ദീര്‍ഘകാലത്തെ പരിഗണനയ്ക്കുശേഷമാണ് മോഡി സര്‍ക്കാര്‍ 2024 ഡിസംബര്‍ 10ന് സ്ഥാനമൊഴിഞ്ഞ ശക്തികാന്ത് ദാസിന് പിന്‍ഗാമിയെന്ന നിലയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലേക്ക് നിലവില്‍ റവന്യൂ സെക്രട്ടറി ചുമതല വഹിക്കുന്ന സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുന്നത്. ഡോ. മല്‍ഹോത്രയുടെ നിയമനത്തോടെ, തുടര്‍ച്ചയായി രണ്ടാംവട്ടവും കേന്ദ്രഭരണകൂടം തന്ത്രപ്രധാനമായ ഒരു പദവിയിലേക്ക് ഒരു സാമ്പത്തിക ധനശാസ്ത്ര വിദഗ്ധനുപകരം മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പുതുതായി ചുമതലയേറ്റ മല്‍ഹോത്ര കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എന്‍ജിനീയറിങ് ബിരുദവും പ്രിന്‍സ്‌ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊതുനയ മേഖലയില്‍ മാസ്റ്റേഴ്സ് ബിരുദവും നേടിയ ഭരണാധികാരിയാണ്. 1990ലാണ് അദ്ദേഹം ഐഎഎസില്‍ സേവനമാരംഭിക്കുന്നതും. അങ്ങനെ, അക്കാദമിക്ക് മേഖലയില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള ഒരു ധനശാസ്ത്രജ്ഞനെന്നതിലുപരി ഭരണപരിചയമുള്ളൊരു ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് മല്‍ഹോത്രയുടെ നിയമനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെയും ധനമന്ത്രാലയത്തേയും ഇതുപോലൊരു തീരുമാനത്തിന് രണ്ടാംവട്ടം കൂടി പ്രേരിപ്പിച്ചത്, മുന്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസും കേന്ദ്രഭരണകൂടവും തമ്മില്‍ നിലനിര്‍ത്താനായിരുന്ന പരസ്പരധാരണയോടെയുള്ള നയരൂപീകരണവും നടപ്പാക്കലും ആയിരിക്കാം.
ശക്തികാന്ത് ദാസിന് ആറ് വര്‍ഷക്കാലത്തെ ആര്‍ബിഐ ഗവര്‍ണറെന്ന പദവിയിലിരിക്കെ, വ്യക്തിപരമായി മാത്രമല്ല, തന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്ന പണനയം ഏതുവിധേന സമ്പദ്‌വ്യവസ്ഥയെ ആകെത്തന്നെ ബാധിക്കുമെന്നതിനെപ്പറ്റിയും ഗുരുതരമായ വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതെന്ന് നമുക്കറിയാം. ഇതിനുള്ള പ്രധാന കാരണം കോവിഡ് എന്ന പാന്‍ഡെമിക്കിന്റെ കടന്നാക്രമണം തന്നെയാണ്. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഈ ഭീഷണിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യന്‍ ജനതയെയും ഏതുവിധേനെയും സംരക്ഷിച്ചുനിര്‍ത്തുക എന്ന കഠിനപ്രയത്നമാണ് ഏറ്റെടുക്കേണ്ടി വന്നത്. ഇന്ത്യയിലെ വികസ്വര സ്വഭാവം കെെവിടാന്‍ കഴിയാതിരുന്ന ധനകാര്യ, ബാങ്കിങ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുകയല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നുമില്ലല്ലൊ. ഈ പ്രശ്നങ്ങള്‍ അവയുടെ ആഴത്തിലും പരപ്പിലും അല്പമൊക്കെ മയപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍ബിഐയുടെ ജാഗ്രവത്തായ മേല്‍നോട്ടം ഇനിയും തുടരേണ്ടതായിട്ടാണ് കാണുന്നത്. പുതിയ ഗവര്‍ണര്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രതയും കരുതലും അനിവാര്യമാണെന്ന് അര്‍ത്ഥം. ആഗോളീകരണത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ ആഗോള ഭൗതിക‑സാമ്പത്തിക സാഹചര്യങ്ങളില്‍ വന്നുചേരുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാതിരിക്കില്ലല്ലൊ. ഇതില്‍ മുഖ്യമായ ഒന്ന് പണപ്പെരുപ്പമെന്ന പ്രതിഭാസം തന്നെയാണ്. ആര്‍ബിഐയുടേത് മാത്രമല്ല, മറ്റേത് രാജ്യത്തിന്റെയും പോലെ കേന്ദ്രീയ ബാങ്കിന്റെ പരിഗണനാ വിഷയങ്ങളില്‍ പ്രഥമസ്ഥാനം നല്കേണ്ടത് ‘ഇന്‍ഫ്ലേഷന്‍ ടാര്‍ഗെറ്റിങ്’ പണപ്പെരുപ്പ പ്രതിരോധം ലക്ഷ്യമിട്ടുള്ള നയങ്ങള്‍ക്ക് തന്നെയാണ് എന്നതില്‍ സംശയമില്ലല്ലോ. ഈ ലക്ഷ്യം കൃത്യമായും കാര്യക്ഷമമായും പരിശോധിച്ച് യുക്തമായ തീരുമാനങ്ങളെടുക്കുന്നതിന് ആര്‍ബിഐ ഗവര്‍ണറെ സഹായിക്കാന്‍ പ്രാപ്തരായ ഒരുകൂട്ടം വിദഗ്ധരടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യും നിലവിലുണ്ട്.
