1 February 2026, Sunday

Related news

February 1, 2026
January 31, 2026
December 30, 2025
December 26, 2025
December 21, 2025
December 20, 2025
December 17, 2025
December 16, 2025
December 13, 2025
September 9, 2024

പേരുമാറിയിട്ടും തൊഴിലുറപ്പിന് മോക്ഷമില്ല

വകയിരുത്തിയത് 95, 692 കോടി മാത്രം
56,000 കോടി സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയാകും
Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2026 9:07 pm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ഇജി) ഇല്ലായ്മ ചെയ്ത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ എന്ന വിബിജി ആര്‍എഎംജി അവതരിപ്പിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത് 95,692 കോടി. 100 തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നടത്തി. എന്നാല്‍ തൊഴില്‍ 25 ആയി വര്‍ധിച്ചിട്ടും വകയിരുത്തിയ തുക പദ്ധതി നടത്തിപ്പിന് പര്യാപ്തമാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുക, വേതനം ഉയര്‍ത്തുക എന്നീവ വര്‍ഷങ്ങളായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് പദ്ധതിയുടെ പേര് തന്നെ മാറ്റി പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്. പുതിയ തീരുമാനം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 56,000 കോടി അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ധനായ മോഹിത് കുമാര്‍ ഡാഗ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 88,000 കോടി രൂപയായിരുന്നു പദ്ധതിക്കായി വകയിരുത്തിയത്. എന്നാല്‍ പദ്ധതി തുക 95, 692 വര്‍ധിപ്പിച്ച നടപടിയും തൊഴില്‍ ദിനങ്ങള്‍ വര്‍ധിക്കുന്നതും തമ്മില്‍ പൊരുത്തകേട് സംഭവിക്കും. നേരത്തെ 90 % തുക കേന്ദ്രവും 10 % തുക സംസ്ഥാനങ്ങളുമായിരുന്ന വഹിച്ചിരുന്നത്. എന്നാല്‍ പുതിയ വ്യവസ്ഥ അനുസരിച്ച് ഇത് 60–40 എന്ന തരത്തിലേക്ക് മാറുന്നതോടെ 56,000 കോടിയുടെ അധിക ബാധ്യത സംസ്ഥാനങ്ങള്‍ വഹിക്കേണ്ട സാഹചര്യം വന്നുചേരും.
മൂലധന ചെലവ് തലത്തിൽ ഇത് ഒരു പ്രധാന വർധനവാണ്. ഇത് മതിയായ വിഹിതം നൽകുന്നതിനെ സൂചിപ്പിക്കുന്നു. പക്ഷേ പുതിയ പദ്ധതിയുടെ യഥാർത്ഥ പരീക്ഷണം സർക്കാരിനെ പുതിയ ചട്ടക്കൂട് സ്വീകരിക്കാൻ പ്രേരിപ്പിച്ച അടിസ്ഥാന ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമോ എന്നതാണെന്നും മോഹിത് കുമാര്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയോടുള്ള മോഡി സര്‍ക്കാരിന്റെ വിമുഖത വെളിവാക്കുന്നതായിരുന്നു എംഎന്‍ആര്‍ഇജി ബജറ്റ് വിഹിതത്തിന്റെ കണക്കൂകള്‍. 2023–24 ല്‍ 60,000 കോടിയായി വിഹിതം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ഓണ്‍ അക്കൗണ്ടില്‍ വിഹിതം 86,000 കോടിയായി ഉയര്‍ത്തി. 2025–26 സാമ്പത്തിക വര്‍ഷത്തിലും ഇതേ തുകയായിരുന്നു വകയിരുത്തിയത്. ബജറ്റ് കണക്കുകളില്‍ വിഹിതം പലപ്പോഴും യഥാര്‍ത്ഥ ആവശ്യകതയേക്കാള്‍ പിന്നിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിബി ‑ജി- റാംജി നിയമം തൊഴിലുറപ്പ് ചട്ടക്കൂടില്‍ വെള്ളം ചേര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധാര്‍ അധിഷ്ടിത വേതന വിതരണം, മസ്റ്ററിങ്, വ്യാജ തൊഴില്‍ കാര്‍ഡ് എന്നിവ വഴി ലക്ഷക്കണക്കിന് പേരെ പദ്ധതിയില്‍ പുറത്താക്കിയ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎന്‍ആര്‍ഇജി പദ്ധതി തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ വിബിജി ആര്‍എഎംജി ബില്ലുമായി കേന്ദ്രം രംഗത്ത് വന്നത്. തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന മോഡി സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയ 95,692 കോടി രൂപ പദ്ധതി നടത്തിപ്പിന് പര്യാപ്തമാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar