ഈ വിശാലമാം ഭൂവില്‍ മറ്റാരുമില്ലെന്നാലും
നിസ്വര്‍തന്‍ അഭയകൂടാരങ്ങളാകുന്നൊരീ
ലക്ഷം വീടുകള്‍ക്കുള്ളില്‍ അന്തിയിലേതോ കൈകള്‍
കൊളുത്തിവയ്ക്കും മണ്‍ചെരാതിന്റെ തിരിത്തുമ്പില്‍
ജ്വലിക്കുമാ പുഞ്ചിരി മൃതിയെ ജയിക്കുന്നു
- ഒഎന്‍വി.
”അങ്ങനെ 21-ാം നൂറ്റാണ്ടിലെങ്കിലും മനുഷ്യൻ തന്റെ മഹനീയത ഉയർത്തിപ്പിടിച്ചു കൊണ്ട് വിദ്വേഷ — വിവേചനങ്ങളെല്ലാം ഉപേക്ഷിച്ച് സ്നേഹവും സൗഹൃദവും സാഹോദര്യവും പുലർത്തി പ്രകൃതി വിഭവങ്ങളെയും മഹോന്നതങ്ങളായ തന്റെ നേട്ടങ്ങളേയും മനുഷ്യ സമൂഹത്തിനാകെ പ്രയോജനപ്പെടുത്തി ഭൂമിയിൽ സ്വർഗം സൃഷ്ടിക്കുന്നത് സ്വപ്നം കണ്ടുകൊണ്ട് ഇവിടെ നിന്നും വിട പറയണം ‑അതാണെന്റെ അന്തിമാഭിലാഷം.” (എമ്മെന്റെ ആത്മകഥ)
മനുഷ്യ സ്നേഹവും, ആർദ്രതയും, അതേസമയം എന്തിനെയും നേരിടാനുള്ള ധീരതയും രാഷ്ട്രീയ വിവേകവും അറിവുമുള്ള നേതാവായിരുന്നു എമ്മെന്‍. ജനങ്ങളുടെ നാഡിമിടിപ്പ് ഇത്രത്തോളം അറിയാൻ കഴിഞ്ഞിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അനീതിയുടെ മുമ്പിൽ ആ മനുഷ്യസ്നേഹി പൊട്ടിത്തെറിക്കുമായിരുന്നു. അതിനെതിരെ എവിടെ വരെ പോരാടാനും ഒരുക്കവുമായിരുന്നു. ആരുടെയും അനുമതിക്കു വേണ്ടി കാത്തു നില്‍ക്കാറുമില്ല, ഭവിഷ്യത്തുകൾ എന്തുമാകട്ടെ എന്ന നിലപാടാണ്. എമ്മെൻ എന്ന വ്യക്തിയെ, രാഷ്ട്രീയ നേതാവിനെ അന്വേഷിച്ച് ചെല്ലുമ്പോഴാണ് ആ ജീവിതകഥ എത്രത്തോളം സംഭവബഹുലമായിരുന്നു എന്ന് മനസിലാവുക. ക്ലേശങ്ങളുടെ, പ്രതിസന്ധികളുടെ, ത്യാഗത്തിന്റെ സാഹസികതയുടെയൊക്കെ അധ്യായങ്ങൾ നിറഞ്ഞതാണ് ആ ജീവിതസമരം.
പന്തളത്ത് ഇടത്തരം കർഷകകുടുംബത്തിൽ ജനിച്ച മുളയ്ക്കലെ ചെല്ലപ്പൻ ഒരു ജനതയുടെ ആകെ കണ്ണിലുണ്ണിയായി മാറിയത് സാധാരണക്കാർക്കു വേണ്ടി സമർപ്പിതമായ തന്റെ ജീവിതം കൊണ്ടാണ്. അച്ചൻകോവിലാറിന്റെ തീരത്ത് മുളയ്കൽ വീട്ടിൽ കുഞ്ഞുലക്ഷ്മി അമ്മയുടെയും ഈരിക്കൽ വി ആർ നാരായണപിള്ളയുടെയും മകനാണ്. മുൻസിഫ് കോടതിയിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് മകൻ രാഷ്ട്രീയത്തിൽ തുടരുകയാണെങ്കിൽ സ്റ്റേറ്റ് എയ്ഡഡ് ബാങ്കിൽ ഉള്ള ഉദ്യോഗം പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അത് രാജിവച്ച് മകന്റെ ഭാഗത്ത് ഉറച്ചുനിന്ന അഭിമാനിയായിരുന്നു.
