19 December 2024, Thursday
KSFE Galaxy Chits Banner 2

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും വിദേശ നിക്ഷേപം പിൻവലിക്കൽ ഭീഷണിയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 19, 2024 4:45 am

നിരവധി വർഷക്കാലത്തിനിടയിൽ നടന്നിട്ടില്ലാത്ത വിധമാണ് സമീപകാലത്ത് വിദേശനിക്ഷേപ സ്ഥാപനങ്ങൾ അവയുടെ നിക്ഷേപം ഇന്ത്യയിൽ നിന്നും പിൻവലിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശിക ഓഹരിവിപണികളുടേതിനു പുറമെ, സമ്പദ് വ്യവസ്ഥയുടെ പൊതു ആരോഗ്യസ്ഥിതിയെ പറ്റിയും കടുത്ത ആശങ്കകളാണ് ഇതിലൂടെ പ്രതിഫലിക്കപ്പെടുന്നത്. 2024 ഒക്ടോബറിൽ മാത്രം വിറ്റഴിക്കപ്പെട്ടത് 1.14 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപമാണ്. നവംബറിൽ 42,000 കോടി രൂപയ്ക്കുള്ള നിക്ഷേപവും വിറ്റഴിക്കപ്പെട്ടു. ഇതിനു മുമ്പ് ഇതിലേറെ ഉയർന്ന വില്പന നടത്തിയിട്ടുള്ളത് കോവിഡ്-19 കാലയളവിലാണ്, 65,816 കോടി. ഇപ്പോഴിതാ പ്രതിസന്ധിക്ക് പുതിയൊരു മാനം കൂടി കൈവരാൻ പര്യാപ്തമായ അഡാനി ഗ്രൂപ്പിനെതിരായി യുഎസ് സർക്കാരിന്റെ കൂടി അറിവോടെയും അംഗീകാരത്തോടെയും അതീവ ഗുരുതരമായൊരു നീക്കമുണ്ടായിരിക്കുന്നു. കൂടാതെ ഓഹരി വിപണി ഇടപാടുകളിൽ അഴിമതി ആരോപണം ഉയർന്നതിന്റെ പേരിൽ അറസ്റ്റ് വാറന്റ് വരെ ഉണ്ടായിരിക്കുകയാണ്. 

വിദേശമൂലധന നിക്ഷേപത്തിന്റെ വെളിയിലേക്കുള്ള പ്രവാഹത്തിന് അഡാനി വിവാദം ആക്കം വർധിപ്പിക്കാതിരിക്കില്ലെന്നത് ഉറപ്പാണ്. ഇന്ത്യയിലെ മോഡി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഈ ഘട്ടത്തിൽ പ്രത്യേക പ്രാധാന്യം കാണേണ്ടൊരു കാര്യമുണ്ട്. പിൻവലിക്കപ്പെടുന്ന ഓഹരി മൂലധന നിക്ഷേപം ചെന്നെത്തുന്നത് ചൈനയിലാണെന്ന വസ്തുതയാണത്. ഡോളർ രൂപത്തിലുള്ള ഈ മൂലധനത്തിന്റെ ഒഴുക്ക് യുഎസ് ഡോളറിന്റെ വിപണി മൂല്യവർധനവിനെ തുടർന്നുള്ള അധിക സ്വീകാര്യത കടിയാണ്. വ്യാപാര ചെലവിലും ഇന്ത്യയുടേതിനോട് തട്ടിച്ചുനോക്കുമ്പോൾ വലിയ നേട്ടവുമുണ്ട്. അതായത് ചൈനീസ് വിപണി നിക്ഷേപത്തിലൂടെ അധിക ലാഭം കുറഞ്ഞ ചെലവിൽ നേടിയെടുക്കാമെന്ന് വ്യക്തമാകുന്നു. 

ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യയുടേതിനെ അപേക്ഷിച്ച് അധിക മൂലധന നിക്ഷേപത്തിന് കളമൊരുക്കിയ മറ്റൊരു സാഹചര്യം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ്. ഫലം ട്രംപിന് അനുകൂലമായതും ചൈനയ്ക്ക് സഹായകമായി. യുഎസ് ചൈനീസ് സമ്പദ്‌വ്യവസ്ഥകളിൽ നിക്ഷേപത്തിനുള്ള ലാഭം ഉറപ്പാണെന്ന സാഹചര്യത്തിൽ, വികസന മേഖലയിൽ അനിശ്ചിതത്വം തുടർന്നും നിലവിലിരിക്കുന്ന ഇന്ത്യയിൽ എന്തിന് പണം മുടക്കണം എന്ന ചോദ്യം നിക്ഷേപകരുടെ ചിന്തയിൽ ഉടലെടുക്കുക സ്വാഭാവികമാണ്. 

ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ മൂലധന നിക്ഷേപ നേട്ടങ്ങൾക്കുമേൽ നിലവിലുള്ള നികുതി നിരക്കുകളിൽ കുറവുണ്ടാകുമെന്നും ഉല്പാദന പ്രോത്സാഹന നടപടികൾ പ്രയോഗത്തിലാകുമെന്നും ചൈനയിൽ നിന്നും മറ്റും സബ്സിഡിയോടെയുള്ള ഇറക്കുമതികൾക്കുമേൽ കുത്തനെയുള്ള വർധനവോടുകൂടിയ തീരുവകകളുണ്ടാകുമെന്നും ഉറപ്പാക്കാം. ഈ വിധത്തിലുള്ള നിരവധി പരിഷ്കാരങ്ങളുടെ ഫലമായി യുഎസ് ഡോളറിന്റെ വിനിമയ മൂല്യം ഇന്ത്യയെപോലുള്ള വികസ്വര രാജ്യങ്ങളുടെ ദേശീയ കറൻസികളുടെ മൂല്യത്തെക്കാൾ ഉയർന്ന നിലയിലെത്തുമെന്നതിലും സംശയമില്ല. മാത്രമല്ല, ട്രംപിന്റെ ഉജ്വലവിജയത്തെ തുടർന്ന് രൂപയുടെ വിനിമയ മൂല്യത്തിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നതും ഇതോടൊപ്പം “അഡാനി ഫാക്ടറും” കൂടിയാവുമ്പോൾ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത. വൈറ്റ് ഹൗസിലെ അധികാരമാറ്റം മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കൻ വിപണിയിലേക്കുള്ള മൂലധന ഒഴുക്ക് വർധിപ്പിക്കുമെന്നുതന്നെ വേണം കരുതാൻ.
വിദേശ നിക്ഷേപ മൂലധനത്തിന്റെ തുടർച്ചയായ വരവ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപ വർധനവിന് അനിവാര്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നു. വിദേശ വ്യാപാര മേഖലയിൽ നേരിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാകുന്നതെങ്കിൽ തന്നെയും ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ കനത്ത ആഘാതമായിരിക്കും ഉണ്ടാവുക. വിനിമയ നിരക്കുകളിൽ കൂടെക്കൂടെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്കുനേരെയായിരിക്കും പ്രതികരണങ്ങൾ ഉടലെടുക്കുക. ആഗോള മൂലധന നിക്ഷേപ സ്ഥാപനങ്ങളെ ഇന്ത്യൻ വിപണി നിക്ഷേപത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതോടൊപ്പം, നിലവിലുള്ള നിക്ഷേപത്തിന്റെ വെളിയിലേക്കുള്ള ഒഴുയ്ക്കു ത്വരിതപ്പെടുത്തുന്നതിനും ഈ സാഹചര്യം ആക്കം വർധിപ്പിക്കും. 

