25 December 2025, Thursday

Related news

December 22, 2025
October 31, 2025
September 22, 2025
July 8, 2025
June 12, 2025
May 9, 2025
March 29, 2025
December 31, 2024
October 20, 2023

സംഘര്‍ഷത്തിനിടെ മാധ്യമ സെന്‍സര്‍ഷിപ്പ്

ദി വയര്‍ വെബ്സൈറ്റിന് വിലക്ക് 
‑8,000 എക്സ് അക്കൗണ്ടുകള്‍ നിരോധിച്ചു
Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2025 10:55 pm

ഇന്ത്യ‑പാക് യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന അവസരത്തില്‍ ‌മാധ്യമങ്ങള്‍ക്കെതിരെ കിരാത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മഖ്തൂബ്, ദി കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീര്‍ ഇന്ത്യ, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി മുസ്ലിം എന്നിവയുടെ എക്സ് അക്കൗണ്ടുകള്‍ നിരോധിച്ചതിന് പിന്നാലെ ദി വയര്‍ വെബ്സൈറ്റിനും വിലക്കേര്‍പ്പെടുത്തി. 2000ലെ ഐടി ആക്ട് പ്രകാരം സ്ഥാപനത്തിന്റെ വെബ്സൈറ്റ് നിരോധിച്ചുവെന്നാണ് ദി വയറിന് ലഭിച്ച സന്ദേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നു പോകുന്ന അവസരത്തിലുള്ള നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ദി വയര്‍ പ്രതികരിച്ചു. വെബ്സൈറ്റ് നിരോധിച്ചെങ്കിലും സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. 

വയറിനെതിനെയുള്ള നടപടി ലജ്ജാകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയുമാണെന്ന് സ്വതന്ത്ര മാധ്യമ സംഘടകളുടെ കൂട്ടായ്മയായ ഡിജി പബ് പ്രതികരിച്ചു. രാജ്യം സംഘര്‍ഷത്തിലുടെ കടന്നു പോകുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശാസ്യമല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ മാധ്യമമായ മഖ്തൂബ് ഇന്ത്യയുടെ എക്സ് പ്ലാറ്റ്ഫോമിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ദി കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീര്‍ ഇന്ത്യ തുടങ്ങിയ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളുടെ 8,000 എക്സ് അക്കൗണ്ടുകളും നിരോധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ എക്സ് അക്കൗണ്ട് വഴിയുള്ള വാര്‍ത്തകള്‍ നിരോധിച്ച മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കരുതെന്നും കേന്ദ്രം എക്സിനോട് നിര്‍ദേശിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് എക്സ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മാധ്യമങ്ങളുടെ മുഴുവന്‍ എക്സ് അക്കൗണ്ടും നിരോധിക്കുക പ്രായോഗികമല്ലെന്നും എക്സ് അധികൃതര്‍ വ്യക്തമാക്കി. മുഖ്യധാര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തകള്‍ വസ്തുതാ പരിശോധന നടത്തി പുറത്തുവിട്ട മാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകളാണ് നിരോധിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സന്നദ്ധ സംഘടനകളും മാധ്യമ പ്രവര്‍ത്തകരും രംഗത്തുവന്നു. യുദ്ധക്കൊതിയന്‍മാരായ മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളും, സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവിടുമ്പോഴാണ് മഖ്തൂബ് അടക്കമുള്ള സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നിരോധനമെന്ന് മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.