17 December 2025, Wednesday

ഗാസ: കൂട്ടക്കുരുതിക്ക് താൽക്കാലിക വിരാമം

കെ ദിലീപ്
നമുക്ക് ചുറ്റും
January 28, 2025 4:30 am

1948 മേയ് 14ന് ഇസ്രയേൽ എന്ന രാഷ്ട്രം പലസ്തീൻ എന്ന പ്രദേശത്ത് നിലവിൽ വന്നപ്പോഴാണ് ആദ്യത്തെ അറബ്, ഇസ്രയേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1947 നവംബർ 29ന് യുഎൻ ജനറൽ അസംബ്ലി അതിന്റെ പ്രമേയം 181 അനുസരിച്ച് ബ്രിട്ടന്റെ അധീനതയിലുണ്ടായിരുന്ന പലസ്തീൻ പ്രദേശം രണ്ട് രാജ്യങ്ങളായി — അറബ് ഭൂരിപക്ഷമുള്ള പലസ്തീനും ജൂത ഭൂരിപക്ഷമുള്ള ഇസ്രയേലുമായി — വിഭജിച്ചുകൊണ്ട് പാസാക്കിയ പ്രമേയത്തിന്റെ ഫലമായാണ് 1948 മേയ് മാസത്തിൽ ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകൃതമായത്. പരമ്പരാഗതമായി തന്നെ പലസ്തീൻ പ്രദേശത്ത് താമസിച്ചിരുന്ന അറബ് വംശജരായ മുസ്ലിങ്ങളെയും അറബ് വംശജർ തന്നെയായ കോപ്റ്റിക് ക്രിസ്ത്യാനികളെയും കൂടി ഒഴിപ്പിച്ചുകൊണ്ടാണ് രണ്ടാം ലോക മഹായുദ്ധം കാരണം യൂറോപ്പിൽ ആകെ ചിതറിപ്പോയ ജൂത വംശജരെ പലസ്ത‌ീനിൽ രൂപീകരിച്ച ഇസ്രയേൽ എന്ന ജൂത രാഷ്ട്രത്തിൽ കുടിയിരുത്തിയത്. ഇതിനെതിരെ 1948 മേയ് മാസത്തിൽ ആരംഭിച്ച സംയുക്ത അറബ് സേനയുടെ യുദ്ധം 1949 ഫെബ്രുവരി വരെ തുടർന്നു.

