23 January 2026, Friday

പുരുഷന്മാരെ ഷർട്ടിട്ടു ക്ഷേത്രത്തിൽ കയറ്റുന്നതിന്റെ പ്രസക്തിയും പ്രശ്നങ്ങളും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
February 21, 2025 4:45 am

ബഹുഭൂരിപക്ഷം സ്ത്രീകളും മാറുമറച്ച് ജീവിക്കാൻ സമരം ചെയ്ത് അവകാശം നേടിയെടുത്ത കേരള നാട്ടിൽ, ഇപ്പോഴും പുരുഷന് ഷർട്ടുധരിച്ച് ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും പ്രവേശനം സാധ്യമല്ല എന്ന നില തന്നെ തുടരുന്നു എന്നത്, നമ്മുടെ ഭരണഘടനയല്ലാതെ ജീവിത വ്യവസ്ഥ ഇപ്പോഴും ജനാധിപത്യപരമായിട്ടില്ല എന്നതിന്റെ തെളിവാണ്. നമ്മൾക്കിപ്പോഴും മാന്യത എന്നാൽ കുലീനതയാണ്; ഒപ്പം, പണ്ടത്തെ നാടുവാഴി തമ്പ്രാന്റെയും തമ്പ്രാട്ടിയുടെയും മട്ടിലുള്ള കസവു തൊങ്ങലുള്ള ഉടയാടയണിയലാണ് മാന്യമായ വസ്ത്രധാരണം. സായിപ്പിന്റെ മട്ടിൽ വസ്ത്രം ധരിക്കുന്നത് പരിഷ്കാരവും തമ്പ്രാന്മാരുടെ മട്ടിൽ വസ്ത്രം ധരിക്കുന്നതും അറബികളുടെ മട്ടിൽ വസ്ത്രം ധരിക്കുന്നതും അപരിഷ്കൃതവുമാണെന്ന് കരുതുന്നത് അന്യായവുമാണെന്ന് വാദിക്കുന്നവരുമുണ്ട്. തീർച്ചയായും ഈ വാദത്തിൽ മറുപടി അർഹിക്കുന്ന ചില ന്യായമാനങ്ങളുണ്ട്. തീർച്ചയായും സായിപ്പിന്റെയും മദാമ്മയുടെയും വസ്ത്രധാരണ ശൈലി തന്നെയാണ് മാടമ്പി തമ്പ്രാക്കളുടേതിനെക്കാളും മഹാത്മാഗാന്ധിയുടേതിനെക്കാളും പരിഷ്കൃതവും മാന്യവും അനുകരണീയവും. എന്തെന്നാൽ സായിപ്പും മദാമ്മയും ലോകത്തിലെ മനുഷ്യർക്ക് പൗരതുല്യതയുടെ ജനാധിപത്യ വ്യവസ്ഥ രൂപപ്പെടുത്തി പ്രയോഗിച്ചുകാണിച്ചവരാണ്.

അതുകൊണ്ടുതന്നെ അവരുടെ വസ്ത്രധാരണം പൗരമാനവതുല്യതയെ ഓർമ്മപ്പെടുത്തുന്നു എന്നതിനാൽ തന്നെ അനുകരണീയമാണെന്നതിനാലാണ് ഡോ. ബി ആര്‍ അംബേദ്കർ സായിപ്പിനെ പോലെ വസ്ത്രം ധരിച്ചതും മഹാത്മജിയുടെ വസ്ത്രധാരണ ശൈലി അനുകരിക്കാതിരുന്നതും. എന്നാൽ, പട്ടുവേഷ്ടിയും ഉത്തരീയവും നമ്മുടെ ഓർമ്മയിൽ കൊണ്ടുവരിക അത് ധരിച്ചവർ രൂപപ്പെടുത്തിയതും പ്രയോഗത്തിൽ കൊണ്ടുവന്നതുമായ വ്യവസ്ഥിതിയെയാണ്, പട്ടിയും പൂച്ചയും പശുവും നടന്നിരുന്ന വഴിയിൽ മനുഷ്യരെ നടത്താതിരുന്ന അയിത്താചാരം സനാതന ധർമ്മമായി കരുതിയവരുടെ ഭരണവ്യവസ്ഥയെയാണ്. അതിനാൽ ജനാധിപത്യ ഭരണഘടന നിലവിൽ വന്ന ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന ഭക്തജനങ്ങളിൽപ്പെട്ട പുരുഷന്മാർക്ക്, ജനാധിപത്യത്തിലെ പൗരതുല്യത ഓർമ്മിപ്പിക്കുന്ന വസ്ത്രം എന്ന നിലയിൽ കുറഞ്ഞത് ഷർട്ടെങ്കിലും ധരിക്കാൻ കഴിയണം.