സ്വാഭാവികമായും നിക്ഷേപമൂലധനത്തിന്റെ ഊർജസ്വലതയ്ക്ക് കോട്ടം സംഭവിക്കുന്നതിന്റെ ഫലമായി സെൻസെക്സിലും ദേശീയ വിപണിയിലും ഇവയുടെ മൂല്യം 11–12 ശതമാനം വരെ ഇടിവ് കാണപ്പെടുകയും ചെയ്തു. ഇക്കൂട്ടത്തിൽ തന്നെ കൂടുതൽ ഇടിവു രേഖപ്പെടുത്തപ്പെട്ടത് ചെറിയതും ഇടത്തരവുമായ നിക്ഷേപസ്ഥാപനങ്ങളുടെ ഓഹരികൾക്കാണ്. ഇതിലും അപാകതയൊന്നുമില്ല. അതേ അവസരത്തിൽ ഇതിന്റെ ആഘാതത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കഴിയാതിരുന്നത് ഇന്ത്യൻ കറൻസിയായ രൂപയുടെ വിനിമയ മൂല്യത്തിനാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം തുടർച്ചയായി രണ്ടാം വട്ടവും 84.50 രൂപയിലെത്തുകയായിരുന്നു. ഇതിലേക്ക് നയിച്ചത് യുഎസ് ഡോളറിന്റെ മൂല്യവർധനവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചനിരക്കും മാത്രമായിരുന്നില്ല റഷ്യാ-ഉക്രെയ്ൻ യുദ്ധത്തിന്റെ തുടർച്ചയ്ക്കും കൂടിയായിരുന്നു. ഇത്തരമൊരു പ്രതികൂലസാഹചര്യത്തിൽ ഒരുതരത്തിലും പിടിച്ചുനിൽക്കാൻ കഴിയാതെവന്നത് ചെറുകിട നിക്ഷേപകർക്കും നിക്ഷേപസ്ഥാപനങ്ങൾക്കുമായിരുന്നു. നിരവധി മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളും അപ്രതീക്ഷിതമായ ഈ ഷോക്കുകൾക്ക് ഇരകളായി മാറുകയും ചെയ്തു എന്നതാണ് തിരിച്ചറിയേണ്ടുന്ന യാഥാർത്ഥ്യം. 

ഇന്ത്യയടക്കമുള്ള വികസ്വരരാജ്യ സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം പ്രധാനമായി കാണേണ്ടൊരു പ്രശ്നം ഇത്തരമൊരു സാഹചര്യത്തിൽ നിന്നും കരകയറാൻ കഴിയുമോ എന്നതാണ്. ഹ്രസ്വകാലയളവിലാണെങ്കിൽ, നമുക്ക് പിടിച്ചുനിൽക്കാൻ കഴി‍ഞ്ഞേക്കാം. ഒരു പരിധിക്കപ്പുറം പരിതസ്ഥിതി പഴയനിലയിലെത്തിക്കാതെ തരമില്ലാതെ വരും. ഏതായാലും ഒരു കാര്യം ഉറപ്പാക്കാം.
നിരവധി ആഗോള നിക്ഷേപക സ്ഥാപനങ്ങളും ക്രെഡിറ്റ് റേറ്റിങ് ഏജൻസികളും അഭിപ്രായപ്പെട്ടിരിക്കുന്നത് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ യുഎസ് ഫെഡറൽ റിസർവ് പുതിയൊരു പണനയത്തിന് രൂപം നല്കുമെന്നാണ്. ഇതിന്റെ സ്വാധീനം ഇന്ത്യൻ ബാങ്കിങ്, ധനകാര്യ മേഖലകളിലും ഉണ്ടാക്കുമെന്നുതന്നെ വേണം പ്രതീക്ഷിക്കാൻ. നിലവിൽ ഗൗതം അഡാനിക്കെതിരായി ‘ഹിൻഡർബർഗ്’ കണ്ടുപിടിത്തങ്ങൾക്കും അഴിമതി ആരോപണങ്ങളുടെ അനാവരണങ്ങൾക്കും ശേഷം ട്രംപിന്റെ കൂടി മൗനാനുവാദത്തോടെ ഉയർത്തപ്പെട്ടിരിക്കുന്ന കൂടുതൽ ഗുരുതരമായ ധനകാര്യ തിരിമറികളുടെ പരമ്പരയും ഇന്ത്യൻ ഓഹരി വിപണികളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അ നിശ്ചിതത്വങ്ങളുടെ അലയലുകളുടെയും പശ്ചാത്തലത്തിൽ നമ്മുടെ ഓഹരികളെയും നിക്ഷേപങ്ങളെയും ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്നതിനെപ്പറ്റി ഉറപ്പില്ലാത്തൊരു അന്തരീക്ഷമാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതേത്തുടർന്ന് ഇന്ത്യൻ ഓഹരി നിക്ഷേപ വിപണിയിൽ നിന്നും ഇന്നും തങ്ങളുടെ മൂലധനനിക്ഷേപം പിൻവലിക്കാതിരിക്കുന്ന നിക്ഷേപസ്ഥാപനങ്ങൾ, ഭാവിയിൽ എന്തുനിലപാടാണ് സ്വീകരിക്കുക എന്നതിൽ സംശയം നിലനിൽക്കുകതന്നെയാണ്. 

