
ആഭ്യന്തര വിപണിയില്‍ റബ്ബര്‍ ലഭ്യത തീർത്തും ചുരുങ്ങിയതോടെ വില ഉയരുകയാണ്. ഏറെക്കാലത്തിനുശേഷം അന്താരാഷ്ട്ര വില കിലോഗ്രാമിന് 238 രൂപയ്ക്ക് മുകളിലാണ്. ആഭ്യന്തര വിലയാകട്ടെ 210 രൂപയിലും.കടുത്ത വേനലില്‍ ടാപ്പിങ് ഏറെക്കുറെ നിലച്ച സമയമായതിനാൽ വിലവർധനവുകൊണ്ട് സംസ്ഥാനത്ത് കർഷകർക്ക് യാതൊരു ഗുണവുമില്ല. റബ്ബര്കൃഷിയില് നിന്നും കര്‍ഷകര്‍ അകന്നുകഴിഞ്ഞു. വാഹന വില്പന വർധിച്ചതും റബ്ബര്‍ ലഭ്യത കുറഞ്ഞതുമാണ് നിലവിലെ വിലവർധനയ്ക്ക് കാരണം. ആഗോള തലത്തിൽ പ്രകൃതിദത്ത റബറിന്റെ ഉല്പാദനം 2.4 % വർധിച്ച് 15.2 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷ. 2025ൽ ഉല്പാദന വർധന വെറും 1.4 ടൺ മാത്രമായിരുന്നുവെന്ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബര്‍ പ്രൊഡ്യൂസിങ് കൺട്രീസ് (എഎന്‍ആര്‍പിസി) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ, സ്വാഭാവിക റബ്ബറിന്റെ ആവശ്യകത വർധിക്കുമ്പോഴും റബ്ബര്‍ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം പെരുകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സംഘടന പറയുന്നു. കാലാവസ്ഥ വ്യതിയാനവും ഉല്പാദന ചെലവിന് ആനുപാതികമായ വിലയില്ലാത്തതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ 30–35 % വരെ ഉല്പാദനക്കുറവാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്.
ചൈന, യൂറോപ്പ്, യുഎസ് വിപണികളിൽ പ്രകൃതിദത്ത റബറിന്റെ ഡിമാൻഡ് 2026ൽ വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന ലോകത്ത് അനുകൂല വളർച്ച ടയർ വില്പനയിലും പ്രതിഫലിക്കും. ഇതും റബറിന്റെ ഡിമാൻഡ് വർധിപ്പിക്കും. യൂറോപ്പിലേക്കുള്ള ടയർ കയറ്റുമതി വർധിക്കുന്നതായി ടയർ നിർമാതാക്കളുടെ സംഘടനയായ ആത്മയും വ്യക്തമാക്കിയിരുന്നു. സ്വാഭാവിക റബ്ബറിന്റെ ലോകത്തിലെ ഏറ്റവും വലിയ റബ്ബര്‍ ഉല്പാദകർ തായ്ലാന്‍ഡാണ്. ഉല്പാദനത്തിൽ വലിയ വർധനയുണ്ടാക്കാൻ ഈ വർഷം അവർക്ക് കഴിയാത്ത സാഹചര്യമാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിലും 2022 മുതൽ ഉല്പാദനം താഴേക്കാണ്. റബ്ബര്‍ കൃഷിയിൽ നിന്ന് പാമോയിലിലേക്ക് അവിടുത്തെ കർഷകർ മാറിക്കൊണ്ടിരിക്കുകയാണ്. വിയറ്റ്നാമിനെ പിന്തള്ളി ഐവറികോസ്റ്റ് മൂന്നാംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. കൂടുതൽ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് ഐവറികോസ്റ്റിലെ കര്‍ഷകര്‍.
തായ്ലാന്ഡ്, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന റബ്ബര്‍ ഉല്പാദക രാജ്യങ്ങളിൽ കാലാവസ്ഥ വ്യതിയാനം റബ്ബര്‍ ഉല്പാദനം ഇടിച്ചു. അതികഠിനമായ ചൂടും കടുത്ത മഴയും റബ്ബര്‍ കൃഷിക്ക് ദോഷമാണ്. റബ്ബര്‍ ഇലകളെ ബാധിക്കുന്ന രോഗങ്ങൾ വർധിച്ചതും തിരിച്ചടിയായി. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ റബ്ബര്‍ ഉല്പാദനം കുത്തനെ ഇടിച്ചു. പ്രായമായ റബ്ബര്‍ മരങ്ങൾ വെട്ടിമാറ്റുന്ന കർഷകർ മറ്റ് കാർഷിക വിളകളാണ് പകരം കൃഷി ചെയ്യുന്നത്. വർഷങ്ങളായി മെച്ചപ്പെട്ട വില ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തടക്കം കർഷകര്‍ റബ്ബര്‍കൃഷി വ്യാപകമായി ഉപേക്ഷിക്കുകയാണ്. ടാപ്പിങ് നടത്താതെ കാടുകയറുന്ന തോട്ടങ്ങള്‍ ഏറുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.