8 January 2025, Wednesday
KSFE Galaxy Chits Banner 2

കര്‍ഷകര്‍ വീണ്ടും സമ്മേളിക്കുമ്പോള്‍

വി ചാമുണ്ണി
സംസ്ഥാന ജന. സെക്രട്ടറി, കിസാന്‍ സഭ
January 7, 2025 4:36 am

2020 ഫെബ്രുവരി 23, 24, 25 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ അടൂരിലാണ് കിസാന്‍സഭയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനം നടന്നത്. സംഭവബഹുലമായ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ ഒത്തുചേരുന്നത്. അടൂരില്‍ കര്‍ഷകറാലി ഉദ്ഘാടനം ചെയ്ത ആദരണീയനായ കാനം രാജേന്ദ്രനും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത അതുല്‍കുമാര്‍ അഞ്ജാനും ഇപ്പോള്‍ നമ്മോടൊപ്പമില്ല. അപ്രതീക്ഷിതമായ ഈ വേര്‍പാടുകള്‍ ഏറെ വേദനിപ്പിക്കുന്നതും നികത്താനാകാത്തതുമാണ്. കഴിഞ്ഞ സമ്മേളനത്തിന് തൊട്ടുപിന്നാലെ കോവിഡ് മഹാമാരിയും രാജ്യമാകെ അടച്ചിടുന്ന സാഹചര്യവുമുണ്ടായി. ജനജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ ഒരു ദുരിതത്തിലകപ്പെട്ട വര്‍ഷമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും സാധിക്കാത്ത അവസ്ഥയിലായിരുന്നു. തൊട്ടുപിന്നാലെ സ്വതന്ത്ര ഇന്ത്യ കണ്ട ഐതിഹാസിക കര്‍ഷക സമരം നടന്നു. കൊടും ശൈത്യവും കനത്ത ചൂടും കേന്ദ്രഭരണകൂടവും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും അഴിച്ചുവിട്ട ഭീകര മര്‍ദനങ്ങളും ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളും നേരിട്ടും അതിജീവിച്ചുമാണ് കര്‍ഷകര്‍ പോരാടിയത്. കര്‍ഷകരോട് മാപ്പ് പറഞ്ഞ്, കരിനിയമങ്ങള്‍ റദ്ദാക്കിയതും ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതും ചരിത്രമാണ്. 

പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതും വഞ്ചനയും ദ്രോഹവും തുടരുന്നതുമാണ് ഇപ്പോള്‍ കാണുന്നത്. പിന്‍വലിച്ച കരിനിയമങ്ങള്‍ പേര് മാറ്റി കൂടുതല്‍ ദോഷകരമായ രീതിയില്‍ നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ് നാം സമ്മേളിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ദേശീയ വിപണന നയരേഖ കാര്‍ഷിക വിപണി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്ന് വ്യക്തമാണ്. ഉല്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുന്നതിന് നിയമ പരിരക്ഷ നല്‍കാനോ കടക്കെണിയിലായ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനോ തയ്യാറാവാതെ കര്‍ഷകര്‍ ഉന്നയിക്കുന്ന മൗലികമായ ആവശ്യങ്ങള്‍ നിഷേധിക്കുകയാണ്. കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ ഖേരിക്കേസിലെ പ്രതികളായ മുന്‍ കേന്ദ്രമന്ത്രിയെയും മകനെയും സംരക്ഷിക്കുകയും ചെയ്യുന്നു. വൈദ്യുതി നിയമഭേദഗതിയുടെ കാര്യത്തിലും നല്‍കിയ ഉറപ്പുകള്‍ക്ക് വിപരീതമായി സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുകയാണ്.
ജനസംഖ്യയില്‍ ഭൂരിപക്ഷവും തൊഴില്‍ശക്തിയുടെ പകുതിയിലധികവും കാര്‍ഷികമേഖലയെയാണ് ജീവിതമാര്‍ഗമായി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ബജറ്റ് വിഹിതം കേവലം മൂന്ന് ശതമാനത്തില്‍ താഴെയാണ്. ഗ്രാമീണ മേഖലയില്‍ കുറെ തൊഴിലും വരുമാനവും നല്‍കുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതവും വെട്ടിക്കുറയ്ക്കുന്നു. വളം സബ്സിഡി വെട്ടിച്ചുരുക്കിയും ഉല്പാദനം കുറച്ചും കൃത്രിമ ക്ഷാമവും വിലവര്‍ധനവും സൃഷ്ടിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് യന്ത്രോപകരണങ്ങളുടെ ചെലവ് ഇരട്ടിയാക്കുന്നു. നകാര്‍ഷികോപാധികളുടെ വിലവര്‍ധനവും കൂലിച്ചെലവും കൂടുമ്പോഴാണ് ഉല്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ കഷ്ടപ്പെടുന്നതും തുച്ഛമായ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നതും. സംഭരണ‑സംസ്കരണ‑വിതരണ രംഗങ്ങളിലെ അപര്യാപ്തതകള്‍ പരിഹാരം കാണേണ്ട വിഷയങ്ങളാണ്. ഇതെല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് ഡോ. എം എസ് സ്വാമിനാഥന്‍ നേതൃത്വം നല്‍കിയ, അതുല്‍കുമാര്‍ അഞ്ജാന്‍ കൂടി അംഗമായിരുന്ന ദേശീയ കര്‍ഷക കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഉല്പാദനച്ചെലവും അതിന്റെ പകുതിയും അടിസ്ഥാനത്തില്‍ വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാനപ്പെട്ട ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, ഡല്‍ഹി ചലോ മുദ്രാവാക്യവുമായി രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം നിഷേധിക്കുകയും സംസ്ഥാന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയും പട്ടാളത്തെ അണിനിരത്തിയും തടഞ്ഞുവച്ചിരിക്കുകയുമാണ്. അന്നദാതാക്കളായ കര്‍ഷകരോട് ഇത്തരത്തില്‍ പെരുമാറുന്നത് യാതൊരുവിധ നീതീകരണവുമില്ലാത്ത ക്രൂരതയാണ്.
കാര്‍ഷിക പ്രശ്നങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയത് കര്‍ഷകന്റെ ദേശീയ വരുമാനം ദിനംപ്രതി 27 രൂപയെന്നതാണ്. കര്‍ഷകരുടെ ജീവിത പ്രയാസം ഇതില്‍ നിന്ന് വ്യക്തമാണല്ലോ. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുകയും വരുമാനം വര്‍ധിപ്പിച്ച് കൃഷിയെ സംരക്ഷിച്ചുകൊണ്ടല്ലാതെ നമ്മുടെ രാജ്യത്തിന് രക്ഷയില്ലെന്ന യാഥാര്‍ത്ഥ്യം സമൂഹവും ഭരണകര്‍ത്താക്കളും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ കാര്‍ഷിക മേഖല പുരോഗതിയുടെ പാതയിലാണ്. ഭൂപരിഷ്കരണ നിയമവും കാര്‍ഷിക കടാശ്വാസ നിയമവും കര്‍ഷകക്ഷേമനിധി നിയമവും രാജ്യത്തിനാകെ മാതൃകയാണ്. ഇവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതില്‍ ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. കേസുകളുടെ നൂലാമാലകളില്‍ കുടുക്കി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പട്ടയ വിതരണവും മിച്ചഭൂമി വിതരണവും പൂര്‍ത്തിയാക്കണം. കടാശ്വാസ കമ്മിഷന്‍ തീര്‍പ്പാക്കിയ കേസുകള്‍ പരിശോധിച്ച് പണം അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കര്‍ഷക പെന്‍ഷന്‍ മുടങ്ങാതെ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണം. ഭൂമി തരം മാറ്റുന്നതിലൂടെ സര്‍ക്കാരിലേക്ക് ഫീസിനത്തില്‍ ലഭിക്കുന്ന തുക കാര്‍ഷികാഭിവൃദ്ധിക്കായി വിനിയോഗിക്കണം.
വന്യജീവി ആക്രമണം വ്യാപിക്കുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണം. പുതിയ വനം നിയമ ഭേദഗതിയിലെ കര്‍ഷക വിരുദ്ധ വ്യവസ്ഥകള്‍ നീക്കം ചെയ്യണം, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാര‑പുനരധിവാസ നടപടികള്‍ സ്വീകരിക്കുകയും വേണം. നെല്ല് സംഭരിക്കുന്നതിലും സംഭരണവില നല്‍കുന്നതിലും സംഭവിക്കുന്ന കാലതാമസം ഒഴിവാക്കണം. റബ്ബറിന്റെ വിലസ്ഥിരതാ ഫണ്ട് ഫലപ്രദമായി നടപ്പിലാക്കിയും ഇറക്കുമതി നിയന്ത്രിച്ചും വിലത്തകര്‍ച്ച തടയണം. സംസ്ഥാനത്തിന് ഹാനികരമായ വാണിജ്യവ്യാപാര കരാറുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതായിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉരുള്‍പൊട്ടലുകളും മുലം വീടും കൃഷിയും പൂര്‍ണമായും നഷ്ടപ്പെടുന്ന ദുരന്തങ്ങള്‍ക്കിരയാവുന്നത്. വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളില്‍ ദുരന്തമുണ്ടായിട്ട് നാലരമാസം പിന്നിടുകയാണ്. കേന്ദ്ര പഠന സംഘവും പ്രധാനമന്ത്രിയും നേരിട്ട് സന്ദര്‍ശിച്ച് ബോധ്യമായിട്ടും നാളിതുവരെ ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. കേരളത്തോട് അവഗണനയും ജനങ്ങളോട് പകപോക്കല്‍ നയവുമാണ് തുടരുന്നത്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് ഉദാരമായി ധനസഹായം നല്‍കുമ്പോള്‍ മുടന്തന്‍വാദങ്ങളുമായി കേരളത്തിന് സഹായം നിഷേധിക്കുകയാണ്. ഫെഡറല്‍ തത്വങ്ങള്‍ക്ക് യോജിക്കാത്തതും ദേശീയ ഐക്യത്തിന് ഹാനികരവുമായ ഈ സമീപനം തിരുത്താനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കേരളം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണ്. രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രത്യേക പ്രശ്നങ്ങളും കേള്‍ക്കാനും പരിഹരിക്കാനും മനസില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ബജറ്റിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത കൃഷി മന്ത്രിമാരുടെ യോഗത്തില്‍ വിഷയം അവതരിപ്പിക്കാന്‍ പോലും സമയം അനുവദിച്ചില്ലെന്ന ദുരനുഭവം വ്യക്തമാക്കുന്നത് ഈ ഇരട്ടത്താപ്പാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ജനുവരി ആറ്‍, ഏഴ്, എട്ട് തീയതികളില്‍ പറവൂരില്‍ നടക്കുന്ന കിസാന്‍സഭയുടെ സംസ്ഥാന സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടം ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരുടെ ഐക്യവും വളര്‍ന്നുവരുന്ന തൊഴിലാളി-കര്‍ഷക-ബഹുജന ഐക്യവും ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ എടുക്കും. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക സൗഹൃദവും കര്‍ഷക ക്ഷേമത്തോടെയുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ക്രിയാത്മക നിര്‍ദേശങ്ങളുമായി കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കാനും അവകാശ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.