5 January 2025, Sunday
KSFE Galaxy Chits Banner 2

ഉത്തരം തേടുന്ന മനുഷ്യ‑വന്യജീവി സംഘർഷം

Janayugom Webdesk
December 31, 2024 5:00 am

ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ഒരു യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ വർധിച്ചുവരുന്ന മനുഷ്യ‑വന്യജീവി സംഘർഷത്തിലെ ഏറ്റവും പുതിയ സംഭവമാണ്. വീടിന് സമീപത്തെ തേക്ക് പ്ലാന്റേഷനിൽ മേയാൻവിട്ട പശുവിനെ തിരഞ്ഞുപോയ യുവാവിനെയും സുഹൃത്തിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിലാണ്. മരിച്ച യുവാവിന്റെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദാരുണമായ സംഭവത്തെ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റി മുതലെടുപ്പിനുള്ള പതിവ് ശ്രമം ഇവിടെയും അരങ്ങേറിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ മനുഷ്യ‑വന്യജീവി സംഘർഷം വർധിച്ചുവരികയാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അവയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് കാര്യമായ ഫലപ്രാപ്തി ഉണ്ടാകുന്നതായും കാണുന്നില്ല. കിടങ്ങുകൾ, വേലികൾ തുടങ്ങിയ പ്രതിരോധമാർഗങ്ങൾ താൽക്കാലികം മാത്രമാണെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2023–24 കാലയളവിൽ സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 92 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. അതിൽ 22 പേർ കാട്ടാനകളുടെ ആക്രമണത്തിന്റെ ഇരകളാണ്. 22–23ൽ കൊല്ലപ്പെട്ട 98 പേരിൽ 27 പേർക്ക് കാട്ടാന ആക്രമണത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. 21–22ൽ കൊല്ലപ്പെട്ട 114ൽ 35പേര്‍ കാട്ടാന ആക്രമണത്തിന്റെ ഇരകളാണ്. വയനാട്, ഇടുക്കി, കണ്ണൂരിലെ ആറളം എന്നിവയടക്കം കേരളത്തിന്റെ വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളെല്ലാം മനുഷ്യ‑വന്യജീവി സംഘർഷ മേഖലകളാണ്. സംസ്ഥാന സർക്കാരിന്റെ മാത്രമല്ല കേന്ദ്രസർക്കാരിന്റെ തന്നെ രാഷ്ട്രീയ തീരുമാനം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല നാം അഭിമുഖീകരിക്കുന്നത്. മനുഷ്യനും മൃഗങ്ങളും വനങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന വിശാല ആവാസവ്യവസ്ഥ അഭിമുഖീകരിക്കുന്ന ബൃഹദ് വെല്ലുവിളിയുടെ തിരനോട്ടം മാത്രമാണ് മനുഷ്യനും വന്യജീവികളും ഉൾപ്പെട്ട ഈ സംഘർഷം. അതാവട്ടെ കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രാദേശിക പ്രതിഭാസവുമല്ല. 

