19 December 2025, Friday

മോഡിത്തള്ളിന്റെ പുതിയ വേർഷനും പാഠം പഠിപ്പിക്കുന്ന ഭാരതാംബയും

പ്രിയ
പന്തികേട്
June 23, 2025 4:15 am

കേട്ട് തഴമ്പിച്ച ഒരു തമാശയാണ്. രണ്ട് വ്യക്തികൾ തമ്മിൽ സംസാരിക്കുന്നു. ഒരാൾ മറ്റെയാളോട് പറയുന്നതത്രയും അധിക്ഷേപ വാക്കുകളാണ്. പട്ടീ, കുരങ്ങേ, പോത്തേ, പന്നീ, ഹിപ്പപ്പൊട്ടാമസേ തുടങ്ങിയ നാടൻ അധിക്ഷേപങ്ങൾ. മറുപടിയായി പറയുന്നത് വെള്ളരിക്ക, പാവയ്ക്ക, വെണ്ടയ്ക്ക എന്നിങ്ങനെ പച്ചക്കറികളുടെ പേരുകൾ. അതിന് അദ്ദേഹത്തിന്റെ വിശദീകരണം ഇതായിരുന്നു: ‘അവൻ ഭക്ഷിക്കുന്നതെന്താണെന്നാണ് അവൻ പറയുന്നു, ഞാൻ ഭക്ഷിക്കുന്നത് ഞാനും’ എന്നായിരുന്നു. അല്പം കടുത്തതാണെങ്കിലും ഈ ഉദാഹരണം തോന്നിയത് ഇന്ത്യ — പാക് സംഘർഷം അവസാനിപ്പിക്കുവാൻ താനാണ് മുൻകയ്യെടുത്തത് എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ആവർത്തിക്കുന്നത് കണ്ടപ്പോഴാണ്. ട്രംപ് അങ്ങനെ പറയുന്നു, മോഡി പറയുന്നത് മറ്റ് പല കാര്യങ്ങളും. ‘താൻ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ച’തെന്നാണ് ആദ്യം മുതലേ ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന് ഇന്ത്യയുടെ വിശദീകരണമുണ്ടാകുന്നത് വിദേശകാര്യ മന്ത്രാലയത്തിലെ ക്ലർക്കുമാരിലും ഗുമസ്തന്മാരിലും നിന്ന്. ‘ഏയ് അങ്ങനെയൊന്നുണ്ടായിട്ടേയില്ല, സംഘർഷംഅവസാനിച്ചത് ഇന്ത്യയുടെ കനത്ത തിരിച്ചടിയെ തുടർന്നെ‘ന്നാണ് വിശദീകരണം. താൻ തന്നെയാണ് ഇടപെട്ടതെന്ന് ട്രംപ് രണ്ടാം വട്ടവും ആവർത്തിച്ചപ്പോൾ, ‘പ്രധാനമന്ത്രി മിണ്ടൂ’ എന്ന് എല്ലാവരും ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്തതാണ്. പക്ഷേ കമാന്നൊരക്ഷരം പറയാൻ മോഡി തയ്യാറാകുന്നില്ല. ഏഴ് തവണ ട്രംപ് അവകാശവാദം ആവർത്തിച്ചിട്ടും മോഡിക്ക് മിണ്ടാട്ടമില്ല. 