തികച്ചും അശാസ്ത്രീയമായ ഒരു വിഭജനമാണ് പലസ്തീൻ എന്ന ഭൂവിഭാഗത്തിൽ നടന്നത്. ഇസ്രയേൽ ഇതര ഭൂവിഭാഗങ്ങളായ ഗാസ, വെസ്റ്റ് ബാങ്ക്, ലെബനൻ എന്നിവ പരസ്പരം ബന്ധമില്ലാതെ കിടക്കുന്നു. ഈ പ്രദേശങ്ങൾ തമ്മിൽ യാത്ര ചെയ്യണമെങ്കിൽ ഇസ്രയേലിലൂടെ സഞ്ചരിച്ചാലെ സാധ്യമാവുകയുള്ളു. പരസ്പരം പോരടിക്കുന്ന അറബ് ജൂത വിഭാഗങ്ങൾ തമ്മിൽ നിത്യസംഘർഷത്തിന് ഇതുതന്നെ ഒരു കാരണമാണ്. സീനായി കുന്നുകളുടെ വടക്കു കിഴക്കായി മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് 363 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗാസാ മുനമ്പ് നിലവിൽ ഒരു രാജ്യത്തിന്റെയും ഭൂവിഭാഗം അല്ല. 1967 ജൂണിൽ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രയേൽ ഗാസ മുനമ്പ് പിടിച്ചെടുത്തു. പിന്നീട് അക്രമാസക്തമായ പോരാട്ടങ്ങളുടെ കാലമായിരുന്നു. 2005 സെപ്റ്റംബറിൽ ഇസ്രയേൽ ഗാസയിൽ നിന്ന് പിൻവാങ്ങുകയും ഗാസ മുനമ്പിന്റെ നിയന്ത്രണം പലസ്തീൻ അതോറി‌ട്ടിക്ക് കൈമാറുകയും ചെയ്തു. എന്നാൽ 2006ലെ പലസ്തീൻ അതോറി‌ട്ടി തെരഞ്ഞെടുപ്പിൽ 1950കൾ മുതൽ പലസ്തീൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്ന ഫതാ പാർട്ടിക്ക് അധികാരം നഷ്ടപ്പെടുകയും 2007 ജൂണിൽ ഗാസാ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഫതാ പാർട്ടിയും ഏറ്റെടുത്തു. അതോടെ പലസ്തീൻ അതോറിട്ടിയുടെ സഖ്യസർക്കാർ ഇല്ലാതായി. പിന്നീട് നടന്ന അനേകം സന്ധി സംഭാഷണങ്ങളിലൂടെ 2014­ൽ ഗാസ മുനമ്പിന്റെ ഭരണം പലസ്തീൻ അതോറി‌ട്ടിക്ക് കൈമാറാൻ ഹമാസ് സമ്മതിച്ചു. എങ്കിലും 2017 വരെ ഗാസ മുനമ്പിലെ അധികാരം ഏറ്റെടുക്കാൻ പലസ്തീൻ അതോറി‌ട്ടിയെ ഹമാസ് അനുവദിച്ചില്ല. 2019 ജനുവരിയിൽ ഏകീകൃത സർക്കാർ തകർന്നു. 2007 ഹമാസ് ഗാസയിൽ അധികാരം പിടിച്ചെടുത്തതോടെ ഇസ്രയേൽ ഗാസ ഉപരോധം ആരംഭിച്ചു. ഭക്ഷ്യധാന്യങ്ങൾക്കും ഇന്ധനത്തിനും രൂക്ഷമായ ക്ഷാമം ഉണ്ടായി. പിന്നീട് ഈജിപ്തിന്റെയും ഖത്തറിന്റെയുമൊക്കെ കാരുണ്യത്തിലാണ് ഗാസയിൽ ജനജീവിതം നിലനിന്നത്. ഇതേ കാലഘട്ടത്തിൽ ഈജിപ്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും പതിനായിരക്കണക്കിന് ഗാസാ നിവാസികൾ പലായനം ചെയ്തു. 2012 മുതൽ ഇസ്രയേൽ ശക്തമായ ബോംബ് ആക്രമണങ്ങൾ ഗാസയിൽ നടത്തി. 2014 ജൂലൈ എട്ടിന് ഇസ്രയേൽ, ഗാസാ മുനമ്പിലേക്ക് 50 ദിവസത്തെ ആക്രമണം നടത്തി രണ്ടായിരത്തിലധികം പലസ്തീനികളും എഴുപതിലധികം ഇസ്രയേലികളും കൊല്ലപ്പെട്ടു. ഏറിയും കുറഞ്ഞും ഏറ്റുമുട്ടലുകൾ തുടർന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ റോക്കറ്റ് ആക്രമണങ്ങളിൽ 1200 ഓളം ഇസ്രയേലികൾ കൊല്ലപ്പെട്ടു. 240തോളം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ഇസ്രയേൽ ഹമാസിന് എതിരെ യുദ്ധം പ്രഖ്യാപിച്ചു.

കഴിഞ്ഞ 15 മാസത്തിലധികമായി ഗാസയിൽ തുടർച്ചയായി ഇസ്രയേൽ ആക്രമണം നടത്തുകയാണ്. ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തിയ ഹമാസ് പിന്നീട് തിരിച്ചടിക്കാൻ സാധിക്കാതെ പിന്മാറുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ യുദ്ധം ഏകപക്ഷീയമായി. ഈ ഏകപക്ഷീയ യുദ്ധത്തിൽ ഗാസയിലെ സാധാരണക്കാരായ 47,000ത്തോളം മനുഷ്യർ വധിക്കപ്പെട്ടു. ഇവരിൽ 7,000 സ്ത്രീകളും 12,000 കുട്ടികളും 137 മാധ്യമപ്രവർത്തകരും 224 സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്നു. ഒന്നേകാൽ ലക്ഷത്തിലധികം മനുഷ്യർക്ക് ഗുരുതരമായി പരിക്കുപറ്റി. 70 ശതമാനം കെട്ടിടങ്ങളും തകർന്നു. 75 ശതമാനം ജനങ്ങളും മുഴു പട്ടിണിയിലാണ്. യുദ്ധത്തിന് മുമ്പ് 23 ലക്ഷം പൗരന്മാർ ഉണ്ടായിരുന്നത്, ഇന്ന് 18 ലക്ഷമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഇന്നുവരെയുള്ള ഏറ്റവും ഭീകരമായ മനുഷ്യക്കുരുതിക്ക് താൽക്കാലികമായ വിരാമം സൃഷ്ടിച്ചുകൊണ്ട് 42 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേലും ഹമാസും സമ്മതിച്ചു എന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു. അതേസമയം ഈ വാർത്ത വന്നതിനുശേഷവും ഇസ്രയേൽ ഗാസയിലെ ജനവാസ പ്രദേശങ്ങളിൽ ബോംബിടുന്നത് തുടരുന്നു. ഈജിപ്തിന്റെയും യുഎസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ചകൾ നടന്നത്.

കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിലേറെയായി നടന്നുവരുന്ന പലസ്തീൻ, ഇസ്രയേൽ സംഘർഷങ്ങൾക്ക് പൂർണമായും അറുതി വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ സംഘർഷങ്ങളിൽ പലസ്തീനിലും ഇസ്രയേലിലും ഉള്ള സാധാരണ മനുഷ്യരാണ് ജീവന്റെ വില നൽകുന്നത്. ബെഞ്ചമിൻ നെതന്യാഹുവിനെ പോലുള്ള ഇസ്രയേലി നേതാക്കളുടെയും ഹമാസിന്റെയും അധികാരം ഇസ്രയേലിലും പലസ്തീനിലും തുടർന്നുകൊണ്ട് പോകാനുള്ള പ്രധാന തന്ത്രമാണ് നിരന്തരമുള്ള ഈ സംഘർഷം. ഈ ആക്രമണങ്ങളിൽ വലിയ വില നൽകുന്നത് ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ദരിദ്രരായ മനുഷ്യരാണ്. അവരിൽ മുസ്ലിങ്ങളുണ്ട്, ക്രിസ്ത്യാനികളുമുണ്ട്. ആശുപത്രികളും സ്കൂളുകളും മുസ്ലിം പള്ളികളും ക്രിസ്ത്യൻ ദേവാലയങ്ങളും സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെട്ടിടസമുച്ചയങ്ങളും എല്ലാം ഗാസയിൽ തകർന്നുപോയിരിക്കുന്നു. കേവലം വെടിനിർത്തൽകൊണ്ട് മാത്രം ഗാസയിൽ സാധാരണ ജീവിതം പുനഃസ്ഥാപിക്കപ്പെടില്ല. യുഎൻ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകുന്നിടത്തുമാത്രമേ പലസ്തീൻ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂ. ഗാസ, വെസ്റ്റ് ബാങ്ക്, ലെബനൻ പ്രദേശങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കപ്പെടുകയും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ ഒരു സർക്കാർ അധികാരത്തിൽ വരികയും ചെയ്യുമ്പോൾ സമാധാനത്തിലേക്കും പുരോഗതിയിലേക്കും ഉള്ള പാത തെളിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.