
ആഗോള ഐടി മേഖലയിൽ തൊഴിൽ നഷ്ടം തുടര്‍ക്കഥയാകുന്നു. 2024ൽ സാമ്പത്തിക പ്രതിസന്ധിയായിരുന്നു പിരിച്ചുവിടലുകൾക്ക് പ്രധാന കാരണമായതെങ്കിൽ, 2025ൽ നിർമ്മിത ബുദ്ധിയുടെ (എഐ) അതിപ്രസരമാണ് തൊഴിൽ വിപണിയെ ഉലയ്ക്കുന്നത്. പ്രമുഖ ടെക് കമ്പനികളെല്ലാം തന്നെ വൻതോതിൽ ജീവനക്കാരെ ഒഴിവാക്കി എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്ന കാഴ്ചയായിരുന്നു കഴിഞവർഷം കണ്ടത്. കൺസൾട്ടിങ് സ്ഥാപനമായ ചലഞ്ചർ ഗ്രേ ആൻഡ് ക്രിസ്മസിന്റെ റിപ്പോർട്ട് പ്രകാരം യുഎസിൽ മാത്രം 55,000 പേർക്ക് എഐ കാരണം തൊഴിൽ നഷ്ടപ്പെട്ടു. ഒക്ടോബറിൽ ഒന്നര ലക്ഷത്തിലധികം പേരെയും നവംബറിൽ 71,000 പേരെയും വിവിധ കമ്പനികൾ പിരിച്ചുവിട്ടു. നിലവിൽ യുഎസിലെ ഐടി മേഖലയിലെ ജോലികളിൽ 11.7 ശതമാനവും എഐ ആണ് കൈകാര്യം ചെയ്യുന്നത്. ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ എഐ നടപ്പിലാക്കുന്നതിലൂടെ 1.2 ട്രില്യൺ ഡോളർ വേതനയിനത്തിൽ ലാഭിക്കാൻ കഴിയുമെന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) വിലയിരുത്തുന്നു.
ലോകോത്തര കമ്പനികളെല്ലാം തങ്ങളുടെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തിക്കഴിഞ്ഞു. ഗെയിമിംഗ് സ്റ്റുഡിയോകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നായി 15,000 പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. കമ്പനി പുതിയ ദിശയിലേക്കാണെന്നും ഭാവിയിൽ എഐ അധിഷ്ഠിത തൊഴിലുകൾ വര്‍ധിപ്പിക്കുമെന്നും സിഇഒ സത്യ നദെല്ല പറയുന്നു. 14,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് ആമസോൺ സ്ഥിരീകരിച്ചു. ഇതിൽ ഏകദേശം 1,000 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ചില ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സിഇഒ ആൻഡി ജാസി മുന്നറിയിപ്പ് നൽകി.
തങ്ങളുടെ 50 % ജോലികളും എഐ ഏജന്റുമാരാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയ സെയിൽസ് ഫോഴ്സ് 4,000 ഉപഭോക്തൃ സേവന തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു % ജീവനക്കാരെ (ഏകദേശം 2,700 പേർ) പിരിച്ചുവിടുമെന്ന് ഐബിഎം പ്രഖ്യാപിച്ചു. സൈബർ സുരക്ഷാ രംഗത്തെ പ്രമുഖരായ ക്രൗഡ് സ്ട്രൈക്ക് 500 പേരെയും ഇന്റൽ കഴിഞ്ഞ വർഷം 24,000 പേരെയും പിരിച്ചുവിട്ടു. ഇന്ത്യൻ ഐടി മേഖലയിലും ഇതിന്റെ അലയൊലികൾ പ്രകടമാണ്. പ്രമുഖ ഇന്ത്യൻ കമ്പനിയായ ടിസിഎസ് (ടിസിഎസ്) ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തോളം വരുന്ന 12,000 പേരെ പിരിച്ചുവിട്ടത് വലിയ ചർച്ചയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.