ഒടുവിൽ ഒരു മാസം പിന്നിട്ടപ്പോൾ ഡൽഹിയിൽ നിന്നുണ്ടായ പ്രതികരണമാണ് തമാശ. ‘പ്രധാനമന്ത്രി മോഡി ട്രംപുമായി 14 മിനിറ്റ് സംസാരിച്ചുവെന്നും താങ്കൾ ഇടപെട്ടിട്ടില്ലെന്ന് അങ്ങോട്ട് അറിയിച്ചു‘വെന്നുമുള്ള വിചിത്ര മറുപടി. സാധാരണ നാട്ടിലൊക്കെ പറയുന്നതുപോലൊരു മുടന്തന്‍ ന്യായം. പറഞ്ഞത് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ‘പിടിച്ചു ഞാൻ അവനെന്നെക്കെട്ടി’ എന്ന പ്രയോഗം തെക്കൻ കേരളത്തിലുണ്ട്. ആര് ആരെയാണ് പിടിച്ചതെന്നും കെട്ടിയതെന്നും പെട്ടെന്ന് ആർക്കും മനസിലാകില്ല. അതുപോലെയായി ഈ വിശദീകരണം. യഥാർത്ഥത്തിൽ താൻ സംസാരിച്ചുവെന്നും ട്രംപ് ഇടപെട്ടില്ലെന്ന് സമ്മതിച്ചുവെന്നും പറയേണ്ടത് പ്രധാനമന്ത്രിയാണ്. അല്ലെങ്കിൽ ട്രംപാണ്. രണ്ടിലൊരാൾ അത് ശരിവയ്ക്കുമ്പോൾ എല്ലാ കൃത്യമാകും. പക്ഷേ ഫോൺ സംഭാഷണത്തിനുശേഷവും രണ്ട് തവണ ട്രംപ് പറഞ്ഞു, താനിടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചതെന്ന്. ഇതെന്തൊരു മറിമായമാണ്. അങ്ങനെ ഒരിടപെടലുണ്ടായില്ലെന്ന് പറയുന്നതിന് മോഡിക്ക് എന്തുകൊണ്ടാണ് ഭയമെന്നാണ് മനസിലാകാത്തത്. ട്രംപ് വീണ്ടും തന്റെ നിലപാട് ആവർത്തിക്കുകയാണ്. മോഡിയാകട്ടെ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിട്ടും മോഡിയുടെ തള്ളിനൊരു പഞ്ഞവുമില്ല. ‘ട്രംപ് തന്നെ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ തിരക്കായതിനാൽ പിന്നീടാവാമെന്ന് പറഞ്ഞെന്നു‘മാണ് പുതിയ തള്ളൽ. ഏതായാലും മോഡിയെ കടത്തിവെട്ടിയിരിക്കുകയാണ് പാകിസ്ഥാൻ. ട്രംപിനെ ലോകസമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്തിരിക്കുന്നു അവർ. ആരെ ഏതൊക്കെ വിധം പാട്ടിലാക്കാമെന്നുള്ള തന്ത്രം അവർ പയറ്റുകയാണ്. അതവർ ചെയ്യട്ടെ. എന്നാൽ നമ്മുടെ ഭരണാധികാരികളാകട്ടെ ‘എല്ലാം ഞമ്മന്റേതാ‘ണ് എന്ന എട്ടുകാലി മമ്മൂഞ്ഞ് തള്ളും നടത്തി കാലംകഴിക്കുന്നു. 

ബിജെപിയും അതിന്റെ പേരിൽ ഉന്നത സ്ഥാനങ്ങളിലെത്തുന്ന പുംഗവന്മാരുമുള്ളതുകൊണ്ട് ഒരു ഗുണമുണ്ട്. ചരിത്ര വസ്തുതകൾ പഠിക്കുവാൻ എല്ലാവർക്കും അവസരം കിട്ടുന്നു. തകൃതിയായ ഗവേഷണങ്ങളിലൂടെ കുറേ ചരിത്ര വസ്തുതകൾ പുറത്തുവരുന്നു. ആർഎസ്എസും സംഘ്പരിവാർ പ്രഭൃതികളും ദേശാഭിമാന ബോധത്തെ കുറിച്ച് ആവർത്തിച്ച് പറയുന്നതുകൊണ്ടായിരുന്നുവല്ലോ, ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ അവർക്ക് പങ്കില്ലെന്ന് നാട്ടാർക്ക് പഠിക്കാനായത്. അവിടെ തീർന്നില്ല. ചില മുൻകാല നേതാക്കൾ മാപ്പെഴുതിക്കൊടുത്തതും ബ്രിട്ടീഷ് മേലാളന്മാരുടെ ഷൂ നക്കിയതിന്റെ പാടുകളും അനാവരണം ചെയ്യപ്പെട്ടു. അതുപോലെ പുതിയ പാഠങ്ങൾ പഠിക്കുവാനുള്ള അവസരമാണ് കുട്ടിക്കാലം മുതൽ ആർഎസ്എസുകാരനായിരുന്നുവെന്ന് അവകാശപ്പെടുന്ന, സംഘ്പരിവാര്‍ കേഡറായ കേരള ഗവർണർ തുടക്കമിട്ട ഭാരതാംബ വിവാദത്തിലൂടെ മാലോകർക്കുണ്ടായിരിക്കുന്നത്. ഭരണഘടന, പ്രോട്ടോക്കോൾ എന്നിവയെ കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. അത് പഠിക്കുന്നതിനും ഇതിലൂടെ അവസരം ഉണ്ടായി. സെക്രട്ടേറിയറ്റും രാജ്ഭവനും രാഷ്ട്രീയ കേന്ദ്രങ്ങളല്ല. അത് ഭരണഘടനാ സ്ഥാപനങ്ങളാണ്. അതുകൊണ്ട് രാജ്ഭവനിലായാലും സെക്രട്ടേറിയറ്റിലായാലും പുറത്തു നടക്കുന്ന സർക്കാർ പരിപാടികളിലായാലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളുണ്ടെന്നും അതാണ് പ്രോട്ടോക്കോൾ എന്നറിയപ്പെടുന്നതെന്നും എല്ലാവരെയും ബോധ്യപ്പെടുത്താൻ ഗവർണറുടെ നടപടിക്കായി.