ചങ്ങനാശേരി എസ് ബി കോളജിലും തിരുവനന്തപുരം ആർട്സ് കോളജിലും പഠിച്ച എംഎന്‍ തുടർന്ന് നാട്ടിൽ അധ്യാപകനായി കുറച്ചുകാലം ജോലി നോക്കി. പിന്നീട് അദ്ദേഹം ലോകോളജിൽ ചേർന്നെങ്കിലും പഠിത്തത്തിലായിരുന്നില്ല ശ്രദ്ധിച്ചത്. അതുകൊണ്ട് പരീക്ഷയിൽ പരാജയപ്പെട്ടു. പഠിത്തവും ദളിത് സംഘത്തിന്റെ പ്രവർത്തനവും ഒരുമിച്ചാണ് നടത്തിയത്. ഇതിനിടയിൽ വാർധയിലെ ആശ്രമത്തിലും പോയി.
ചെറുപ്പത്തിലേ കൃഷിയിൽ താൽപര്യമുണ്ടായിരുന്ന അദ്ദേഹത്തിന് കർഷക തൊഴിലാളികളുമായി അടുത്തിടപഴകാൻ അവസരമുണ്ടായി. അവരുടെ കൊടും ദാരിദ്ര്യവും അവർ അനുഭവിക്കുന്ന സാമൂഹ്യമായ അവശതകളും ആ ചെറുപ്പക്കാരനെ അലട്ടി. കർഷകതൊഴിലാളികളുമായുള്ള സമ്പർക്കം അവരുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പഠിക്കുന്നതിനു വളരെ ഉപകരിച്ചു. അതുപോലെ അവർക്ക് ഒരു നല്ല ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് എന്ന വിശ്വാസം അവരിൽ ഉണ്ടാക്കുന്നതിനും സഹായിച്ചു. മാവേലിക്കര-പന്തളം റോഡിൽ നിന്ന് രണ്ടു മൂന്ന് മൈല്‍ അകലെ കർഷക തൊഴിലാളികൾ തിങ്ങിപാർക്കുന്ന ചേരിക്കൽ പ്രദേശത്തേക്ക് റോഡ് ഒന്നുമില്ല. റോഡ് വേണമെന്നത് അവരുടെ അഭിലാഷമായിരുന്നു. റോഡ് വെട്ടാനും അവര്‍ റെഡി. പക്ഷേ ഭൂമി ജന്മിമാരുടേതാണ്. ജന്മിമാരുടെ സമ്മതം താൻ വാങ്ങിക്കൊളാം റോഡ് വെട്ടാൻ ആളു വന്നാൽ മതി എന്ന് എമ്മെൻ പറഞ്ഞപ്പോൾ തൊഴിലാളികൾക്കുത്സാഹമായി. കൊട്ടും വാദ്യവും ആർപ്പുവിളികളുമായി അവർ റോഡ് വെട്ടി. ബഹുജനങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള എമ്മെന്റെ ആദ്യത്തെ പൊതു പ്രവർത്തനമായിരുന്നു അത്. അവരുടെ അടുത്ത ആവശ്യം പഠിക്കാനൊരു വിദ്യാലയം വേണമെന്നതായിരുന്നു. സ്കൂൾ സ്ഥാപിച്ചപ്പോൾ അഗീകാരം, ഗ്രാന്റ് എന്നിവ പ്രശ്നമായി. സ്കൂളിൽ ഗാന്ധിജി സന്ദർശനത്തിനെത്തി. അതോടെ സ്കൂളിന് ഗ്രാന്റ് നൽകാൻ അധികൃതർ നിര്‍ബന്ധിതമായി.
സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായ ചങ്ങനാശേരി പരമേശ്വരൻ പിള്ള തകർച്ച നേരിടുന്ന കേരകർഷകരുടെ പ്രസ്ഥാനം സംഘടിപ്പിച്ചു വരുകയായിരുന്നു. അതിന്റെ നേതൃത്വം ഏറ്റെടുക്കുവാൻ എമ്മെനോടാവശ്യപ്പെട്ടു. അങ്ങനെയാണ് എമ്മെൻ ആദ്യം മലബാര്‍ പ്രദേശത്തും പിന്നീട് തിരുവിതാംകൂറിലുമെത്തുന്നത്. തിരുവിതാംകൂറില്‍ തുടക്കം പറവൂരിലായിരുന്നു.
കൊല്ലത്ത് പി കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പാർട്ടി സംഘടിപ്പിക്കാൻ എമ്മെനെയാണ് നിയോഗിച്ചത്. എമ്മെൻ അപ്പോഴും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലായിരുന്നു. കോൺഗ്രസ് പ്രവർത്തനവും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും അദ്ദേഹം ഒരുപോലെ മുന്നോട്ടു കൊണ്ടുപോയി.
രണ്ടാം ലോകമഹായുദ്ധം കാരണം നാടാകെ വറുതിയിലായി. ഒരു മണി അരി പോലും കിട്ടാനില്ല. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ കമ്മിറ്റികൾ രൂപീകരിക്കാൻ എമ്മെന്‍ മുൻകൈ എടുത്തു. അദ്ദേഹം നേരത്തെ നഗരത്തിൽ തുറന്ന സോവ്യറ്റ് സുഹൃദ്സംഘം ആഫീസ് ഭക്ഷണ കമ്മിറ്റി ആഫീസായി മാറി. അന്ന് റേഷൻ സമ്പ്രദായം ഉണ്ടായിരുന്നില്ല. റേഷൻ സമ്പ്രദായം ഏർപ്പെടുത്താനാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് എമ്മെൻ പ്രഖ്യാപിച്ചു. ഇതിനിടയിൽ എമ്മെനെ അറസ്റ്റു ചെയ്തു. രണ്ടു് കൊല്ലം തടവിന് ശിക്ഷിച്ചു. തൊഴിലാളികൾക്ക് പട്ടാള പരിശീലനം നല്കി എന്നാരോപിച്ചാണ് ജയിലിലടച്ചത്. പത്തു മാസം കഴിഞ്ഞ് ജയിൽ മോചിതനായി.
മലബാറിൽ ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കൂട്ടിയിണക്കി മുന്നോട്ടു പോകാൻ പി കൃഷ്ണപിള്ള, ഇഎംഎസ്, എകെജി, കെ ദാമോദരൻ എന്നിവർക്കു കഴിഞ്ഞതുപോലെ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഒന്നിച്ചു കൊണ്ടുപോകാൻ എമ്മെന്റെ നേതൃത്വത്തിലുള്ള നേതാക്കൾക്ക് കഴിഞ്ഞു. തിരുവിതാംകൂറിൽ പാർട്ടി വളർത്തുന്ന കാര്യത്തിൽ മലബാറിലേക്കാൾ സങ്കീർണമായ പ്രശ്നങ്ങൾ നേരിടേണ്ടതുണ്ടായിരുന്നു. ശക്തി പ്രാപിച്ചിരുന്ന വർഗീയ സംഘടനകളുടെ സ്വാധീനശക്തി ഒരു കാരണമാണ്. ‘ഈ തടസങ്ങളെ നേരിട്ടുകൊണ്ട് ജനങ്ങളെ അണിനിരത്താൻ കഴിഞ്ഞത് എമ്മെനെ പോലെയുള്ള ഒരുപിടി നേതാക്കളുടെ സാഹസികമായ നേട്ടമാണ്.
