അസമിലെ ജോർഹട്ട് ജില്ലയിൽ 18കാരിയായ കോളജ് വിദ്യാർത്ഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ബലാത്സംഗത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന ഈ പെൺകുട്ടി ആറ് മാസം ഗർഭിണിയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച 63കാരനായ പ്രാദേശിക ബിസിനസുകാരൻ ജഗത് സിങ്ങാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജോർഹട്ടിലെ ടിറ്റാബോറിലെ നന്ദനാഥ് സൈകിയ കോളജിലെ വിദ്യാർത്ഥിനിയെ നവംബർ 7നാണ് കാണാതാകുന്നത്. കോളജിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പെൺകുട്ടിയെ കാണാതായതിന് ശേഷമുള്ള അന്വേഷണത്തിൽ അനാസ്ഥ കാണിച്ചെന്ന ആരോപണത്തെ തുടർന്ന് ടിറ്റാബോർ പൊലീസ് സ്റ്റേഷനിലെ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ജഗത് സിംഗ്, താനാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടതെന്ന് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. ജഗത് സിംഗ് പെൺകുട്ടിയെ നിർബന്ധിത അബോർഷൻ ചെയ്യാൻ ആവശ്യപ്പെട്ടെന്നും, ഇതിന് സമ്മതിക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ജഗത് സിങ്ങിൻ്റെ രണ്ട് മക്കളായ കൃഷ്ണൻ സിംഗ്, ജീവൻ സിംഗ്, കൂടാതെ റെക്കിബുദ്ദീൻ അഹമ്മദ് എന്ന ഫാർമസിസ്റ്റ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച സിങ്ങിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത പരന്നതോടെ, ജോർഹട്ടിലെ ടിറ്റബാർ പൊലീസ് സ്റ്റേഷന് പുറത്ത് നിരവധി ആളുകൾ പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്ത് മന്ത്രവാദം നടത്തുന്ന ഒരാളായി അറിയപ്പെടുന്ന സിംഗ്, മുമ്പ് തന്നെ സമീപിച്ച നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മന്ത്രവാദത്തിൻ്റെ പേരിൽ സ്ത്രീകളെ വർഷങ്ങളായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ഇയാൾക്കെതിരെ സംസാരിക്കാൻ ആരും ധൈര്യപ്പെട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.