തുടക്കം രാജ്ഭവനിൽ നിശ്ചയിച്ച കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണ ചടങ്ങിൽ നിന്നായിരുന്നു. സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടനം, പരിസ്ഥിതിദിനമായതുകൊണ്ട് മരംനടീൽ, പിന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലൂന്നിയുള്ള പ്രഭാഷണങ്ങൾ, നന്ദി പറഞ്ഞ് ദേശീയ ഗാനവും പാടി പിരിയൽ. പരിസ്ഥിതി ദിനമായതുകൊണ്ടാണ് മരംനടീൽ. അല്ലെങ്കിൽ നിലവിളക്കുകൊളുത്തിയും ഉദ്ഘാടനം ചെയ്യും.
ദിനാചരണം സംബന്ധിച്ച് രാജ്ഭവൻ കൃഷിവകുപ്പിന് നൽകിയ പരിപാടിയുടെ മെനുവിൽ പുതിയ ഒരിനം കടന്നുകൂടി. ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും വിളക്കുകത്തിക്കലും. ഇത് പതിവില്ലാത്തതായതിനാൽ സംശയം തോന്നി ഏതാണ് ഈ ഭാരതാംബ എന്നന്വേഷിച്ചപ്പോഴല്ലേ രാജ്ഭവന്റെ ഉള്ളിലിരിപ്പ് മനസിലായത്. ഏതോ ഭൂപടത്തിൽ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നേപ്പാളും ബർമ്മയും ഉള്‍പ്പെടെ ഉള്ളതും ഇല്ലാത്തതുമായ കുറേ പ്രദേശങ്ങളുള്ള യമണ്ടൻ ഇന്ത്യ. അതിൽ ചൈനയെ ഉൾപ്പെടുത്താതിരുന്നത് ഭാഗ്യം. അതിന് മുമ്പില്‍, മന്ത്രി ശിവൻകുട്ടി പറഞ്ഞതുപോലെ ഏതോ ഒരു സ്ത്രീ കാവിക്കൊടിയും പിടിച്ചുനിൽക്കുന്നു. കൂടെയൊരു മൃഗവും.
ഇത് ശരിയല്ലെന്ന് മാനം മര്യാദയ്ക്ക് കൃഷിവകുപ്പ്, രാജ്ഭവനിലെ പുംഗവന്മാരെ രേഖാമൂലം അറിയിക്കുന്നു. തങ്ങളുടെ ഭാരതാംബയെ വണങ്ങാതെ പരിപാടി നടക്കില്ലെന്ന് ഓരേയൊരു വാശി. പറ്റില്ലെന്നും ആ ഭാരതാംബ ആർഎസ്എസിന്റേതാണെന്നും പരിപാടി ഞങ്ങൾ സെക്രട്ടേറിയറ്റിൽ നടത്തിക്കൊള്ളാമെന്നും കൃഷിവകുപ്പിൽ നിന്ന് മറുകുറി. സംഭവം വിവാദമാകുന്നു, ചാനലുകളായ ചാനലുകളെല്ലാം രാത്രിച്ചർച്ച നടത്തുന്നു. അതോടെ യഥാർത്ഥ ഭാരതാംബയേത്, ആർ
എസ്എസ് ഭാരതാംബയേത് എന്ന് പഠിക്കുവാൻ സാധിച്ചു. അബനീന്ദ്ര നാഥ് ടാഗോർ എന്ന സ്വാതന്ത്ര്യ സമര സേനാനിയെക്കുറിച്ചും. അദ്ദേഹം വരച്ച ഭാരതാംബയ്ക്ക് നാല് കയ്യും അതിൽ ഇന്ത്യൻ പാരമ്പര്യങ്ങളെ പ്രതീകവൽക്കരിക്കുന്ന ഖാദിത്തുണി, ധാന്യക്കതിർ, രുദ്രാക്ഷമാല, താളിയോല എന്നിവയായിരുന്നുവെന്നും പഠിക്കുവാൻ അവസരമുണ്ടാക്കിയെന്നതാണ് വിവാദത്തിന്റെ ഒരു ഫലം.
