
നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ പൂർണതോതിൽ പ്രവർത്തനക്ഷമമായി. ഉപഗ്രഹം ഭ്രമണപഥത്തിലെത്തി 100 ദിവസം പിന്നിടുന്ന വേളയിൽ ആന്റിനകള്‍ പൂര്‍ണമായി വിടര്‍ത്തി. നിസാർ പകർത്തിയ ആദ്യഘട്ട ചിത്രങ്ങളും ഐ എസ്ആർഒ പുറത്തുവിട്ടു. നിസാര്‍ പകര്‍ത്തിയ ആന്ധ്രാപ്രദേശിലെ ഗോദാവരി നദീതടത്തിന്റെ ചിത്രങ്ങളാണ് ഐഎസ്ആർഒ ചെയർമാന്‍ ഡോ. വി നാരായണന്‍ പുറത്തുവിട്ടത്. സിന്തറ്റിക് അപ്പർച്ചർ റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് പകർത്തിയ ഈ ചിത്രങ്ങളിൽ നദീതടങ്ങൾ, കാർഷിക മേഖലകൾ, കണ്ടൽക്കാടുകൾ, കക്ക കൃഷി നടക്കുന്ന ജലാശയങ്ങൾ എന്നിവ അതീവ വ്യക്തതയോടെ കാണാം. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി ഒപ്പിയെടുക്കാൻ നിസാറിന് കഴിയുമെന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങൾ.
നാസ‑ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് ‘നിസാർ’. രണ്ട് വ്യത്യസ്ത ഫ്രീക്വൻസികളിൽ (എൽ‑ബാൻഡ്, എസ്-ബാൻഡ്) പ്രവർത്തിക്കുന്ന റഡാറുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ ഉപഗ്രഹമാണിത്. ഐഎസ്ആർഒ നിര്‍മ്മിച്ച എസ്-ബാൻഡ് റഡാറും നാസ നിര്‍മ്മിച്ച എൽ‑ബാൻഡ് റഡാറുമാണ് ഉപഗ്രഹത്തിലുള്ളത്. ഏത് കാലാവസ്ഥയിലും, രാവും പകലും വ്യത്യാസമില്ലാതെ മേഘങ്ങൾക്കിടയിലൂടെ പോലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.
ഈ വർഷം ജൂൺ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ച് നിസാർ വിജയകരമായി വിക്ഷേപിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപഗ്രഹം പ്രവർത്തനസജ്ജമായെന്നും, ലഭിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ ഗവേഷണങ്ങൾക്ക് ഉപയോഗയോഗ്യമാണെന്നും ഐഎസ്ആർഒ അറിയിച്ചു. മൂന്ന് വർഷമാണ് നിസാറിന്റെ പ്രവർത്തന കാലാവധി. ഈ കാലയളവിനുള്ളിൽ ഭൂമിയുടെ ഉപരിതലത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകും. ഭൂകമ്പം, സുനാമി, ഉരുൾപൊട്ടൽ തുടങ്ങിയവ മുൻകൂട്ടി മനസിലാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിസാർ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.