും പ്രതിലോമപരമായ കടന്നാക്രമണങ്ങളാണെന്ന് കാണാൻ കഴിയും. ഇവരുടെ ആദർശവും പ്രവർത്തനങ്ങളും എത്രമാത്രം അ­പകടകരമാണെന്നതിന്റെ തെ­ളിവായി മൗദൂദിയുടെ മറ്റൊരു പുസ്തകത്തിലെ പരാമർശം ശ്രദ്ധിക്കൂ! ” നമ്മുടെ പക്ഷത്ത് പ്രസ്തുത മൂന്ന് തത്വങ്ങളും (ദേശീയത, സെക്കുലറിസം, ജനാധിപത്യം ) അബദ്ധ ജടിലങ്ങളാണ്. അബദ്ധ ജടിലങ്ങളെന്ന് മാത്രമല്ല മനുഷ്യൻ ഇന്ന് അടിമപ്പെട്ട് പോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേര് ആ തത്വങ്ങളാണെന്ന് കൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്തവത്തിൽ ഇതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴു ശക്തിയുമുപയോഗിച്ച് അവയ്ക്കെതിരെ സമരം നടത്തിയേ തീരൂ (മതേതരത്വം, ദേശീയത്വം ജനാധിപത്യം, ഒരു താത്വിക വിശകലനം പേജ് 15).
സ്വാധീനമുള്ളയിടങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങളെ വർഗീയ വാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത് എന്നും കാണാൻ കഴിയും. പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് വിമോചന സമരത്തിന് എതിരായ നിലപാടാണ് അന്ന് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമര വേളയിൽ ബംഗാളി ദേശീയവാദികളായ സ്വാതന്ത്ര്യപ്പോരാളികളെ എതിരിടുന്നതിന് വേണ്ടി പടിഞ്ഞാറൻ പാകിസ്ഥാനിൽ രൂപീകൃതമായ ഈസ്റ്റ് പാകിസ്ഥാൻ പീസ് കമ്മിറ്റി എന്നൊരു സംഘമുണ്ടായിരുന്നു. ബംഗാളി ഭാഷയിൽ ‘ശാന്തി ബാഹിനി’ എന്നറിയപ്പെട്ട ഈ അക്രമ സംഘടനയ്ക്ക് നേതൃത്വം നൽകിയവരിൽ പ്രധാനി പൂർവ പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമിയുടെ അമീർ ആയിരുന്ന ഗുലാം ഹസൻ ആയിരുന്നുവെന്നോർക്കണം. ബംഗ്ലാദേശ് വിമോചന സമരക്കാരെയും അവാമി ലീഗ് പാർട്ടിക്കാരെയും മുസ്ലിങ്ങളല്ലാത്ത കിഴക്കൻ ബംഗാളികളെയും കണ്ടെത്തി അവർക്കെതിരെ വംശീയ ഉന്മൂലനം ലക്ഷ്യംവച്ചുള്ള മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾക്കാണ് അന്ന് ഇക്കൂട്ടർ നേതൃത്വം നൽകിയത്. പൂർവ പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർത്ഥി വിഭാഗവും അൽ-ബദർ, അൽ‑ഷംസ് എന്നീ പേരുകളിൽ പാരാമിലിറ്ററി വിഭാഗങ്ങളുണ്ടാക്കുകയും പാക് സൈന്യം കിഴക്കൻ ബംഗാളിൽ നടത്തിയ വ്യാപകമായ കൂട്ടക്കൊലകൾക്കും അതിക്രമങ്ങൾക്കും പൂർണ പിന്തുണ നൽകുകയുമായിരുന്നു. അതുപോലെ തന്നെ ബംഗ്ലാദേശിൽ ഭരണ കൂടത്തിനെതിരെ ഉയർന്നു വന്ന പ്രക്ഷോഭത്തിനിടയിൽ ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ ‘റസാക്കർ’ എന്ന് അഭിസംബോധന ചെയ്തത് ഓർക്കുന്നുണ്ടാകും.
1971ൽ ജമാഅത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുൾ കലാം മുഹമ്മദ് യൂസുഫ് സ്ഥാപിച്ച ‘റസാക്കർ’ സേന സ്വാതന്ത്ര്യ സമരത്തെ അട്ടിമറിക്കാൻ പാക് സൈന്യത്തിന്റെ കൂടെ ചേർന്ന് ബംഗ്ലാദേശ് വിമോചനപ്പോരാളികളെ പീഡിപ്പിക്കാനും വധിക്കാനും കൂട്ട് നിന്നതിനെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ഹസീനയുടെ പരാമർശം. 1972ൽ മുജീബ് റഹ്‌മാൻ സർക്കാർ ഭരണഘടനാ വകുപ്പ് ഭേദഗതിചെയ്ത അവസരത്തിൽ നിരോധനമേർപ്പെടുത്തിയ സംഘടനകളിൽ ജമാഅത്തെ ഇസ്ലാമിയുമുണ്ടായിരുന്നു.
ലോകത്താകമാനം ഇസ്ലാമികവല്‍ക്കരണമെന്ന അജണ്ടയുമായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി ഇന്ത്യൻ ജനാധിപത്യ – മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനയ്ക്കു തന്നെയും ഉയർത്തുന്ന വെല്ലുവിളികൾ നിസാരമല്ല. ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനം മതമാണെന്നും രാജ്യത്തിന്റെ പ്രാഥമിക ആവശ്യങ്ങളിൽ പോലും അംഗീകരിക്കപ്പെടേണ്ടത് മതത്തിന്റെ താല്പര്യങ്ങളാണെന്നുമുള്ള വിഷലിപ്ത ആശയങ്ങൾ രാജ്യത്തിന്റെ ബഹുസ്വരതയെയാണ് വെല്ലുവിളിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്ലാമിക സമൂഹമൊന്നടങ്കം തള്ളിക്കളഞ്ഞ മൗദൂദിയുടെ നികൃഷ്ട രാഷ്ട്രീയത്തെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളിലൂന്നിയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.