22 December 2024, Sunday
KSFE Galaxy Chits Banner 2

കണ്ണീരും പുഞ്ചിരിയും നിറഞ്ഞ പുസ്തകം

ആർ പ്രഭാകരൻപിള്ള
January 14, 2024 4:10 pm

വായന മൊബൈൽ സ്ക്രീനിലേക്കും ലാപ്ടോപ്പിലേക്കും മാറിയോ എന്ന് സംശയിക്കേണ്ടതായ ഇക്കാലത്ത് പുസ്തക വായനയിലൂടെ അനുവാചകർക്ക് ആനന്ദം അനുഭവിക്കാനും അറിവ് നേടാനും ഉതകുന്ന ഒരു പുസ്തകമാണ്, ‘വി ടി ഒരു തുറന്ന പുസ്തകം.’ ഇത് എഴുതിയിരിക്കുന്നതാകട്ടെ സാമൂഹിക പരിഷ്കർത്താവായ വി ടി ഭട്ടതിരിപ്പാന്റെ പുത്രനായ വി ടി വാസുദേവനും.
“അപൂർണ്ണ അന്ത്യസന്ദേശമായി ആ പ്രക്ഷുബ്ധഹൃദയം മുഷിഞ്ഞ പുസ്തകത്താളിൽ ഒളിപ്പിച്ച് മുഴുവനും പറയാതെ അദ്ദേഹം യാത്രയാവുകയും ചെയ്തു.” എന്ന് വിവരിക്കുന്ന ഒന്നാം അധ്യായമായ ‘മനുഷ്യൻ: സ്വയം വിഴുങ്ങുന്ന പിശാച്’ എന്നത് മുതൽ ”അച്ഛൻ അമ്മയോട് പറയും, നിങ്ങൾക്ക് മുമ്പേ ഞാൻ മരിക്കണം. കാരണം നിങ്ങൾ മരിക്കുന്നത് എനിക്ക് കാണാൻ വയ്യ” എന്ന് വിവരിക്കുന്ന ‘ഒടുക്കത്തെ അതിഥിയും പിരിഞ്ഞ് പോയി‘യെന്ന അവസാനത്തെ അധ്യായം വരെ ഒരുമഹത്തമമായ കാവ്യത്തിന് വേണ്ട എല്ലാഗുണങ്ങളും ചേര്‍ന്നിട്ടുണ്ട് ‘വി ടി ഒരു തുറന്ന പുസ്തക’ത്തിൽ. കാവ്യഗുണത്രയങ്ങളായ പ്രസാദം, മാധുര്യം, ഓജസ് എന്നിവ തുടക്കം മുതൽ ഒടുക്കം വരെയുള്ള അധ്യായങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ആസ്വാദകർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്.
ഭട്ടതിരിപ്പാട് കുറെനാൾ ശാന്തി ചെയ്തിരുന്ന മുണ്ടമുക അയ്യപ്പൻകാവ് ഞാൻ കണ്ടു. ചുറ്റും വയലുകളും കുന്നിൻ ചരിവുകളും ഒക്കെ താണ്ടി കൊറ്റികളെയും മുളകൊമ്പുകളിൽ ചിലച്ചുകൊണ്ടിരിക്കുന്ന തത്തകളെയും പാടി നടക്കുന്ന കുയിലുകളെയും കണ്ടുകൊണ്ട് അമ്മയോടൊപ്പം വി ടി വാസുദേവൻ മാസ്റ്റർ ഇല്ലത്തേക്ക് പണ്ടുപോയത് ഞാൻ ഭാവനയിൽ കണ്ടു. ‘ചളവറ സ്കൂൾ പറമ്പിൽ’ വായനശാലാ വാർഷികത്തോടനുബന്ധിച്ച് സ്റ്റേജിലെ ആട്ടവിളക്കിന്റെ മുമ്പിൽ ‘സന്താനഗോപാല’ത്തിലെ ഉണ്ണിയായി ഗ്രന്ഥകാരൻ ആടിയതും ഞാൻ ഓർത്തു. ഞാൻ കുറച്ചുകൂടി സഞ്ചരിച്ചപ്പോൾ, കലാകാരനും പ്രതിഭാശാലിയുമായ വി ടി വിജയനെ (ഗ്രന്ഥകർത്താവിന്റെ ആദരണീയനായ ഏട്ടൻ) ഞാൻ പരിചയപ്പെട്ടു. സ്വന്തം അനുജന് ആലിബാബയുടെയും ഷൈലോക്കിന്റെയും കഥപറഞ്ഞു കൊടുത്ത് ജീവന് തുല്യം സ്നേഹിച്ചിരുന്ന വി ടി വിജയൻ അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസില്‍ മഹാന്ധകാരത്തിലേക്ക് മറഞ്ഞ് നക്ഷത്രത്തിളക്കമായി തീർന്നെന്നറിഞ്ഞ ഞാൻ ഇത്തിരി നൊമ്പരപ്പെട്ടു. 

