
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറില്‍ ഭരണം നിയന്ത്രിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) പൊട്ടിത്തെറി. സീറ്റ് വിഭജനത്തില്‍ ജെഡിയു അടക്കമുള്ള കക്ഷികള്‍ ബിജെപിക്കെതിരെ രംഗത്ത് വന്നതോടെയാണ് രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ച സീറ്റ് വിഭജനം മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്ക് എത്തിയത്.
ഭരണം നിയന്ത്രിക്കുന്ന ജനതാദള്‍ യുണൈറ്റഡും മറ്റ് ചെറുപാര്‍ട്ടികളും സീറ്റ് വിഭജനത്തില്‍ ബിജെപി തങ്ങളെ ഒതുക്കിയെന്ന വികാരമാണ് സഖ്യകക്ഷികളുടെ നീരസം വര്‍ധിക്കാന്‍ ഇടയാക്കിയത്. 243 അംഗ സഭയില്‍ 101 വീതം സീറ്റുകളില്‍ ബിജെപി- ജെഡിയു മത്സരിക്കുമെന്നാണ് രണ്ട് ദിവസം മുമ്പ് എന്‍ഡിഎ പ്രഖ്യാപിച്ചത്. ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 29, ഉപേന്ദ്ര കുശ് വഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച ആറ്, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ആറ് എന്നീ ക്രമത്തിലാണ് സീറ്റ് വിഭജനം നടന്നത്. കഴിഞ്ഞ തവണ 115 സീറ്റില്‍ മത്സരിച്ച നിതീഷ് കുമാറിന്റെ ജെഡിയുവിന് 14 സീറ്റാണ് ഇത്തവണ നഷ്ടപ്പെട്ടത്.
സീറ്റ് വിഭജനത്തിലെ രൂക്ഷമായ തര്‍ക്കത്തിന് പിന്നാലെ ഉപേന്ദ്ര കുശ് വഹ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പോയി. ബിഹാര്‍ സീറ്റ് വിഭജനം സംബന്ധിച്ച അതൃപ്തി പരസ്യമാക്കിയ കുശ് വഹ ഒന്നും ശരിയല്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 15 സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ ലഭിച്ചത് ആറു സീറ്റുകള്‍ മാത്രമാമെന്നും ജിതന്‍ റാം മാഞ്ചി പറഞ്ഞു. ജെഡിയു പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് ലഭിക്കാത്ത പലരും വിമത സ്വരം ഉയര്‍ത്തിയത് പാര്‍ട്ടിയിലും ഭിന്നിപ്പിന് വളം വെച്ചിരിക്കുകയാണ്. ഗോപാൽപൂരിൽ നിന്നുള്ള ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ അടക്കമുള്ള സീറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. എന്‍ഡിഎ ഘടകക്ഷികളും ജെഡിയുവിലും സീറ്റ് വിഭജനം തര്‍ക്കം മുറുകുന്നത് ബിജെപിയെയും അസ്വസ്ഥമാക്കുന്നുണ്ട്. ജെഡിയുവിനെ കടത്തിവെട്ടി മുഖ്യമന്ത്രി പദം പിടിച്ചെടുത്ത് അധികാരം നിലനിര്‍ത്താമെന്ന വ്യാമോഹം വെച്ചുപുലര്‍ത്തുന്ന ബിജെപി ദേശീയ നേതൃത്വം സീറ്റ് വിഭജനം രമ്യമായി പരിഹരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.