8 December 2025, Monday

എ അയ്യപ്പൻ കവിതാപുരസ്കാരം ടി പി വിനോദിന്

Janayugom Webdesk
തൃശൂർ
January 30, 2025 11:32 am

കവി എ അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം — എ അയ്യപ്പൻ കവിതാ പുരസ്കാരത്തിന് ഡി സി ബുക്സ്പ്രസിദ്ധീകരിച്ച ടി പി വിനോദിന്റെ സത്യമായും ലോകമേ എന്ന കവിതാ സമാഹാരം അർഹമായി.11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പി പി രാമചന്ദ്രൻ ചെയർമാനും എം എസ് ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

സമകാല യുവതയുടെ ആത്മസംഘർഷങ്ങളും സങ്കീർണ്ണതകളും പരീക്ഷണാത്മകമായി ആവിഷ്കരിക്കുന്ന കവിതകളാണ് ടി പി വിനോദിന്റേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ചിരപരിചയം കൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന ജീവിതാവസ്ഥകളെ അസാധാരണമായ വീക്ഷണകോണുകളിലൂടെ നോക്കിക്കണ്ട് അപരിചിതവത്കരിക്കുകയും അതിന്റെ ദാർശനികമാനങ്ങൾ സൗന്ദര്യാത്മകമായി ആവിഷ്കരിക്കുകയും ചെയ്യുന്നു വിനോദ്. മലയാളത്തിലെ യുവകവികളിൽ വാക്കുകളുടെ മിതവ്യയത്തിലും പ്രയോഗസൂക്ഷ്മതയിലും വിനോദ് പ്രകടിപ്പിക്കുന്ന ശ്രദ്ധയും കൈയ്യടക്കവും അഭിനന്ദനീയമാണെന്നും ജൂറി പറഞ്ഞു. ഫെബ്രുവരി 12 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ കൊയ്യം സ്വദേശിയാണ് വിനോദ്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകള്‍ ഇംഗ്ലീഷിലേക്കും മറ്റുഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതകൾ യൂണിവേഴ്സിറ്റി സിലബസുകളിൽ (കണ്ണൂർ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല) ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. അല്ലാതെന്ത്? എന്ന സമാഹാരത്തിന് ബി. സി വി കവിതാപുരസ്കാരം ലഭിച്ചു. സത്യമായും ലോകമേ എന്ന സമാഹാരത്തിന് മൂടാടി ദാമോദരൻ പുരസ്കാരം, ഡബ്യു ടി പി ലൈവ് പുരസ്കാരം, പൂർണ-ആർ. രാമചന്ദ്രൻ പുരസ്കാരം, സച്ചി സ്മാരക പുരസ്ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.