പുരുഷന്മാരെ ഷർട്ടണിയിച്ചു ക്ഷേത്രത്തിൽ കയറ്റാൻ പറയുന്നത് പരിഗണനീയമായ ഒരു ആചാര പരിഷ്കരണമാണെന്ന കാര്യത്തിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്ക്ക് ഒപ്പം നിൽക്കേണ്ടതുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഈ വിഷയത്തിൽ സ്വാമി സച്ചിദാനന്ദയ്ക്കൊപ്പം നിൽക്കാൻ സ്വാമി ചിദാനന്ദപുരിയും രംഗത്തുണ്ടെന്നത് കാണുമ്പോൾ, നിശ്ചയമായും ചില സന്ദേഹങ്ങൾ പൂർവാനുഭവങ്ങളെ മുൻനിർത്തി ഉന്നയിക്കേണ്ടി വരുന്നു. ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന് ആര്‍എസ്‌എസിനോടൊപ്പം നിന്ന് വാദിച്ച് പുരോഗമന പ്രതിഛായ ഉണ്ടാക്കാൻ ശ്രമിച്ചവരാണ് സ്വാമി ചിദാനന്ദപുരിയും അമൃതാനന്ദമയിയും എല്ലാം. എന്നാൽ, ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടാവുകയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കോടതിവിധി നടപ്പാക്കാൻ വേണ്ടുന്നതുചെയ്യും എന്ന നിലപാടെടുക്കുകയും ചെയ്തപ്പോൾ, ഒരു വർഗീയ രാഷ്ട്രീയ പ്രയോഗത്തിനുള്ള ‘സുവർണാവസരം ‘ശബരിമല വിഷയത്തിലുണ്ടെന്നറിഞ്ഞ് ബിജെപിയും കോൺഗ്രസും രാഹുൽ ഈശ്വറിന്റെ ഒപ്പം കൂടി കലപില കൂട്ടാൻ തുടങ്ങി. പ്ലാൻ എ കലപിലയും പ്ലാൻ ബി സന്നിധാനത്തിൽ രക്തം വീഴ്ത്തുന്ന കലാപവും എന്നതായിരുന്നു രാഹുൽ പദ്ധതി. ബിജെപി നിലപാട് മാറ്റിയപ്പോൾ ശ്രുതിയും യുക്തിയും പ്രമാണവും ഒക്കെ മറന്നും മറച്ചും രാഹുലിനൊപ്പം കലപില കൂട്ടി ‘സ്വാമിയേ ശരണമയ്യപ്പാ’ വിളിച്ചു യുവതീ പ്രവേശന വിരുദ്ധ സമരം നടത്തിയവരിൽ പ്രധാനിയാണ് സ്വാമി ചിദാനന്ദപുരി.

ബിജെപി നിലപാടിനൊപ്പം തന്റെ നിലപാടുകളിൽ ഏത് വിഷയത്തിലും മലക്കം മറിച്ചിൽ നടത്തുന്ന സ്വാമി ചിദാനന്ദപുരി, രാഷ്ട്രീയം ലവലേശം ഇല്ലാത്ത പത്തരമാറ്റ് ആത്മീയ വ്യക്തിത്വമാണെന്ന് നാം മനസിലാക്കുകയും വേണം! ഇത്തരം ആളുകൾ ഷർട്ടിട്ട് പുരുഷന്മാരെ അമ്പലത്തിൽ കയറ്റണം എന്ന സ്വാമി സച്ചിദാനന്ദയുടെ നിലപാടിനൊപ്പം അണിചേരാൻ ആവേശം കാട്ടുന്നത് കാണുമ്പോൾ, മറ്റൊരു വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ‘പ്ലാൻ എ യും പ്ലാൻ ബി‘യും ഒക്കെ ഉള്ളിൽ ഉണ്ടോ എന്നു സസൂക്ഷ്മം പരിശോധിക്കേണ്ടതുണ്ടെന്ന് ആചാര പരിഷ്കരണത്തിന് ഒരുമ്പെട്ടിറങ്ങുന്ന ആചാര്യ വ്യക്തിത്വങ്ങളെ സവിനയം ഓർമ്മിപ്പിക്കേണ്ടി വരുന്നു. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിച്ചു പിൻവാങ്ങും എന്ന് പഴഞ്ചൊല്ലുണ്ടല്ലോ. ഈ മട്ടിൽ ഇടതുപക്ഷ ജനാധിപത്യ പുരോഗമന മാനവികത ശബരിമലയെ ഓർത്ത് എല്ലാ പരിഷ്കരണ നടപടികളിൽ നിന്നും പിൻവാങ്ങണം എന്നൊന്നും വിവക്ഷയില്ല. പക്ഷേ, നവോത്ഥാനം പറഞ്ഞ് എടുത്തുചാടും മുമ്പേ വെള്ളം തിളച്ചുമറിയുന്നതാണോ അതോ തണുത്തതാണോ എന്നൊന്നു തൊട്ടറിയാനുള്ള വിവേകത്തിന്റെ ജാഗ്രത ഉണ്ടാവണം. തുടക്കത്തിലെ സൂചിപ്പിച്ച പോലെ ഷർട്ടും പാന്റും അണിഞ്ഞ് സ്ത്രീ-പുരുഷന്മാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന നില ഉണ്ടാവണം എന്നു തന്നെയാണ് ഈ ലേഖകന്റേയും നിലപാട്.

പക്ഷേ അത് സർക്കാർ ഉത്തരവിലൂടെ ദേവസ്വം ബോർഡുവക ക്ഷേത്രങ്ങളിൽ നടപ്പാക്കേണ്ടതുണ്ടോ എന്ന് വളരെ ആലോചിക്കണം. ഈ പരിഷ്കാര നടപടിക്ക് കൂടുതൽ ഭക്തിയുക്തമായ മറ്റൊരു മാർഗം പറയട്ടെ. ഈ ആചാര പരിഷ്കാരം നടപ്പാക്കാൻ ആഗ്രഹിക്കുന്ന സ്വാമിജിമാർ സ്വയം കാവിഷർട്ട് ധരിച്ചുകൊണ്ട് ഷർട്ടിട്ട് ക്ഷേത്രത്തിൽ തൊഴാൻ സന്നദ്ധരായ പുരുഷന്മാരെയും കൂട്ടി ഏതെങ്കിലും മഹാക്ഷേത്രത്തിലേക്ക് ചെല്ലട്ടെ. ആരെങ്കിലും ഷർട്ടിട്ടു ക്ഷേത്രത്തിൽ കയറുവാനുള്ള ശ്രമത്തെ തടഞ്ഞാൽ, ക്ഷേത്രനടയിൽ ഇരുന്ന് നാമം ജപിക്കട്ടെ. പൊലീസ് കേസുണ്ടായാൽ കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തി കോടതിവിധി ഷർട്ടിട്ട് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നാണെങ്കിൽ എല്ലാ പുരുഷന്മാരും എല്ലാ ക്ഷേത്രങ്ങളിലും ഷർട്ടിട്ട് കയറി ദേവീദേവന്മാരെ ആരാധിക്കട്ടെ. സ്വാമിജിമാർ ഇത്തരമൊരു കർമ്മപദ്ധതി ആവിഷ്കരിക്കുകയാണെങ്കിൽ ഷർട്ടിട്ട് ക്ഷേത്രപ്രവേശനം നടത്താൻ അവർക്കൊപ്പം ഈ എളിയവനും ഉണ്ടാവും. ഇതോടൊപ്പം ക്ഷേത്രങ്ങളിൽ മാറുമറയ്ക്കുന്ന വസ്ത്രം ധരിച്ച് സ്ത്രീകൾ പ്രവേശിക്കുന്ന പോലെ, പുരുഷന്മാർക്ക് ഷർട്ടിട്ട് ക്ഷേത്രത്തിൽ കയറാൻ അവസരം ഉണ്ടാകണം എന്നുപറഞ്ഞ് ഒരു പൊതു താല്പര്യ ഹർജി വക്കീലും പുരുഷ കമ്മിഷൻ വാദിയും ആയ രാഹുൽ ഈശ്വർ കോടതിയിൽ സമർപ്പിക്കുന്നതും നന്നാകും. ഇതൊന്നും ചെയ്യാതെ ദേവസ്വം ഓഫിസുകളിലേക്ക് ജാഥ നയിച്ച് സർക്കാരിനെക്കൊണ്ട് ഒരു ഓർഡിനൻസ് മുഖാന്തിരം പുരുഷന്മാർക്ക് ഷർട്ടണിഞ്ഞ് ക്ഷേത്രത്തിൽ കയറി ആരാധന നടത്താൻ അവസരം ഉണ്ടാക്കാൻ ശ്രമിക്കുന്നത്, കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന കുടില തന്ത്രമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റാവില്ല. കാരണം, കമ്മ്യൂണിസ്റ്റ് സർക്കാർ ഹൈന്ദവ ക്ഷേത്രാചാരങ്ങൾക്കുമേൽ കുതിരകേറുന്നേ എന്നു തൊണ്ടകീറിയലറുവാൻ ‘വർഗീയ വിഷ മൂർത്തി‘കൾ ഏറെ തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ മേല്പറഞ്ഞ സന്ദേഹം തീർത്തും അവഗണിക്കേണ്ടതല്ലല്ലോ!

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.