ചരിത്രമറിയുന്നവർ അക്കാലത്ത് ജനസംഘത്തിലോ ആർഎസ്എസിലോ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെടുത്തുവാനും ഈ വിവാദം സഹായിച്ചു. ബിജെപിക്കും ചരിത്രം പഠിക്കുവാൻ ഇത് അവസരമൊരുക്കി. അവർ സെക്രട്ടേറിയറ്റിന് മുന്നിൽ ഭാരതാംബയുടെ ചിത്രം പൂജിക്കുന്നുവെന്നറിയിക്കുന്ന പോസ്റ്ററിൽ രാജ്ഭവനിൽ പ്രതിഷ്ഠിച്ച ഭാരതാംബയിലെ ഭൂപടവുമില്ല, കാവിക്കൊടിയുമില്ല. പകരം ദേശീയ പതാക. സ്ത്രീ ധരിച്ചിരിക്കുന്ന സാരിക്കാകട്ടെ സൂക്ഷിച്ചുനോക്കിയാൽ ചുകപ്പിനല്പം കടുപ്പവുമുണ്ടോ.
റാപ്പർ വേടൻ ഉൾപ്പെടെ പുതിയകാല പാട്ടുകാർ തങ്ങളുടെ പാട്ടുകളിലും സംവിധായകർ ചലച്ചിത്രങ്ങളിലും ചില തെറിപ്രയോഗങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ഇപ്പോൾ ഏതാണ് തെറി, ഏതാണ് നല്ല വാക്കുകൾ എന്ന് വേർതിരിവില്ലാത്ത സ്ഥിതിയായിട്ടുണ്ട്. സമൂഹമാധ്യമ ഇടങ്ങളിൽ ട്രോളുകളെന്ന പേരിൽ വരുന്നവയിലും കുറച്ചൊക്കെ തെറികളുണ്ട്. അതുകൊണ്ടുതന്നെ ഭാരതാംബ വിവാദത്തിൽ രാജ്ഭവൻ കേൾക്കേണ്ടി വന്നത് മുട്ടൻ തെറികളായിരുന്നു എന്ന് പറയാവുന്നതാണ്.
രാജ്ഭവൻ ഭരണഘടനാ സ്ഥാപനമാണെന്നും ആരുടെയും വസതിയല്ലെന്നും പറഞ്ഞാൽ പച്ച മലയാളത്തിൽ രാജ്ഭവൻ ആരുടെയും തറവാട്ട് സ്വത്തോ സ്ത്രീധനം കിട്ടിയതോ അല്ലെന്നാണ്. അതുകൊണ്ട് അത് തെറിയിൽ ഉൾപ്പെടുത്താവുന്ന പ്രയോഗമാണ്. ആർഎസ്എസിന്റെ ഭാരതാംബയെ രാജ്ഭവനിലല്ല വയ്ക്കേണ്ടത് കാര്യാലയത്തിലാണ് എന്ന് പറഞ്ഞാലും എടുത്തുകൊണ്ടുപോ (ടാ) എന്ന് പറഞ്ഞതിന് തുല്യമാണ്.
ഗവർണർ തനിക്ക് ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുവാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാൽ അത് തനിക്ക് ഒരു കോപ്പും ചെയ്യാനാകില്ലെന്ന നാടൻ അധിക്ഷേപം തന്നെ. മാത്രവുമല്ല അത്ര വലിയ അധികാരമൊന്നുമില്ലെന്ന പാഠം പഠിപ്പിക്കുവാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എന്താണ് ഗവർണർ, എന്തല്ല ഗവർണറെന്ന് കുട്ടികൾക്ക് പഠിക്കുവാനും ഈ വിവാദം അവസരമൊരുക്കിയെന്നർത്ഥം. 

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.