വി ടി ഭട്ടതിരിപ്പാടിന്റെ സഹോദരിയെ പെണ്ണുകാണാൻ അഞ്ച് വിരലിലും മോതിരമിട്ട് വന്ന പാലക്കാട്ടുകാരനെ തൊട്ടടുത്ത വീട്ടിലെ ‘അമ്മാളു അമ്മ’യെക്കൊണ്ട് പരിഹസിച്ച് വിടീച്ചത് ഹൃദ്യമായ അനുഭവമായി. മനുഷ്യസ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായ ഭട്ടതിരിപ്പാട് അവർകൾ ഓതിക്കൻമാരുടെ കീഴിൽ ആറുവയസ് മുതൽ നുള്ള്, പിച്ച്, നടപ്പുറത്ത് അടി, പിടിച്ചുതള്ളൽ, ഏത്തമിടൽ തുടങ്ങിയ ശിക്ഷാവിധികൾ ഏൽക്കേണ്ടി വന്നതറിഞ്ഞപ്പോൾ എനിക്ക് അതിയായ വേദനയുണ്ടായി.
ചാത്തന്നൂരിലെ ഒരു നായർ ഗൃഹത്തിലേക്ക് അവിവാഹിതയായ ഗർഭിണിയെ ഭർത്താവെന്നനിലയിൽ വിളികേൾപ്പിച്ച് സംരക്ഷിക്കാൻ വീട്ടുകാർ ഒരുക്കിയ വിദ്യയിൽ നിന്ന്, പുൽപായയിൽ ഉറങ്ങിയിട്ട് നേരം വെളുത്തപ്പോൾ ഉണർന്ന് മേഴത്തൂർക്ക് മടങ്ങിയ ഭട്ടതിരിപ്പാട് അവർകളെ ഞാൻ ഭാവനയിൽ കണ്ടു. 