1952. എം എൻ ഭരണിക്കാവ് അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി. നാഗർകോവിൽ ജയിലാശുപത്രിയിൽ നിന്നു പുറത്തു ചാടി ഒളിവിൽ കഴിഞ്ഞിരുന്ന എമ്മെന്റെ സ്ഥാനാർത്ഥിത്വം ചെറുപ്പക്കാരെ ആവേശഭരിതരാക്കി. അപ്പോഴാണ് മറ്റൊരു പ്രശ്നം. വോട്ടേഴ്സ് ലിസ്റ്റിൽ എമ്മെന്റെ പേരില്ല. അതിനായി തെരഞ്ഞെടുപ്പ് കമ്മീഷണർ മുമ്പാകെ പ്രത്യേക ഫീസും അപേക്ഷയും നല്കി പേരുൾക്കൊള്ളിച്ചു. ഒളിവിലിരുന്നു കൊണ്ട് എമ്മെൻ പ്രവർത്തനം നടത്തി. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. എമ്മെൻ ഒളിവിൽ നിന്ന് പുറത്തുവന്നു. ഒന്ന് കുഴങ്ങിപോയ പൊലീസ് എമ്മെനെ വീണ്ടും അറസ്റ്റു ചെയ്തു. പക്ഷെ ഉടനെ തന്നെ സർക്കാരിന് മോചിപ്പിക്കേണ്ടി വന്നു, എമ്മെല്ലെ എന്ന പരിഗണനയിൽ.
എമ്മെന്‍ മാജിക്
1951 ന്റെ മധ്യമായപ്പോഴേക്ക് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പാർട്ടി സംഘടന ഇന്ത്യയിലൊട്ടാകെ തകർന്നു കിടക്കുന്നു. നേതാക്കളിൽ അധികം പേരും ജയിലിലോ ഒളിവിലോ കഴിയുന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏതായാലും പാർലമെന്റിലേക്കും നിയമസഭയിലേക്കും കഴിയുന്നത്ര സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. തിരുകൊച്ചിയിൽ ആർഎസ്‌പി, കെഎസ്‌പി എന്നീ ഇടതുപക്ഷ പാർട്ടികളുമായി ചേർന്ന് ഐക്യമുന്നണി ഉണ്ടാക്കി മത്സരിക്കാനും നിശ്ചയിച്ചു.
ജനങ്ങളുടെ നാഡിമിടിപ്പ് നല്ലതുപോലെ മനസിലാക്കിയ എമ്മെന്‍ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചുട്ടമറുപടി കൊടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ എമ്മെനാണ് ശരി എന്ന് എല്ലാവർക്കും ബോധ്യമായി. തെരഞ്ഞെടുപ്പിന്റെ തന്ത്രവും അടവും ആവിഷ്കരിക്കുന്നതിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും എമ്മെന്റെ അസാമാന്യമായ ഈ കഴിവ് 1954ൽ തിരു-കൊച്ചി നിയമസഭയിലേക്കു നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ അവസരത്തിലും 1957ൽ കേരള നിയമസഭയിലേക്കു നടന്ന ആദ്യ തെരഞ്ഞെടുപ്പിലും അത്ഭുതകരമായ ഫലം നേടാൻ കഴിഞ്ഞു.
1957ൽ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർഎസ്‌പി, സീറ്റു വിഭജന കാര്യത്തിൽ അനർഹമായ അവകാശവാദം ഉന്നയിച്ചപ്പോൾ ഒറ്റയ്ക് മത്സരിക്കാൻ തീരുമാനിച്ചത് പാർട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്ന എമ്മെന്റെ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസഭ രൂപീകരിച്ചപ്പോൾ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായിരുന്ന അച്യുതമേനോൻ ധനകാര്യ മന്ത്രിയായി നിയോഗിക്കപ്പെട്ടതിനാൽ സെക്രട്ടറി സ്ഥാനം എമ്മെൻ ഏറ്റെടുത്തു. ലോകം ശ്രദ്ധിച്ച ആദ്യകമ്മ്യൂണിറ്റ് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചന സമരവും കേന്ദ്രത്തിന്റെ പുറത്താക്കലും ചരിത്രത്തിന്റെ ഭാഗമാണ്.
ജനയുഗവും എമ്മെനും
ജനയുഗം വാരിക നിർത്തി പത്രമാക്കിക്കോ എന്ന തന്റെ തീരുമാനത്തെപ്പറ്റി എമ്മെൻ പറഞ്ഞത് ‘ഇതുപോലൊരു അതിസാഹസം ഞാൻ എന്റെ ജീവിതത്തിൽ കാണിച്ചിട്ടില്ല’ എന്നാണ്. 5000 രൂപയെങ്കിലും കയ്യിലില്ലാതെ ദിനപത്രത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങുകയില്ല. ഈ വിഷമ സന്ധിയിലാണ് എമ്മെൻ മധുര പാർട്ടി കോൺഗ്രസിന് പോയത്.
