
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും സഹജീവിയുടെ കണ്ണീരൊപ്പാൻ ഒരു കൂട്ടം മനുഷ്യർ കൈകോർത്തപ്പോൾ പിറന്നത് ഒരു വലിയ ചരിത്രമാണ്. കുവൈറ്റിലെ ജീവകാരുണ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘സാന്ത്വനം കുവൈറ്റ്’ തങ്ങളുടെ സേവനവഴികളിൽ 25 വർഷങ്ങൾ പൂർത്തിയാക്കുന്നു. കാൽനൂറ്റാണ്ടിന്റെ ഈ സ്നേഹയാത്രയുടെ ആഘോഷമായ ‘രജത ജൂബിലി സമ്മേളനം’ ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 4:30‑ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കും.
2001‑ൽ ഒരു ചെറിയ കൂട്ടായ്മയായി തുടങ്ങി, ഇന്ന് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി പതിനായിരങ്ങൾക്ക് തണലാകാൻ സാന്ത്വനത്തിന് കഴിഞ്ഞു. കഴിഞ്ഞ 25 വർഷത്തിനിടയിൽ 20 കോടിയിലധികം രൂപയാണ് ചികിത്സാ സഹായമായും വിദ്യാഭ്യാസ സഹായമായും നിർദ്ധനരിലേക്ക് എത്തിയത്. ഓരോ രൂപയും കുവൈറ്റിലെ പ്രവാസികളുടെ വിയർപ്പിൽ നിന്നും കരുതലിൽ നിന്നും സ്വരൂപിച്ചതാണെന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു.
കഴിഞ്ഞ ഒരു വർഷം മാത്രം (2025) 1.82 കോടി രൂപയുടെ സഹായങ്ങളാണ് സംഘടന വിതരണം ചെയ്തത്. 1600-ഓളം രോഗികൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. കുവൈറ്റിലെ സാധാരണക്കാരായ തൊഴിലാളികൾക്കുള്ള ചികിത്സാ സഹായം, നാട്ടിലെ കിടപ്പുരോഗികൾക്ക് മാസം തോറുമുള്ള മരുന്ന് എത്തിക്കുന്ന ‘കണ്ടിന്യൂസ് മെഡിക്കൽ എയ്ഡ്’, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവ സാന്ത്വനത്തിന്റെ കരുതലായി ഇന്നും തുടരുന്നു. തിരുവനന്തപുരത്തെ ട്രിഡ വിശ്രം സങ്കേത് പോലുള്ള സ്ഥാപനങ്ങളിലൂടെ അശരണരായ കാൻസർ രോഗികൾക്കും മറ്റും തണലൊരുക്കാനും ‘സാന്ത്വന’ത്തിന് കഴിയുന്നുണ്ട്.
രജത ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടനയുടെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ ‘സ്മരണിക 2025’ പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടക്കും. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരിക്കും. സമ്മേളനത്തിന് ശേഷം കുവൈറ്റിലെ ‘Band 7’ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്.
എല്ലാ പ്രവാസി മലയാളികളേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം, സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ മനുഷ്യസ്നേഹികളും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രസിഡന്റ് ജ്യോതിദാസ് പി എൻ, സെക്രട്ടറി സന്തോഷ് കുമാർ പി, ട്രഷറർ ജിതിൻ ജോസ് എന്നിവരടങ്ങുന്ന സാന്ത്വനം പ്രവർത്തക സമിതി അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.