
കുടിയേറ്റത്തൊഴിലാളികളുടെ തൊഴില്‍ അംഗീകാര രേഖകള്‍ (എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ്സ്-ഇഎഡി) സ്വമേധയാ പുതുക്കിനല്‍കുന്ന ഓട്ടമാറ്റിക് എക്സ്റ്റന്‍ഷന്‍ സംവിധാനം അവസാനിപ്പിച്ചെന്ന് അമേരിക്ക.അമേരിക്കയില്‍ ജോലിചെയ്യുന്നത് അവകാശമല്ല, ആനുകൂല്യമാണെന്നു പറഞ്ഞ് യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. ഇത് കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍വന്നു.ഇന്ത്യയില്‍നിന്നുള്ളവരടക്കം പതിനായിരക്കണക്കിന് വിദേശതൊഴിലാളികളെ കാര്യമായി ബാധിക്കുന്നതാണ് തീരുമാനം. യുഎസ് താത്കാലിക സംരക്ഷിതപദവി (ടിപിഎസ്) നല്‍കിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇളവുലഭിക്കും.അവരുടെ പെര്‍മിറ്റ് പുതുക്കലിന് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക അറിയിപ്പുകള്‍ മുഖേന കാലാവധി നീട്ടിക്കിട്ടും.
വെനസ്വേല, ഹെയ്തി, യുക്രൈന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ടിപിഎസ് ഉള്ളവര്‍ക്ക് അതുപ്രകാരം 540 ദിവസംവരെ ജോലിചെയ്യാം.കുടിയേറ്റയിതര വിസകളായ എച്ച്1ബി, എല്‍1,ഇ1 വിസാ ഹോള്‍ഡര്‍മാരുടെ ആശ്രിതരായെത്തി യുഎസില്‍ ജോലിചെയ്യുന്നവര്‍, ഗ്രീന്‍കാര്‍ഡ് കാത്തിരിക്കുന്ന എച്ച്1ബി വിസാ ഉടമകള്‍, സ്റ്റെം ഓപ്റ്റ് എക്‌സ്റ്റെന്‍ഷന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവരെ കൂടുതല്‍ ബാധിക്കും. തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനായി 2025 ഒക്ടോബര്‍ 30‑നുശേഷം അപേക്ഷിക്കുന്നവര്‍ക്ക് ഇനി ഓട്ടമാറ്റിക് എക്സ്റ്റന്‍ഷന്‍ ലഭിക്കില്ല. ഈ തീയതിക്കുമുന്‍പ് അപേക്ഷിച്ചവരെ തീരുമാനം ബാധിക്കുകയുമില്ല. നിലവിലെ കീഴ്‌വഴക്കമനുസരിച്ച് ഇഎഡി പുതുക്കാന്‍ അപേക്ഷനല്‍കിയാല്‍ 540 ദിവസംവരെ തൊഴിലെടുക്കാമെന്നാണ്. എന്നാല്‍, പുതിയനിയമമനുസരിച്ച് കാലാവധി തീരുംമുന്‍പ് ഇഎഡി പുതുക്കിക്കിട്ടിയില്ലെങ്കില്‍ ജോലി നിര്‍ത്തേണ്ടിവരും.
പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് 180 ദിവസം മുന്‍പെങ്കിലും പുതുക്കാനുള്ള അപേക്ഷനല്‍കാന്‍ ഇഎഡി ഹോള്‍ഡര്‍മാരോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കിടെ കാലതാമസം നേരിട്ടാലും അത് തൊഴില്‍ നഷ്ടപ്പെടാനിടയാക്കില്ലെന്നും വ്യക്തമാക്കി. ദേശീയസുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കുന്നതിനുമുന്‍പും വിദേശതൊഴിലാളികള്‍ കടുത്ത പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയരാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അറിയിച്ചു.
കുടിയേറ്റത്തൊഴിലാളികളുടെ പശ്ചാത്തലം ഇടയ്ക്കിടെ പരിശോധിക്കുന്നതിലൂടെ തട്ടിപ്പുകാരെയും യുഎസിന്റെ സുരക്ഷയ്ക്ക് ഹാനികരമായ ഉദ്ദേശ്യമുള്ളവരെയും തിരിച്ചറിയാനും തടയാനും കഴിയുമെന്നാണ് യുഎസിന്റെ നിലപാട്. ഐടി പ്രൊഫഷണലുകളുള്‍പ്പെടെയുള്ളവരെ യുഎസിലേക്ക് കൊണ്ടുവരാന്‍ കമ്പനികള്‍ ആശ്രയിക്കുന്ന എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി വര്‍ധിപ്പിച്ചതിനുപിന്നാലെയാണ് യുഎസിന്റെ പുതിയനീക്കം. പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷനല്‍കിയവരെ കാലാവധികഴിഞ്ഞാലും 540 ദിവസംകൂടി യുഎസില്‍ ജോലിയെടുക്കാന്‍ അനുവദിക്കുന്ന തൊഴില്‍നയം മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സര്‍ക്കാരാണ് കൊണ്ടുവന്നത്. 2022‑ലെ കണക്കനുസരിച്ച് 48 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലുള്ളത്. അതില്‍ 66 ശതമാനവും കുടിയേറ്റക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.