
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ വീണ്ടും ബുള്‍ഡോസര്‍ നടപടി. മദ്രസ പൊളിച്ചുനീക്കി. ബനിയാത്തർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നരോലി പട്ടണത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. മദ്രസയ്ക്ക് പുറമെ പരിസരത്തെ പത്തോളം വീടുകളും സർക്കാർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയതായും ഇവയ്ക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഏകദേശം 285 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ‘ദാറുൽ ഉലൂം’ മദ്രസയാണ് റവന്യു അധികൃതർ പൊളിച്ചുനീക്കിയത്. റവന്യു രേഖകൾ പ്രകാരം 1635, 1636 പ്ലോട്ട് നമ്പറുകളിലുള്ള ഈ ഭൂമി പൊതു റോഡിനും കമ്പോസ്റ്റ് കുഴികൾക്കുമായി മാറ്റിവെച്ചതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രദേശത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വർഷങ്ങളായി മതപഠനവും അടിസ്ഥാന വിദ്യാഭ്യാസവും നൽകിയിരുന്നത് ഈ മദ്രസയിലായിരുന്നു. വർഷങ്ങളായി ഇവിടെ താമസിക്കുന്നവരെ പെട്ടെന്ന് ഒഴിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. മദ്രസ പൊളിച്ചുനീക്കുന്നതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടികൾ തടയാൻ ശ്രമിച്ച ചിലരെ പൊലീസ് നീക്കം ചെയ്തു. വരും ദിവസങ്ങളിൽ മദ്രസയ്ക്ക് സമീപമുള്ള വീടുകൾക്കെതിരെയും നടപടി തുടരുമെന്ന സൂചനയുള്ളതിനാൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.