അരുണാ ആസഫലിയില്‍ നിന്ന് പണം കടമായിക്കിട്ടയത് ആശ്വാസമായി. പന്തളം പി ആറിന്റെ നവലോകം പ്രസ് കൊച്ചിയിൽ നിന്ന് കൊല്ലത്തേക്കു കൊണ്ടുവന്നു. 5000 രൂപ നിക്ഷേപിച്ച് ജനയുഗം ദിനപത്രവും തുടങ്ങി. പിന്നീട് നടന്ന പാർട്ടി ഫണ്ട് പിരിവിൽ ആ പണം തിരിച്ചു കൊടുക്കുകയും ചെയ്തു.
കൃഷിമന്ത്രി
കേരളം കണ്ട ഏറ്റവും ദീർഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള കൃഷിമന്ത്രി എമ്മെനായിരുന്നുവെന്ന് നിസംശയം പറയാം. എമ്മെന്റെ ഏലാ വികസന പദ്ധതി, ജനകീയ കൂട്ടായ്മ ആധാരമാക്കിയുള്ള പരീക്ഷണമായിരുന്നു. അത് വമ്പിച്ച വിജയമായി. മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷിയിറക്കി, വിദ്യാർത്ഥികളെ മുന്നിൽ നിർത്തി ഓണത്തിനൊരു പറ നെല്ല് പരിപാടി അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞതാണ്. ചെറുകിട കൃഷിക്കാർക്ക് യന്ത്രസാമഗ്രികൾ ലഭ്യമാക്കാൻ വേണ്ടി അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ അദ്ദേഹത്തിന്റെ മറ്റൊരു സൃഷ്ടിയാണ്. കേരള കാർഷിക സർവകലാശാലയും എമ്മെന്റെ ആശയമായിരുന്നു.
ദേശീയ തലത്തിൽ തന്നെ പ്രശസ്തി നേടിയ ലക്ഷം വീടുപദ്ധതി എമ്മെന്റെ സഹാനുഭൂതിയുടെയും കർമ്മ കുശലതയുടെയും ഭാവനാശക്തിയുടെയും മറ്റൊരുദാഹരണമാണ്. ഇടുക്കി പദ്ധതി എന്ന അഹല്യയ്ക് ശാപമോക്ഷം നല്കിയതും സാക്ഷാൽ എം എൻ തന്നെ.
എംപിയാകുന്നു
അടിയന്തിരാവസ്ഥയെ തുടർന്ന് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ എമ്മെൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ ലോക്‌സഭയിൽ 24 അംഗങ്ങളുണ്ടായിരുന്ന സിപിഐ ഈ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വെറും ഏഴ് അംഗങ്ങൾ മാത്രമുള്ള ചെറിയ ഗ്രൂപ്പായി. എമ്മെൻ സിപിഐ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
യുപിയിൽ പന്ത് നഗർ യൂണിവേഴ്സിറ്റി പരിസരത്തു നടന്ന ക്രൂരമായ ദളിത് പീഡനത്തിൽ മനംനൊന്ത അദ്ദേഹം ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭണ പര്യടനം നടത്തിയ ശേഷം ഡൽഹിയിൽ ബോട്ട് ക്ലബ് മൈതാനത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കളും എംപിമാരും എമ്മെനെ നിരാഹാര പന്തലിൽ സന്ദർശിച്ചു. പാർലമെന്റിൽ വികാരനിർഭരമായ രംഗങ്ങളുണ്ടായി. എഴുപത്തഞ്ചോളം മെമ്പർമാർ ചേർന്ന് ഒരു ശ്രദ്ധ ക്ഷണിക്കൽ നോട്ടീസ് കൊടുക്കുക എന്നൊരു സംഭവം രാജ്യസഭയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. വൈകുന്നേരമായപ്പോൾ നിരാഹാര സമരം വിജയകരമായി അവസാനിച്ചു.
1984 നവംബര്‍ 27ന് ഇതിഹാസതുല്യമായ ജീവിതത്തിന് പര്യവസാനമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.