യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും അവരുടെ കുടിയിറക്കലും വലിയ ചർച്ചയാകുന്ന വേളയാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിനുശേഷം യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതും ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കുമ്പോൾ സ്വീകരിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങളുമാണ് വിവാദമാകുന്നത്. തൊഴിൽ തേടിയും പഠനാവശ്യത്തിനായും അനധികൃതമാർഗങ്ങളിലൂടെയും എത്തി അവിടെ തുടരുന്നവരെ കണ്ടെത്തിയാണ് കാൽച്ചങ്ങലകളും കയ്യാമങ്ങളും അണിയിച്ച് തിരിച്ചയയ്ക്കുന്നത്. യുഎസിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും തൊഴിൽ തേടിയും മറ്റുമുള്ള കുടിയേറ്റങ്ങൾ ഉണ്ട്. ഉയർന്ന വിദ്യാഭ്യാസ നിലവാരവും മനുഷ്യ വിഭവ ശേഷിയുമുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ വലിയൊരു വിഭാഗം ഇങ്ങനെ തൊഴിൽ തേടി വിദേശങ്ങളിൽ പോകുന്നവരായുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു കേരളത്തിൽ നിന്നുള്ള വലിയ വിഭാഗത്തിന്റെ കുടിയേറ്റം നടന്നിരുന്നതെങ്കിലും ഇതര രാജ്യങ്ങളിലും നിരവധി മലയാളികൾ ജോലിയെടുക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികളുടെ സാന്നിധ്യമുണ്ടെന്നത് അതിശയോക്തിപരമായ പ്രയോഗമല്ല ഇപ്പോൾ. ആവശ്യക്കാർ കൂടുതലായതിനാൽ ഈ മേഖലയിലും വൻ തട്ടിപ്പുകളാണ് നടക്കുന്നത്. പല വിധത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നതിന്റെ വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നു.
വിദേശ രാജ്യങ്ങളിലേക്ക് തൊഴിലവസരങ്ങളും പഠന സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് വലയിലാക്കിയാണ് തട്ടിപ്പ്. നേരത്തെ ഗൾഫ് രാജ്യങ്ങളാണ് തട്ടിപ്പുകാരുടെ വിളനിലമായിരുന്നതെങ്കിൽ ഇപ്പോഴത് യൂറോപ്പ് ഉൾപ്പെടെ മറ്റ് പലരാജ്യങ്ങളുമായി. ഓൺലൈൻ രംഗവും സൈബർ ഇടങ്ങളും വ്യാപകമായ ഇക്കാലത്ത് അതിർത്തികളുടെ മാനദണ്ഡമില്ലാതെ എല്ലാ രാജ്യങ്ങളിലേക്കും തൊഴിൽ നിയമനത്തിന്റെ പേരിൽ തട്ടിപ്പ് അരങ്ങേറുന്നു. ഇതിനുള്ള മാർഗങ്ങളും പലതായിരിക്കുന്നു. കുടുങ്ങരുതെന്ന മുന്നറിയിപ്പുകൾ നിരന്തരം നൽകാറുണ്ടെങ്കിലും മെച്ചപ്പെട്ട തൊഴിലും വേതനവും പ്രതീക്ഷിക്കുന്നവർ പലരും, മതിയായ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നില്ല എന്നതിനാൽ ഈ കെണിയിൽപ്പെട്ടുപോകുകയും ചെയ്യുന്നു. അടുത്ത കാലത്തായി അനധികൃത തൊഴിൽ തട്ടിപ്പിന്റെ നിരവധി വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിദേശങ്ങളിലെത്തി വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലോ നിശ്ചയിക്കപ്പെട്ട വേതനമോ ലഭിക്കാതെ വരികയും അനധികൃതമെന്ന നിലയിൽ അതാതിടങ്ങളിലെ നിയമസംവിധാനങ്ങളിൽ കുടുങ്ങുകയും ചെയ്യുമ്പോഴാണ് പല തട്ടിപ്പുകളും പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പെന്നതിനാൽ പലപ്പോഴും ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്തുക പ്രയാസകരമാണെന്ന അവസ്ഥയുമുണ്ട്.
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക നേരത്തെതന്നെ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ കർമ്മ സമിതി രൂപീകരിക്കുകയും പരാതികൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു.
വിദേശ തൊഴിലിനും പഠനത്തിനും അംഗീകാരമുള്ള ഏജൻസികൾക്കാണ് പണം നൽകുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുകയുണ്ടായി. ഇത്തരം തട്ടിപ്പുകൾ കുറയ്ക്കുന്നതിന് പ്രത്യേക നിയമം വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളം അനധികൃത റിക്രൂട്ട്മെന്റിനെതിരെ നിയമനിർമ്മാണത്തിനുള്ള സാധ്യതകൾ തേടുന്നു എന്ന വിവരം നിർണായകവും ശ്രദ്ധേയവുമാകുന്നത്. ഫെഡറൽ ഘടനയിൽ അത്തരമൊരു നിയമത്തിന്റെ സാധ്യത തേടുന്നതിനാണ് തീരുമാനം. ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, നോർക്ക വകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ, ലോകകേരള സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, എൻആർഐ സെൽ പൊലീസ് സൂപ്രണ്ട്, ഐഐഎംഎഡി ചെയർ ഡോ. ഇരുദയ രാജൻ എന്നിവരാണ് സമിതി അംഗങ്ങൾ. കേരളത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ മുന്നേറ്റത്തിൽ വിദേശ ഇന്ത്യക്കാരുടെ വിവിധ രീതിയിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി നടത്തിവരുന്ന ലോകകേരള സഭയുടെ നിർദേശങ്ങളിൽ ഒന്നുമായിരുന്നു അത്. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് രീതികൾ കാര്യക്ഷമമാക്കുന്നതിന് വിവിധ ദേശീയ‑അന്തർദേശീയ ഏജൻസികളെയും വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് ബ്രെയിൻസ്റ്റോർമിങ് സെഷൻ സംഘടിപ്പിച്ചിരുന്നു. ഇത്തരമൊരു നിയമനിർമ്മാണത്തിലൂടെ വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് സുതാര്യവും ക്രമപ്രകാരവുമാണെന്ന് ഉറപ്പാക്കുവാൻ സാധിച്ചാൽ തട്ടിപ്പുകൾ ഇല്ലാതാക്കുക മാത്രമല്ല സാധ്യമാകുന്നത്. ആശങ്കയിൽ ഈരംഗത്തുനിന്ന് പിൻമാറുന്നവർക്ക് പ്രേരണ നൽകുന്നതിനും സാധിക്കും. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമെന്നത് അനിവാര്യതയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ശക്തമായ നിയമ നിർമ്മാണത്തിലൂടെ തട്ടിപ്പുകൾ തടയാനായാൽ അത് തുറക്കുന്ന സാധ്യതകൾ വളരെ വലുതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.