2 February 2026, Monday

മൂന്നാമൂഴത്തിന്റെ സന്ദേശ വാഹകർ

ബിനോയ് വിശ്വം
February 3, 2026 4:30 am

മൂന്നാമൂഴത്തിലേക്ക് കുതിക്കുന്ന എൽഡി എഫിന്റെ പടക്കുതിരകളായാണ് മൂന്ന് മേഖലാ ജാഥകൾ കേരളത്തിൽ പര്യടനം നടത്തുന്നത്. വലതുപക്ഷത്തിന്റെയും വർഗീയ ഫാസിസ്റ്റുകളുടെയും കേരളത്തിലെ രാഷ്ട്രീയ ബന്ധുവായ യുഡിഎഫ് എത്ര കിണഞ്ഞു ശ്രമിച്ചാലും എൽഡിഎഫിന്റെ മുന്നേറ്റം തടഞ്ഞുനിർത്താനാവില്ല. കേരളത്തിൽ പത്തുവർഷത്തെ ഭരണം പൂർത്തിയാക്കുന്ന എൽഡിഎഫിന്റെ പാത ഏതാണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തി. ഇന്ത്യയിലെമ്പാടും വലതുപക്ഷ സർക്കാരുകൾ ജനകീയ പ്രതീക്ഷകളുടെ വെളിച്ചം ഊതിക്കെടുത്തുമ്പോൾ, രാജ്യത്തിന്റെ തെക്കേ കോണിൽ ജനങ്ങൾ കൊളുത്തിവച്ച വെളിച്ചമാണ് എൽഡിഎഫ് സർക്കാർ.

ആ ഭരണം പത്തുവർഷം പൂർത്തിയാകുമ്പോൾ ഭൂമി, വീട്, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി സകല രംഗങ്ങളിലും ജനപക്ഷ വികസനത്തിന്റെ ബദൽ മാതൃക എന്താണ് എന്ന് ജനങ്ങൾ കണ്ടു. ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി വീടുകൾ തോറും കയറിയിറങ്ങിയപ്പോൾ പവർക്കട്ടില്ലാത്ത പത്തുവർഷത്തെപ്പറ്റിയും സഞ്ചാരയോഗ്യമായ റോഡുകളെപ്പറ്റിയും മുഖഛായ മാറിയ കേരളത്തെപ്പറ്റിയുമാണ് ജനങ്ങൾ ഞങ്ങളോട് സംസാരിച്ചത്. എൽഡിഎഫ് ആണ് ശരി എന്നും അതിന്റെ ഭരണമാണ് തുടരേണ്ടതെന്നും അവർ പറഞ്ഞു. എഡിഎഫിനോട് അവർക്കുള്ള സ്നേഹവും ഒപ്പം വിമർശനങ്ങളും പറഞ്ഞു. എൽഡിഎഫിന്റെ യജമാനന്മാർ ജനങ്ങളാണ്. അവർക്കറിയാം ഞങ്ങൾ കൊള്ളക്കാരോ വർഗീയ കോമരങ്ങളോ അല്ല എന്ന്. ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ഞങ്ങൾ ഉൾക്കൊള്ളുകയും ചർച്ചചെയ്യുകയും വേണ്ട തിരുത്തലുകൾ വരുത്തുകയും ചെയ്യും. ഞങ്ങൾക്ക് പറയാനുള്ളത് ജനങ്ങളോട് പറഞ്ഞ് ബോധ്യപ്പെടുത്തും.

