23 January 2026, Friday

Related news

January 18, 2026
January 15, 2026
January 14, 2026
January 12, 2026
January 8, 2026
December 29, 2025
December 26, 2025
December 25, 2025
December 22, 2025
December 21, 2025

കുരുക്കഴിക്കാന്‍ മേലേചൊവ്വ മേല്‍പാലം; ടെസ്റ്റ് പൈലിങ് പൂര്‍ത്തിയായി

Janayugom Webdesk
കണ്ണൂര്‍
September 17, 2025 9:07 pm

നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രകളുടെ കുരുക്കഴിക്കാന്‍ മേലേചൊവ്വ മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ടെസ്റ്റ് പൈലിങ് പൂര്‍ത്തിയായി. നിര്‍ദ്ദിഷ്ട പാതയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റിയാലുടന്‍ നിര്‍മാണ പ്രവൃത്തിയുടെ അടുത്തഘട്ടം തുടങ്ങും. ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നിന്ന് തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിന്റെ മുന്‍ ഭാഗം കിഴക്കെനട റോഡ് വരെയാണ് മേല്‍പാലം നിര്‍മ്മിക്കുന്നത്.

കണ്ണൂര്‍ സിറ്റി റോഡ് ഇമ്പ്രൂവ്‌മെന്റ് പദ്ധതിയുടെ അലൈന്‍മെന്റ് കൂടി പരിഗണിച്ച് നിര്‍മിക്കുന്ന ഫ്ലൈ ഓവറിന്റെ ആകെ നീളം 424.60 മീറ്ററാണ്. കണ്ണൂര്‍ ഭാഗത്ത് 126.57 മീറ്ററും തലശ്ശേരി ഭാഗത്ത് 97.50 മീറ്ററും അപ്രോച്ച് റോഡുകളാണ് നിര്‍മ്മിക്കുക. മധ്യഭാഗത്ത് 200.53 മീറ്റര്‍ പാലം. ഫ്‌ലൈ ഓവറിന്റെ ആകെ വീതി ഒന്‍പത് മീറ്ററാണ്. ഇതില്‍ ഏഴു മീറ്ററാണ് വാഹന ഗതാഗതത്തിനുള്ളത്. ഇരുവശത്തും 0.50 മീറ്റര്‍ ഷൈ ഓഫ്, 0.05 മീറ്റര്‍ ക്രാഷ് ബാരിയറുകള്‍ എന്നിവയാണ്. ഇരു വശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ ഓവുചാല്‍ ഉള്‍പ്പെടുന്ന നടപ്പാതകളോടുകൂടിയ ഏഴു മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളും നിര്‍മ്മിക്കും. സര്‍വീസ് റോഡ് ഉള്‍പ്പെടെ 24 മീറ്ററാണ് ഫ്‌ലൈ ഓവറിന്റെ വീതി. നാലു തൂണുകളും രണ്ട് ആബ്‌മെന്റുകളും മധ്യഭാഗത്ത് 35 മീറ്റര്‍ നീളമുള്ള ബൗസ്ട്രിംഗ് സ്പാനുമാണ് പാലത്തിന്റെ നിര്‍മാണ ഡിസൈന്‍. 24.54 കോടി രൂപക്കാണ് ഫ്‌ലൈ ഓവര്‍ നിര്‍മ്മിക്കുക. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ യുഎല്‍സിസിക്കാണ് ഫ്‌ലൈ ഓവര്‍ നിര്‍മാണചുമതല.

ഫ്ലൈ ഓവര്‍ നിര്‍മാണത്തിനായി 57.45 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഇതിനായി 15.43 കോടി രൂപ ചെലവാക്കി. സര്‍വീസ് റോഡിനായി 0.1615 ഹെക്ടര്‍ സ്വകാര്യഭൂമി ഉള്‍പ്പെടെ 0.4872 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുഴുവന്‍ ചെലവ് 44.17 കോടി രൂപയാണ്. 2023 ഒക്ടോബറിലാണ് കിഫ്ബി പുതിയ മേല്‍പാലത്തിന് സാമ്പത്തികാനുമതി നല്‍കിയത്. തുടര്‍ന്ന് 31.98 കോടി രൂപയുടെ സാങ്കേതികാനുമതിയും നല്‍കി. ഫ്‌ലൈ ഓവര്‍ പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ തലശ്ശേരി ദേശീയപാത, മട്ടന്നൂര്‍-ഇരിട്ടി സംസ്ഥാന പാത എന്നിവയിലൂടെയുള്ള ഗതാഗതം സുഗമമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.