27 December 2025, Saturday

കടൽ മണൽ ഖനന പദ്ധതിക്കെതിരെ പ്രതിരോധം തീര്‍ത്ത് പാർലമെന്റ് മാർച്ച്

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 12, 2025 10:53 pm

കേന്ദ്ര സര്‍ക്കാരിന്റെ കടല്‍ മണല്‍ ഖനന അനുമതിക്ക് എതിരെ ഒറ്റക്കെട്ടായി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. എല്‍ഡിഎഫും യുഡിഎഫും ഒരേവേദിയില്‍ ഐക്യത്തോടെ അണിനിരന്നതോടെ മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും കേന്ദ്രത്തിന് താക്കീതായി. കേരളാ ഹൗസിന് മുന്നില്‍ നിന്നും പ്രകടനമായാണ് ജന്തര്‍ മന്ദറിലെ സമര വേദിയിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത്. രാവിലെ 11 ന് ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് അവസാനിച്ചത്. സമരത്തിന് പിന്തുണയുമായി യുഡിഎഫ്-എല്‍ഡിഎഫ് എംപിമാര്‍ സമരവേദിയില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്തു വിലകൊടുത്തും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചെറുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ആലപ്പുഴ എംപി കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ പൊതു വിഷയങ്ങളില്‍ ഭരണ പ്രതിപക്ഷങ്ങളുടെ ഐക്യം ശ്രദ്ധേയമെന്ന് സമരത്തെ അഭിസംബോധന ചെയ്ത എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ചൂണ്ടിക്കാട്ടി. സമരസമിതി കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐ (എം) ലോക്‌സഭാ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 

മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗവും കടലിന്റെ ആവാസ വ്യവസ്ഥയും തകര്‍ക്കാനുള്ള നീക്കമാണ് കടല്‍ ഖനനത്തിലൂടെ സംഭവിക്കുക. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചെറുക്കാന്‍ ജീവന്‍ തന്നെ നല്‍കാനും മത്സ്യത്തൊഴിലാളികള്‍ സന്നദ്ധരാണ്. തീരുമാനം നടപ്പാക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ല. കടല്‍ മണല്‍ ഖനനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയാണ് തീരുമാനമെന്നും സമരത്തെ അഭിസംബോധന ചെയ്ത നേതാക്കള്‍ പറഞ്ഞു. എംപിമാരായ പി സന്തോഷ് കുമാര്‍, പി പി സുനീര്‍, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹീം, ജോസ് കെ മാണി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ശശി തരൂര്‍, ആന്റോ ആന്റണി, ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, എം കെ രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, പി വി അബ്ദുല്‍ വഹാബ്, സംയുക്ത മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി എന്‍ പ്രതാപന്‍, വൈസ് ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ്, ടി രഘുവരൻ, എലിസബത്ത് അസീസി, ജാക്സൺ പൊള്ളയിൽ, ഉമ്മർ ഒട്ടുമ്മൽ, അനിൽ കളത്തിൽ, പനത്തുറ ബൈജു, പീറ്റർ മത്യാസ്, ചാൾസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പത് തീരദേശ ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് സമരത്തിനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ സമരത്തിന് പിന്തുണ അറിയിച്ചതായി പ്രതാപന്‍ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.