കഴിഞ്ഞ ദിവസം പുറത്തുവന്ന സംസ്ഥാന ബജറ്റും കേന്ദ്ര ബജറ്റും ജനങ്ങൾ കണ്ടു. കേന്ദ്രത്തിന്റെ എല്ലാ സാമ്പത്തിക ഉപരോധങ്ങൾക്കുമിടയിലും ജനങ്ങളെ ചേർത്തു പിടിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ദൃഢനിശ്ചയമാണ് കേരള ബജറ്റ് വിളംബരം ചെയ്യുന്നത്. ബിജെപിയുടെ കേന്ദ്ര ബജറ്റാവട്ടെ, രാഷ്ട്രീയ വിദ്വേഷം കൊണ്ട് കേരള ജനതയെ അവഹേളിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. അഡാനി, അംബാനിമാരെ സമ്പത്തുല്പാദകരാക്കി മാറ്റുന്ന ബിജെപിയുടെ ബജറ്റ് കടലും, കരയും, കാടും, മലയും, ജലവും, ധാതുക്കളും എല്ലാം നാടനും മറുനാടനുമായ ചൂഷകർക്കായി കൈമാറ്റം ചെയ്യുന്നു.

എയിംസ്, അതിവേഗ റെയിൽ, റെയിൽവേ സോണുകൾ, വ്യവസായ കോറിഡോറുകൾ തുടങ്ങി എല്ലാരംഗത്തും കേരളത്തെ പാടേ അവഗണിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാനായി മതങ്ങൾക്കുള്ളിൽ തീവ്രവാദത്തിന്റെ വിത്തുമുളപ്പിക്കുകയാണ് ഫാസിസ്റ്റുകൾ. അനന്തമായ കോർപറേറ്റ് വിധേയത്വവും അതിരില്ലാത്ത വംശീയതയുമാണ് അവരുടെ അടിത്തറ. ആ ശക്തികളുമായാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്നും ചങ്ങാത്തം പുലർത്തുന്നത്. അന്ധമായ എൽഡിഎഫ് വിരോധത്തിന്റെ അടിത്തറമേൽ കെട്ടിപ്പടുക്കപ്പെട്ട ഈ വലതുപക്ഷ അവസരവാദ സഖ്യത്തിന്റെ ആപത്തുകളെപ്പറ്റി ഈ ജാഥകൾ ജനങ്ങളോട് സംവദിക്കും, അവരെ ബോധ്യപ്പെടുത്തും.

വലതുപക്ഷം തങ്ങളുടെ എല്ലാ ധന സ്രോതസുകളും പ്രചാരണ സാമഗ്രികളും ഒഴുക്കി വിട്ടാലും എൽഡിഎഫിന്റെ അനിവാര്യമായ മുന്നേറ്റം തടഞ്ഞുനിർത്താനാവില്ല. ന്യൂനപക്ഷ, ഭൂരിപക്ഷ ഭേദമന്യേ വിശ്വാസികൾ മുഴുവൻ തങ്ങളുടെ ഒപ്പമാണെന്നാണ് യുഡിഎഫ് വ്യാമോഹിക്കുന്നത്. അതിനുവേണ്ടി അവരുടെ പ്രചാരണ നാവുകൾ പറഞ്ഞുപരത്തുന്ന നുണകൾക്ക് കൈയ്യും കണക്കുമില്ല. അവർ നുണകൾ കൊണ്ട് കോട്ടകള്‍ കെട്ടാന്‍ ശ്രമിച്ചാലും അത് വിലപ്പോകില്ല. കാരണം യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഇടതുപക്ഷം തങ്ങള്‍ക്കൊപ്പമാണെന്ന് ബോധ്യമുണ്ട്. എല്ലാ വിശ്വാസികളെയും ഉറ്റ ബന്ധുക്കളായാണ് ഇടതുപക്ഷം കാണുന്നത്. അവരുമായി കൈകോർത്ത് മതഭ്രാന്തിന്റെ ചീട്ടുകോട്ടകളെ നേരിടുകയാണ് എൽഡിഎഫ് നയം. ഇതാണ് ഇന്നിന്റെയും നാളെയുടെയും രാഷ്ട്രീയം. ഈ രാഷ്ട്രീയമാണ് കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം ഭരണം ഉറപ്പാക്കുന്നത്. അതിന്റെ സന്ദേശവാഹകരാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്നുജാഥകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.