ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പാണ് മിനി പോർട്ടബിൾ മഴമറയെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നിർമിച്ച മിനി പോർട്ടബിൾ മഴമറയുടെയും തലശേരി ബ്ലോക്ക് കൂൺ ഗ്രാമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാർക്കറ്റ് വിലയ്ക്കനുസരിച്ച് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മൂല്യ വർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ സാധിക്കുന്ന കൃഷിരീതിയിലേക്ക് വന്നാൽ മാത്രമേ കർഷകന് തന്റെ ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കാനാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. സ്മാർട് ഫാമിങ്ങിലൂടെ പിണറായി ഗ്രാമപഞ്ചായത്ത് കേരളത്തിന്റെ ശ്രദ്ധയാകർഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പിണറായി കൃഷിഭവന്റെ സഹായത്തോടെ പിണറായി കാർഷിക കർമസേനയാണ് മിനി പോർട്ടബിൾ മഴ മറയുടെ മാതൃക വികസിപ്പിച്ചത്. സ്ഥല ലഭ്യതക്കുറവ് മൂലം കൃഷി ചെയ്യുവാൻ സാധിക്കാത്തവർക്ക് മട്ടുപ്പാവിൽ പത്ത് സ്ക്വയർ മീറ്റർ ഏരിയയിൽ ഏത് കാലാവസ്ഥയിലും സ്വന്തമായി വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കാനാണ് മിനി പോർട്ടബിൾ മഴമറ വികസിപ്പിച്ചത്. ഇതിന്റെ ഓരോ ഭാഗവും ഊരിമാറ്റുവാനും ഘടിപ്പിക്കാനും സാധിക്കുന്നതിനാൽ സ്ഥലസൗകര്യം അനുസരിച്ച് എവിടെയും സ്ഥാപിക്കാം.
കൃഷി സമൃദ്ധിയുമായി ബന്ധപ്പെട്ട് എല്ലാവീടുകളിലും ജൈവകൃഷി സാധ്യമാക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പരിപാടിയുടെ ഭാഗമായി പിണറായി പഞ്ചായത്തിലെ പത്ത് പേരടങ്ങുന്ന പിണറായി ചെങ്ങായീസ് എന്ന കൃഷിക്കൂട്ടം കൂൺ ഉപയോഗിച്ച് ഇരുപത്തഞ്ചോളം വിഭവങ്ങൾ തയ്യാറാക്കി സ്റ്റാളുകളിൽ വിൽപ്പന നടത്തി. ചെറിയ പരിപാടികൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഗ്രൂപ്പ് പ്രധാനമായും വിപണനം നടത്തുക. പിസ, ബർഗർ, മഷ്റൂം കിഴി, മഷ്റൂം പത്തൽ, പാസ്ത തുടങ്ങിവയാണ് പ്രധാന വിഭവങ്ങൾ. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം. എൻ പ്രദീപൻ കൃഷി സമൃദ്ധി പദ്ധതിയും ഹോർട്ടി കോർപ് റീജിയണൽ മാനേജർ സി വി ജിതേഷ് കൂൺ ഗ്രാമം പദ്ധതിയും വിശദീകരിച്ചു. പിണറായി കൃഷിഭവൻ കൃഷി ഓഫീസർ വി വി അജീഷ് മിനി മഴമറ പ്രൊജക്റ്റ് അവതരണം നടത്തി. പാച്ചപ്പൊയ്കയിൽ നടന്ന പരിപാടിയിൽ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ അധ്യക്ഷനായി. തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത കൂൺ വിഭവങ്ങൾ കൈമാറി. എഎംടിഎ പ്രോജക്ട് ഡയറക്ടർ എ സുരേന്ദ്രൻ ആദ്യ വിൽപ്പന നടത്തി. ജില്ലാപഞ്ചായത്ത് അംഗം കൊങ്കി രവീന്ദ്രൻ, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, സ്ഥിരം സമിതി അംഗങ്ങളായ വി വി വേണുഗോപാൽ, ഹംസ, പി ലത, ഡെപ്യൂട്ടി കൃഷി ഡയറക്ടർ ചെങ്ങാട്ട് തുളസി, കാർഷിക കർമ സേന പ്രസിഡന്റ് ചന്ദ്രൻ മണപ്പാട്ടി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.