ഏതൊരു ആര്‍ബിഐ ഗവര്‍ണറുടെയും പ്രവര്‍ത്തന മികവ് വിലയിരുത്തപ്പെടുക പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിലുള്ള നേട്ടം നോക്കിയാണ്. ഈവിധത്തിലൊരു വിലയിരുത്തല്‍ മാനദണ്ഡം പ്രായോഗികമോ, നീതിയുക്തമോ ആണെന്ന് കരുതുക പ്രയാസമാണ്. കാരണം, പണപ്പെരുപ്പം എന്ന സങ്കീര്‍ണത നിറഞ്ഞ പ്രതിഭാസം പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാണെന്നതുതന്നെ. എത്ര തന്നെ കഴിവും പ്രവര്‍ത്തന പരിചയവുമുള്ളൊരു ഗവര്‍ണറോ എംപിസി ആയാലോ പണപ്പെരുപ്പ പ്രതിരോധ പ്രക്രിയ പൂര്‍ത്തീകരിക്കുക എളുപ്പമല്ല. മുന്‍ ഗവര്‍ണര്‍ ദാസിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സെന്‍സിറ്റീവായ പണപ്പെരുപ്പം എന്ന പ്രശ്നം പിടിവിടാതെ കെെകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് വിജയം നേടാന്‍ കഴിഞ്ഞതായി ന്യായമായും അവകാശപ്പെടാന്‍ കഴിയുന്നതുമാണ്.
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ശക്തികാന്ത് ദാസ് നേരിടാന്‍ തുടങ്ങിയതും, ഇപ്പോള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നതുമായ രണ്ടാമത്തെ വെല്ലുവിളി വിദേശ കടബാധ്യതയുടേതാണ്. രാജ്യത്തിന്റെ വിദേശ സാമ്പത്തിക മേഖലാ മാനേജ്മെന്റ് തുല്യപ്രധാന്യമുള്ളൊരു വെല്ലുവിളി തന്നെയാണ് പാന്‍ഡെമിക്കിന്റെ തുടക്കത്തില്‍ ഈ മേഖലയില്‍ ചാഞ്ചാട്ടങ്ങള്‍ കാണാനായെങ്കിലും വിവിധ കേന്ദ്ര ബാങ്കുകള്‍ നടത്തിയ സമയോചിതമായ ഇടപെടലുകളിലൂടെ സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് വന്‍തോതിലുള്ള മൂലധനം ഒഴുക്കാനുണ്ടായത് ലിക്വിഡിറ്റിയില്‍ കുതിച്ചുചാട്ടമുണ്ടായതോടെ ആര്‍ബിഐ രംഗത്തുവരികയും അധിക ലിക്വിഡിറ്റി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. 2022ല്‍ പരക്കെ കാണപ്പെട്ട ഈ നയസമീപനം ആഗോളതലത്തില്‍ യുഎസിന്റെതടക്കമുള്ള കേന്ദ്ര ബാങ്കുകളെയും ഈ നീക്കം സ്വാധീനിച്ചിരുന്നു. അങ്ങനെ പണപ്പെരുപ്പനിയന്ത്രണത്തിന് ആഗോളതല കോ-ഓര്‍ഡിനേഷനും യാഥാര്‍ത്ഥ്യമായി. പലിശനിരക്ക് വര്‍ധനവിലൂടെയാണ് പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധ്യമായതും. രൂപയുടെ വിനിമയമൂല്യസ്ഥിരത നേരിയതോതിലല്ലെങ്കിലും ദൃശ്യമായിരുന്നത് ആര്‍ബിഐയുടെ ഇടപെടലുകളുടെ ഫലമായിരുന്നു. ഇതായിരുന്നു പിന്നിട്ട വര്‍ഷങ്ങളില്‍ കേന്ദ്ര ബാങ്ക് നയത്തില്‍ കൈവരിക്കാന്‍ നമുക്കുണ്ടായ കാതലായ നേട്ടവും. ഈ അവസരത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഉയര്‍ന്നുകേട്ടൊരു അഭിപ്രായമായിരുന്നു ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ വിനിമയമൂല്യം അല്പമായെങ്കിലും കൃത്യമായി ഊതിവീര്‍പ്പിക്കപ്പെട്ടതാണെന്ന്. ഇതില്‍ ഭാഗികമായ സാധ്യതയുമുണ്ട്.