അവശേഷിക്കുന്ന ഓഹരി നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവം സ്വാധീനിക്കുമെന്ന് കരുതപ്പെടുന്നത് ജിഡിപി വളർച്ചനിരക്ക് വർധനവും കോർപറേറ്റ് മേഖലിലെ ധനകാര്യ നേട്ടങ്ങളുമായിരിക്കും. വിദേശ ഓഹരി നിക്ഷപങ്ങളുടെ വില്പന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിനുമുമ്പ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 1.8 ലക്ഷം കോടി രൂപയിലേറെ പണം നീക്കിയിരിപ്പായി ഉണ്ടായിരുന്നതാണ്. ഈ നീക്കിയിരിപ്പിന്റെ സഹായത്തോടെ പ്രാവർത്തികമാക്കിയ ചിട്ടയായ നിക്ഷേപ പദ്ധതികളിലൂടെ പിൻവലിക്കൽ നടപടികൾക്കെതിരായ ചെറുത്തുനില്പ് സംഘടിപ്പിക്കാനും കഴിയുമായിരുന്നു. എന്നാൽ, പുറത്തേക്ക് പ്രവഹിച്ച മൂലധന നിക്ഷേപം ഇന്ത്യൻ‍ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരികെ എത്തണമെങ്കിൽ യുഎസ് ഡോളർ കൂടുതൽ ബലഹീനമാവുകതന്നെ വേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതത്ര എളുപ്പമാകുമെന്നു കരുതേണ്ടതില്ല. നിലവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്നത് മൂന്നുതരം വെല്ലുവിളികളാണെന്ന് പറയാവുന്നതാണ്. ഒന്ന്, ഇന്ത്യയെ വിൽക്കുക, ചൈനയെ വാങ്ങുക’ എന്ന മുദ്രാവാക്യമാണ്. രണ്ട്, 2025 ധനകാര്യ വർഷത്തിൽ ഇന്ത്യൻ കോർപറേറ്റുകളുടെ നേട്ടങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം, മൂന്ന്, ‘ട്രംപിന്റെ വ്യാപാരനയം’ ഇതിനോടൊപ്പം നാം എത്രതന്നെ നിസാരവൽക്കരിക്കാൻ ശ്രമിച്ചാലും അഡാനി ഗ്രൂപ്പിനെതിരായി ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഏല്പിക്കാനിടയുള്ള ആഘാതം ഇതെല്ലാം തന്നെ യുഎസിലേതടക്കമുള്ള നിക്ഷേപകർ നടത്താനിടയുള്ള മൂലധന നിക്ഷേപത്തെ പ്രത്യക്ഷമായോ, പരോക്ഷമായോ സ്വാധീനിക്കുകതന്നെ ചെയ്യുമെന്ന് ഉറപ്പാണ്. അതേ അവസരത്തിൽ നമുക്ക് അല്പമെങ്കിലും ആശ്വാസം നല്കുന്നത് ഇന്ത്യൻ ഐടി ഓഹരികൾക്കുള്ള എഫ്ഐഐ ഡിമാന്റ് വലിയ കോട്ടം കൂടാതെ നിലനിൽക്കുന്നു എന്നതാണ്. ഐടി ഓഹരികൾക്ക് പൊതുവായി നിക്ഷേപമേഖലയിൽ വ്യാപകമായിരിക്കുന്ന ഷോക്കിൽ നിന്നും ഒരു വിധത്തിൽ പിടിച്ചുനിൽക്കാനും കഴിഞ്ഞിട്ടുണ്ട്. അതേ അവസരത്തിൽ ട്രംപുമായി ചേർന്ന് ‘ചൈനീസ് ടൈഗർ’ ഒരുക്കാനിടയുണ്ടെന്ന് പറയപ്പെടുന്ന ‘കെണി‘യിൽ വീണുപോവാതിരിക്കാൻ ഇന്ത്യ‍ൻ ഐടി വിപണിക്ക് പ്രത്യേക ശ്രദ്ധയും വേണം. ഇവിടെയും അഡാനി ഫാക്ടർ വഹിക്കാനിടയുള്ള പങ്ക് നിസാരമായികാണുകയുമരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.