വ്യവഹാരങ്ങളിൽപെട്ടു പൊളിഞ്ഞ മനയ്ക്കലെ ഓട്ഠക്കയ്യൻ അപ്ഫനായി അലയാതെ തൃശൂർ യോഗക്ഷേമം കമ്പനിയിൽ പന്ത്രണ്ട് രൂപാ ശമ്പളക്കാരനായി ക്ലാർക്കിന്റെ ജോലികിട്ടിയത്, തറവാട്ടുമുറ്റത്തെ നാടകാവതരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ജ്യേഷ്ഠനുമായുണ്ടായ അന്തച്ഛിദ്രം ഭാഗാലോചനയിൽ എത്തിച്ചതിന് കാരണക്കാരായ കാര്യസ്ഥന്മാർ, ദണ്ഡിയാത്രയ്ക്ക് തുല്യമായ യാചനായാത്രയിലെ, ഗാന്ധിജിക്ക് തുല്യനായ വി ടി ഭട്ടതിരിപ്പാട് 1930ജൂണിൽ വിവാഹിതനായപ്പോൾ അമ്മയുടെ കുടിവെപ്പ് യാത്രയിൽ, ഓമനിച്ച് പരിലാളിച്ചു പോന്ന പശു, ആട്, പൂച്ച തുടങ്ങിയ വളർത്തു സുഹൃത്തുക്കൾ. പിന്നാലെ ഓടിവന്ന് തൊട്ടുരുമ്മിയതും ലേഖകന്റെ അമ്മ കരഞ്ഞതും ശാകുന്തളത്തെ ഓർമ്മിപ്പിച്ചുവെന്ന് ഭട്ടതിരിപ്പാട് പറഞ്ഞതും ‘തീ പിടിച്ച് പുരയിലേക്ക് ഇതിനെ കൂട്ടിക്കൊണ്ട് വന്നുവല്ലോ’ എന്ന് കുറ്റപ്പെടുത്തിയതും വായിച്ചത് ഒരിക്കലും മറക്കാൻ കഴിയുന്നില്ല. 

1929 കളിൽ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ തുടങ്ങിയ നാടകങ്ങളിൽ സ്ത്രീ വേഷംകെട്ടി അഭിനയിച്ചിരുന്നത് പുരുഷന്മാരായിരുന്നു. എന്നാൽ പിന്നീട് സ്ത്രീ, സ്ത്രീയുടെ വേഷം മാത്രമല്ല പുരുഷന്റെയും വേഷം കെട്ടാൻ ധൈര്യം കാണിച്ചതിൽ ഞാൻ അത്ഭുതം കൂറി.
കുഞ്ഞിക്കുട്ടൻ തമ്പുരാൻ വാത്സല്യത്തോടെ അരികിൽ വിളിച്ചു നിർത്തി ഉപദേശ രൂപേണ എന്തൊക്കയോ പറഞ്ഞ് തലോടിയപ്പോൾ, ‘ആഹ്ലാദാഭിമാനങ്ങളിൽ മുങ്ങിപ്പോയിരുന്ന’ അച്ഛന് ‘തമ്പുരാന്റെ തലോടൽ ശ്രീരാമനിൽ നിന്ന് അണ്ണാറക്കണ്ണനുണ്ടായ പ്രസാദം പോലെ’ എന്നും മനസിൽ ഉണ്ടായിരുന്നു എന്നത് വായിച്ച് ഞാനും സന്തോഷിച്ചു.
ഉമ്മറത്തിണ്ണയിലിരുന്ന്, അച്ഛന്റെ സുഹൃത്തുക്കളായി വന്നുചേരുന്നവരോട് കുറ്റിത്തലമാന്തി തുരുതുരെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചാണകം തേച്ച അടുക്കള നിലത്ത് ദേവന്മാർക്ക് തുല്യരായ അതിഥികൾക്ക് ഭക്ഷണം വിളമ്പികൊടുത്തിട്ടുള്ള, ലേഖകന്റെ ആദരണീയയായ മാതാവിനെ ഞാൻ നേരിൽ കണ്ടു.
‘വി ടി ഒരു തുറന്ന പുസ്തകം’ എന്ന സാഹിത്യസൃഷ്ടിയിലൂടെ അനുവാചകന് ചിരിക്കാനും ചിന്തിക്കാനും സ്വന്തം ജീവിതത്തിൽ പകർത്താനും അല്പം കണ്ണു നനയാനും ഒക്കെയായി സാഹിത്യാശം വി ടി വാസുദേവൻ നൽകിയിട്ടുണ്ട്.

വി ടി ഒരു തുറന്ന പുസ്തകം
(ഓര്‍മ്മ)
വി ടി വാസുദേവന്‍
മാതൃഭൂമി ബുക്സ്
വില: 320 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.