
കേരളത്തിന്റെ കായിക ചരിത്രത്തിൽ പുതു ചരിത്രം കുറിച്ച് ‘ബോച്ചെ’. സംസ്ഥാന കായിക മേളയില്‍ ആദ്യമായാണ് പുരാതന കായിക വിനോദമായ ബോച്ചെ ഉള്‍പ്പെടുത്തിയത്. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായാണ് ബോച്ചെ സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള മത്സരത്തിന്റെ ആദ്യാവസാനം ആവേശഭരിതമായിരുന്നു. വേള്‍ഡ് സ്പെഷ്യൽ ഒളിമ്പിക്സിൽ നമ്മുടെ താരങ്ങൾക്ക് തിളങ്ങാൻ കരുത്തേകുന്ന ബോച്ചെ മത്സരം ഇന്ത്യയിൽ ആദ്യമായി സ്കൂൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയപ്പോൾ ഉൾക്കൊള്ളലിന്റെ മനോഹരക്കാഴ്ചയായി മാറി.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പ്രതീക്ഷയുടെ കാഴ്ചയൊരുക്കി 14 ജില്ലകളിൽനിന്നുള്ള വിദ്യാർത്ഥികൾ ഏറ്റുമുട്ടി. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ പേര്‍ പങ്കെടുത്ത ഒരു ഇനം കൂടിയാണ് ബോച്ചെ.
ആദ്യമായി ജില്ലാതല മത്സരങ്ങൾ നടന്നപ്പോൾ പുതിയ കളിയെക്കുറിച്ച് കുട്ടികൾക്ക് ചെറിയ ആശങ്കകളുണ്ടായിരുന്നു. അഞ്ചുപേർ അടങ്ങുന്ന ടീമായി, കളിക്കളത്തിലെ ചെറിയ ‘പല്ലീന’ ബോളിനെ ലക്ഷ്യമാക്കി വലിയ ‘ബോച്ചെ പന്തുകൾ’ എറിയുന്ന ഈ വിനോദം ചിലർക്കെങ്കിലും കൗതുകമായിരുന്നു. ഏകദേശം 5,000 വർഷം പഴക്കമുള്ള, ഈജിപ്തിൽ രൂപം കൊണ്ട് ഇറ്റലിയിൽ വികസിച്ച ഈ കായികയിനം വിദ്യാർത്ഥികളുടെ മനസിൽ എങ്ങനെ ഇടം നേടുമെന്നാണ് എല്ലാവരും ശ്രദ്ധിച്ചത്. സംസ്ഥാനതലത്തിലേക്ക് കടന്നതോടെ ആ സംശയങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് കുട്ടികള്‍ മത്സരിച്ചത്.
കളിക്കളത്തിൽ എത്തിയതോടെ വിദ്യാർത്ഥികള്‍ ആവേശത്തിലായി. ഓരോ ‘പല്ലീന’ എറിയുമ്പോഴും ലക്ഷ്യത്തിലേക്ക് പന്തെറിയാൻ ഊഴം കാത്തിരിക്കുമ്പോഴും അവരുടെ കണ്ണുകളിൽ നിറഞ്ഞുനിന്നത് ജയിക്കാനുള്ള തീവ്രമായ ആഗ്രഹം മാത്രമല്ല, പുതിയ കൂട്ടായ്മയുടെ സന്തോഷം കൂടിയായിരുന്നു. മാർക്ക് നേടുന്ന ടീമിനുവേണ്ടി ഉയരുന്ന കരഘോഷങ്ങൾ കുട്ടികളില്‍ ഊര്‍ജം നിറച്ചു. 14 വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തൃശൂരിനെ തോല്പിച്ച് കൊല്ലം ചാമ്പ്യൻപട്ടം സ്വന്തമാക്കി. 14 വയസിനു മുകളിലുള്ളവരുടെ മത്സരത്തിൽ പാലക്കാട് ടീം എറണാകുളത്തെ പിന്നിലാക്കി കിരീടം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.