3 May 2024, Friday

ദ വയര്‍ റെയ്ഡ്; ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണം

Janayugom Webdesk
ന്യൂഡല്‍ഹി
October 20, 2023 10:00 pm

ദി വയറില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന വിധി ശരിവച്ച് ഡല്‍ഹി സെഷൻസ് കോടതി. ഉപകരണങ്ങള്‍ പിടിച്ചുവച്ചിരിക്കുന്നത് എഡിറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അഡിഷണല്‍ സെഷൻസ് ജഡ്ജ് പവൻ സിങ് രജാവത് നിരീക്ഷിച്ചു. പത്രപ്രവര്‍ത്തകരുടെ മൗലികാവകാശങ്ങളായ തൊഴില്‍ ചെയ്യാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണ് ഇതെന്നും കോടതി വിലയിരുത്തി. 

മാധ്യമം ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും അതിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അനുവദിച്ചില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിന് ദോഷമുണ്ടാക്കുമെന്നും ദി വയറിന് തൊഴില്‍ ചെയ്യാൻ ഉപകരണങ്ങള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ മാധ്യമ സ്ഥാപനത്തിന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മടക്കി നല്‍കണമെന്ന മജിസ്റ്റീരിയല്‍ കോടതി ഉത്തരവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഏറെ നാളായി പൊലീസ് ഉപകരണങ്ങള്‍ കൈവശം വച്ചിരിക്കുന്നതായും ഇതിന് മതിയായ കാരണങ്ങളില്ലെന്നും ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് സിദ്ധാര്‍ത്ഥ് മാലിക് നിരീക്ഷിച്ചിരുന്നു. 

സ്ഥാപനത്തിന്റെ ഓഫിസില്‍ നിന്നും സിദ്ധാര്‍ത്ഥ് വരദരാജൻ, എം കെ വേണു, സിദ്ധാര്‍ത്ഥ് ഭാട്ടിയ, ജാഹ്നവി സെൻ എന്നീ എഡിറ്റര്‍മാരുടെ വീടുകളില്‍ നിന്നുമാണ് പൊലീസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ബിജെപി നേതാവ് അമിത് മാളവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എഡിറ്റര്‍മാര്‍ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനൽ ഭീഷണി എന്നിവ ആരോപിച്ചായിരുന്നു കേസ്.

Eng­lish Summary:The Wire Raid; Elec­tron­ic devices must be returned
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.