
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുളള മുസ്ലിം വീടുകളിൽ സന്ദര്‍ശനത്തിന് തയ്യാറെടുത്ത് ബിജെപി നേതൃത്വം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് പുതിയ നീക്കവുമായി രംഗത്തെത്തിയത്. അതേസമയം ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. സ്ഥാനമേറ്റതുമുതൽ ക്രൈസ്തവ പ്രീണനനയങ്ങളുമായി മുന്നോട്ട് പോകുന്ന രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നീക്കം ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്നാണ് കടുത്ത ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന നേതാക്കളുടെയും ആർഎസ്എസിന്റെയും നിലപാട്. എന്നാൽ പാർട്ടിയിൽ നിന്നുയരുന്ന എതിർപ്പുകളെ പൂർണമായും അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് രാജീവിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയായി മാറുന്ന സാഹചര്യത്തിലാണ് മുസ്ലിം വോട്ടർമാരെ സ്വാധീനിക്കാനുള്ള പുതിയ നീക്കവുമായി രാജീവ് രംഗത്തെത്തിയത്.
ഉത്തരേന്ത്യൻ രീതിയിലുള്ള രാഷ്ട്രീയ നീക്കങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്ന തിരിച്ചറിവിലാണ് പുതിയ തന്ത്രങ്ങൾ രാജീവ് ആവിഷ്ക്കരിക്കുന്നത്. രാഷ്ട്രീയ തന്ത്രം മാറ്റിയതിലൂടെ ക്രൈസ്തവ വിഭാഗവുമായി വലിയ തോതിൽ അടുക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. ഇതിന്റെ തുടർച്ചയാണ് മുസ്ലിം വീടുകളിൽ സന്ദർശനം നടത്താനുള്ള നീക്കവും. ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടുമുള്ള തെറ്റിദ്ധാരണ മാറ്റുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ വാദം.
രാജീവിന്റെ വിശ്വസ്തരായ അനൂപ് ആന്റണിയെയും ഷോൺ ജോർജിനേയും പോലുള്ള നേതാക്കളുടെ കൈകളിലേക്ക് പാർട്ടി നിയന്ത്രണം എത്തപ്പെട്ട സാഹചര്യത്തിൽ പുതിയ നീക്കങ്ങൾ കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വി മുരളീധരനും കെ സുരേന്ദ്രനും ഉൾപ്പെടെയുള്ളവർ. ഷോൺ ജോർജിന്റെ നേതൃത്വത്തിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ അനുപാതത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ മുസ്ലിം വിഭാഗത്തിന്റെ കാര്യത്തിലും ഇതേ നിലപാട് നേതൃത്വം സ്വീകരിക്കാനാണ് സാധ്യതയെന്നാണ് ഇവർ ആശങ്കപ്പെടുന്നത്.
നേരത്തെ കേരളത്തിന്റെ ചുമതയുണ്ടായിരുന്ന പ്രഭാരി പ്രകാശ് ജാവഡേക്കർ മുസ്ലിം സമുദായാംഗങ്ങളുടെ വീടുകൾ സന്ദർശിക്കണമെന്ന നിര്‍ദേശം നൽകിയിരുന്നെങ്കിലും നേതൃത്വം തള്ളിക്കളയുകയായിരുന്നുവെന്നാണ് കെ സുരേന്ദ്രൻ വിഭാഗം ഉൾപ്പെടെ വ്യക്തമാക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതുപോലെ പെരുന്നാൾ ദിനത്തിൽ മുസ്ലിം വീടുകൾ സന്ദർശിക്കാനായിരുന്നു രണ്ടുവർഷം മുമ്പ് ജാവഡേക്കർ നിര്‍ദേശിച്ചത്. എന്നാൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കം മുസ്ലിം ഭവനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നേതൃത്വത്തിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു.
ക്രൈസ്തവ സഭകളോട് അടുക്കുന്നത് പോലെ മുസ്ലിം സമുദായത്തിൽ അടുപ്പമുണ്ടാക്കാൻ സാധിക്കില്ലെന്നും അന്ന് അഭിപ്രായം ഉയർന്നിരുന്നു. ആർ എസ് എസ് ഇക്കാര്യത്തിൽ കടുത്ത എതിർപ്പുമായി രംഗത്ത് വന്നതോടെ തീരുമാനം പാർട്ടി ഉപേക്ഷിച്ചു. ഇതാണ് രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നാണ് ഇവർ പറയുന്നത്. എന്നാൽ അന്ന് പാർട്ടി അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ ഇത്തരമൊരു തീരുമാനത്തിന് അനുകൂലമായിരുന്നുവെന്ന വാദമാണ് രാജീവിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. മുസ്ലീങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്നായിരുന്നു കെ സുരേന്ദ്രൻ അന്ന് പറഞ്ഞത്. എന്നാലിപ്പോൾ എതിർപ്പുമായി രംഗത്ത് വരുന്നത് ഇരട്ടത്താപ്പാണെന്നും ഇവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.