മനുഷ്യ‑വന്യജീവി സംഘർഷം മനുഷ്യജീവന് മാത്രമല്ല കൃഷി, മൃഗസംരക്ഷണം തുടങ്ങി വനമേഖലയോട് ചേർന്നുകിടക്കുന്ന സമൂഹങ്ങളുടെ നിലനില്പിനുതന്നെ ഭീഷണിയായി മാറിയതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിലെ പല കുടിയേറ്റമേഖലകളിൽ നിന്നും വിപരീത കുടിയേറ്റത്തിനും അല്ലെങ്കിൽ കുടിയിറക്കത്തിനും ഈ സംഘർഷം വഴിവച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന കാർഷിക കുടിയേറ്റം ജനസംഖ്യാ വർധനവിന്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനുള്ള മനുഷ്യരുടെ സ്വാഭാവിക ത്വരയുടെയും ഭാഗമാണ്. അത് വനവിസ്തൃതി ഗണ്യമായി ചുരുങ്ങുന്നതിനും കൃഷിയിടങ്ങളുടെ വ്യാപനത്തിനും കാരണമായി. അതാവട്ടെ ആനത്താരകളടക്കം വന്യജീവികളുടെ ആഹാര — വിഹാരങ്ങളെയും കുടിവെള്ളം, പ്രജനനം തുടങ്ങി നിലനില്പിന് അവശ്യം ആവശ്യമായ ആവാസവ്യസ്ഥകളെയും തകിടംമറിച്ചു. വഴിമുട്ടിയ വന്യജീവികൾ മനുഷ്യർ പുതുതായി രൂപപ്പെടുത്തിയ കൃഷിയിടങ്ങളും ആവാസകേന്ദ്രങ്ങളുമടക്കം മേഖലകളിലേക്ക് അതിക്രമിച്ചുകടക്കാൻ നിർബന്ധിതമായി. സ്വന്തം നിലനില്പിനുവേണ്ടി പുതുവഴികൾ കണ്ടെത്താനുള്ള അവയുടെ പരാക്രമങ്ങളാണ് മനുഷ്യ‑വന്യജീവി സംഘർഷങ്ങളായി ഭീഷണരൂപം കൈവരിച്ചിരിക്കുന്നത്. വന്യജീവികളുടെ ഉപദ്രവം രൂക്ഷമായ പല സമൂഹങ്ങളും നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തതയുടെയും പരാജയങ്ങളുടെയും പശ്ചാത്തലത്തിൽ അവയെ കൊന്നൊടുക്കി മനുഷ്യരുടെ ജീവനും കൃഷിയും ജീവിതായോധന സംരംഭങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത് പതിവായിരിക്കുന്നു. എന്നാൽ, കാർഷിക കുടിയേറ്റങ്ങളെക്കാൾ ആവാസവ്യവസ്ഥകൾക്ക് സ്ഥായിയായ ക്ഷതമേല്പിക്കുന്ന ഖനനം, റിസോർട്ട് സംരംഭങ്ങൾ തുടങ്ങിയവയെപ്പറ്റി സമൂഹം പലപ്പോഴും നിശബ്ദമാണെന്നത് അവഗണിക്കാനാകാത്ത യാഥാർത്ഥ്യമാണ്. 

കേരളത്തിൽ സമീപകാലത്തുണ്ടായ പല പ്രകൃതിദുരന്തങ്ങളുടെയും ഉറവിടം, കൊള്ളലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന അത്തരം സംരംഭങ്ങളാണെന്ന വസ്തുത വിസ്മരിച്ചുകൂടാ. അവയിൽ ഗണ്യമായ ഒരുവിഭാഗം പ്രവർത്തിക്കുന്നത് ആനത്താരകളടക്കം വന്യജീവി ആവാസവ്യവസ്ഥകളിലാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രദേശത്തിന്റെ അല്ലെങ്കിൽ ആവാസവ്യവസ്ഥയുടെ വാഹകശേഷിക്ക് താങ്ങാവുന്നതിലധികം ഭാരം അടിച്ചേൽപ്പിക്കുന്ന ഇത്തരം സംരംഭങ്ങളാണ് കൃഷിയടക്കം സാധാരണ മനുഷ്യ വ്യാപാരത്തെക്കാൾ വർധിച്ചുവരുന്ന മനുഷ്യ‑വന്യജീവി സംഘർഷങ്ങൾക്ക് കാരണമാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വനങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥകളും സംരക്ഷിച്ച് നിലനിർത്താതെ താൽക്കാലിക പ്രതിരോധമാർഗങ്ങളിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല കേരളം ഇന്ന് അഭിമുഖീകരിക്കുന്ന മനുഷ്യ‑വന്യജീവി സംഘർഷം. വനങ്ങളും വന്യജീവി സമ്പത്തും സമൂഹങ്ങളുടെ മാത്രമല്ല മനുഷ്യരാശിയുടെയാകെ നിലനില്പിന് അനിവാര്യമായ അടിസ്ഥാന ഘടകങ്ങളാണ്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, വരൾച്ച, മരുഭൂമിവല്‍ക്കരണം തുടങ്ങി മനുഷ്യരാശി നേരിടുന്ന അടിസ്ഥാന വെല്ലുവിളികളുടെ പരിഹാരം ആഗോള രാഷ്ട്രാന്തര സമ്മേളങ്ങളിലോ ഒപ്പുവയ്ക്കുന്ന കരാറുകളിലോ അംഗീകരിക്കുന്ന പ്രമേയങ്ങളിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമായതെന്ന് തെളിയിക്കപ്പെട്ട എല്ലാറ്റിനെയും സംരക്ഷിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഉത്തരം തേടുന്നതിലൂടെയേ കേരളം നേരിടുന്ന മനുഷ്യ‑വന്യജീവി സംഘർഷത്തിനും പരിഹാരം കണ്ടെത്താനാവു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.