ചുരുക്കത്തില്‍ പുതുതായി ആര്‍ബിഐ ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്ന മാല്‍ഹോത്രക്ക് അഭിമുഖീകരിക്കേണ്ടിവരുക നിരവധി വൈരുധ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നൊരു സാമ്പത്തിക പശ്ചാത്തലമാണ്. വ്യാപാരമേഖലയെ ബാധിക്കാത്തവിധത്തില്‍ കറന്‍സിയിലും വിപണിയിലും സംഭവിക്കാനിടയുള്ള ചലനങ്ങളും ചാഞ്ചാട്ടങ്ങളും കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ്. തുടക്കം മുതല്‍തന്നെ, ഇക്കാര്യങ്ങളില്‍ ജാഗ്രത കൂടിയേ തീരു. ഇതോടൊപ്പം യുഎസ് പ്രസിഡന്റ് പദത്തില്‍ ഒരിക്കല്‍ക്കൂടി എത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയം ഏതു ദിശയിലേക്കായിരിക്കുമെന്നതും ഡോ. മല്‍ഹോത്രക്ക് വിധേയമാക്കപ്പെട്ടേ തീരു. ഫെഡറല്‍ റിസര്‍വിന്റെ മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് ട്രംപിന്റെ പഴയ ഭരണശൈലിയാണെന്നത് ശ്രദ്ധേയമായി കാണാതിരിക്കരുത്. തന്റെ ആജ്ഞ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ശൈലി കറന്‍സി വിപണി മാനേജ്മെന്റിന്റെ കാര്യത്തിലും ബാധകമായിരിക്കും. പലിശ നിരക്ക് കൈകാര്യം ചെയ്യുന്നതില്‍ ട്രംപിന്റെ നയമെന്തായിരിക്കുമെന്നും ഇന്നും അനിശ്ചിതത്വത്തില്‍ തുടരുകയാണല്ലോ. അതേയവസരത്തില്‍ രൂപയുടെ വിദേശവിനിമയമൂല്യം തുടര്‍ച്ചയായി താഴോട്ടുള്ള അതിന്റെ പോക്ക് തുടരുകയും ചെയ്യുന്നു. ഒരു ഡോളറിന് 85രൂപ എന്നതിലേക്കാണ് ഇപ്പോള്‍തന്നെ വിനിമയമൂല്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നോര്‍ക്കുക. ഇത് നമ്മുടെ വിദേശ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കുകയുമില്ല. ആര്‍ബിഐയും എംപിസിയും പണപ്പെരുപ്പനിരക്ക് പരമാവധി നാലു ശതമാനത്തില്‍ പരിമിതപ്പെടുത്തണമെന്ന നയസമീപനമത്തിലുമാണുള്ളതും. ഈ ലക്ഷ്യം നേരിടുന്നതിന് സാമ്പത്തിക വളര്‍ച്ചാനിരക്ക് ജിഡിപി തുടര്‍ച്ചയായി വര്‍ധിക്കുകയും വേണം. ഈ വിധത്തിലുള്ള വൈവിധ്യമാര്‍ന്നതും സങ്കീര്‍ണതയും പരസ്പരം പൊരുത്തക്കേടുനിറഞ്ഞതുമായ പ്രശ്നങ്ങളും വെല്ലുവിളികളും ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നത് ആര്‍ബിഐയുടെ ആസ്ഥാനമായ മിന്റ് റോഡില്‍ ഭരണസാരഥ്യം ഏറ്റെടുക്കുന്ന സഞ്ജയ് മല്‍ഹോത്രക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും ഉണ്ടായിരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.