7 February 2026, Saturday

Related news

February 7, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 31, 2026
January 30, 2026
January 29, 2026

പാർലമെന്ററി ജനാധിപത്യത്തിന്റെ ഉദകക്രിയയ്ക്കാണോ കളമൊരുങ്ങുന്നത്

Janayugom Webdesk
February 7, 2026 5:00 am

പാർലമെന്ററി ജനാധിപത്യത്തെയും പാർലമെന്റിന്റെ പ്രവർത്തനത്തെയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും പറ്റി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും ഭരണഘടനാശില്പി ഡോ. അംബേദ്കറും രാജ്യത്തിന്റെ ഭരണഘടനയും വിഭാവനം ചെയ്തതിനും കടകവിരുദ്ധമായ സംഭവങ്ങളാണ് ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. 1949 മേയ് 18ന് ഭരണഘടനയുടെ 85-ാം അനച്ഛേദത്തെപ്പറ്റിയുള്ള (കരട് ഭരണഘടനയിലെ 69-ാം അനുച്ഛേദം) ചർച്ചയിൽ ബ്രിട്ടീഷ് ഭരണകാലത്തെ നിയമനിർമ്മാണ സഭയെ പരാമർശിച്ച അംബേദ്കർ, ‘നിയമനിർമ്മാണ സഭ വിളിച്ചുചേർത്തിരുന്നത് പ്രാഥമികമായി നികുതിപിരിവ് സംബന്ധിച്ചായിരുന്നു.

ദൈനംദിന ഭരണനിർവഹണത്തെപ്പറ്റിയോ സാമൂഹിക പരാധീനതകൾ പരിഹരിക്കുന്നതിനുള്ള നിയമനിർമ്മാണങ്ങളെപ്പറ്റിയോ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശത്തെപ്പറ്റിയോ അവർ തെല്ലും തല്പരരായിരുന്നില്ല. അത് ജനാധിപത്യത്തിന്റെ അങ്ങേയറ്റം പരിഹാസ്യ മാതൃക ആയിരുന്നു’ എന്ന് വ്യക്തമാക്കി. ‘പാർലമെന്ററി സംവിധാനം ദൈനദിനവും യഥാകാലങ്ങളിൽ മുറതെറ്റാതെയും ഭരണാധികാരികൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ചോദ്യങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും അവിശ്വാസ പ്രമേയങ്ങളിലൂടെയും നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന നിർദേശങ്ങളിലൂടെയും സഭാ അഭിസംബോധനകളുടെ ചര്‍ച്ചകളിലൂടെയും നിർവഹിക്കുക എന്നതാണ്’- 1948 നവംബർ നാലിന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ചർച്ചയിൽ അദ്ദേഹം പറഞ്ഞു. 1938 ജൂലൈ 17ലെ ‘ഹരിജനി‘ലെ ഒരു ലേഖനത്തിൽ സ്പീക്കറുടെ നിഷ്പക്ഷത, ഉത്തരവാദിത്തം, അവകാശ അധികാരങ്ങൾ എന്നിവയെപ്പറ്റി ഗാന്ധിജി തന്റെ സുവ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നുണ്ട്. അവയെ അപ്പാടെ നിരാകരിക്കുകയും പാർലമെന്റിനെത്തന്നെ അപഹാസ്യവുമാക്കുന്ന നടപടികളാണ് ലോക്‌സഭാ സ്പീക്കർ, പ്രധാനമന്ത്രി, മന്ത്രിമാർ, ഭരണകക്ഷി അംഗങ്ങൾ എന്നിവരിൽനിന്നും കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്.

രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയചർച്ചയിൽ പ്രധാനമന്ത്രി, പ്രതിരോധമന്ത്രി തുടങ്ങി ഉന്നത ഭരണാധികാരികളുടെ രാഷ്ട്രീയ ഉത്തരവാദിത്ത നിർവഹണത്തിലുണ്ടായ ഗുരുതരവും അക്ഷന്തവ്യവുമായ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനുള്ള ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ ശ്രമങ്ങളെ തികച്ചും സാങ്കേതികത്വം ഉന്നയിച്ചു തടയുകയായിരുന്നു സ്പീക്കറും മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളും. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്നുമാത്രമല്ല, അതിൽ പ്രതിഷേധിച്ച എട്ട് അംഗങ്ങളെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും നന്ദിപ്രമേയചർച്ച പ്രധനമന്ത്രിയുടെ മറുപടിപ്രസംഗം കൂടാതെ ലോക്‌സഭ ഏകപക്ഷീയമായി പാസാക്കുകയുമാണ് ഉണ്ടായത്. 2004ൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി ബഹളംവച്ച് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ പ്രസംഗിക്കാൻ അനുവദിച്ചില്ലെങ്കിലും അദ്ദേഹം ചട്ടങ്ങൾക്ക് അനുസൃതമായി മറുപടി പ്രസംഗം സഭയുടെ മേശപ്പുറത്തുവച്ച് തന്റെ ഉത്തരവാദിത്തം നിർവഹിക്കുകയുണ്ടായി.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് യുക്തിഭദ്രവും സത്യസന്ധവുമായ മറുപടി നൽകാനാവാതെ പ്രധാനമന്ത്രി മോഡി ലോക്‌സഭയിൽ നിന്നും അക്ഷരാർത്ഥത്തിൽ ഒളിച്ചോടുകയാണുണ്ടായത്. കോൺഗ്രസിലെ വനിതാ അംഗങ്ങളിൽനിന്നും ആക്രമണം ഉണ്ടാകുമെന്ന അറിവുലഭിച്ചതിനെത്തുടർന്ന് തന്റെ നിർദേശപ്രകാരം പ്രധാനമന്ത്രി സഭയിൽ വരേണ്ടെന്ന് വയ്ക്കുകയാണ് ഉണ്ടായതെന്ന ന്യായീകരണമാണ് സ്പീക്കർ നിരത്തുന്നത്.

പ്രതിപക്ഷനേതാവിനെ പ്രസംഗിക്കാൻ അനുവദിക്കാതിരിക്കുക, പ്രധാനമന്ത്രിയെ തന്റെ പാർലമെന്ററി ഉത്തരവാദിത്തത്തിൽ നിന്നും പിന്തിരിപ്പിക്കുക, അവകാശലംഘനം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ തന്നിൽ നിക്ഷിപ്തമായ അധികാരവും പദവി നൽകുന്ന സാധ്യതകളും ഉപയോഗിച്ച് അത് തടയാതിരിക്കുക, സ്പീക്കർ പദവിയുടെ ഔന്നത്യവും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കാതെ തികഞ്ഞ പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിക്കുക തുടങ്ങി നിരവധി വീഴ്ചകളാണ് ലോക്‌സഭാ സ്പീക്കറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതുവഴി ലോക്‌സഭാ സ്പീക്കർ തന്റെ പദവിയുടെ അന്തസും ഔന്നത്യവും നിലംപരിശാക്കുകയും പാർലമെന്റിന്റെ പ്രസക്തിയും വിശ്വാസ്യതയും രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിൽ തകര്‍ത്തെറിയുകയാണ് ചെയ്തിരിക്കുന്നത്.

ലോക്‌സഭയിൽ നിന്നും മുങ്ങിയ പ്രധാനമന്ത്രി പൊങ്ങിയത് രാജ്യസഭയിലാണ്. അവിടെയും തനിക്കും തന്റെ സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും സത്യസന്ധമല്ലെങ്കിലും രാഷ്ട്രീയമായി യുക്തിഭദ്രമെന്ന് തോന്നാവുന്ന ഒരു മറുപടിപോലും നൽകാതെ ഒരു തെരുവുരാഷ്ട്രീയക്കാരനെപ്പോലെ ഒന്നരമണിക്കൂർ വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. രാഷ്ട്രസുരക്ഷയുമായും രാഷ്ട്രത്തിന്റെ സാമ്പത്തിക താല്പര്യങ്ങളുമായും ബന്ധപ്പെട്ട നിരവധിചോദ്യങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തിലും തെരഞ്ഞെടുപ്പ് ആസന്നമായ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഭരിക്കുന്ന പ്രതിപക്ഷപാർട്ടികളെയും നെഹ്രു-ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും മതന്യൂനപക്ഷത്തേയും ലക്ഷ്യംവച്ചുള്ള തരംതാണ വിദ്വേഷ പ്രസംഗത്തിൽ അഭിരമിക്കുകയായിരുന്നു പ്രധാനമന്ത്രി തന്റെ രാജ്യസഭയിലെ പ്രസംഗത്തിൽ ഉടനീളം. ജനാധിപത്യത്തിന്റെ ക്ഷേത്രം എന്ന് പാർലമെന്റിനെ ആവർത്തിച്ചുവിശേഷിപ്പിച്ച പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും പാർട്ടിയും മുന്നണിയും ജനങ്ങളെ അമ്പരപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ തങ്ങളുടെ പ്രകടനത്തിലൂടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഉദകക്രിയയ്ക്കാണോ മുതിരുന്നതെന്ന സംശയം ബലപ്പെടുത്തുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.