4 May 2024, Saturday

മാന്ത്രിക വിപ്ലവകാരിയുടെ പാദമുദ്രകള്‍

കാനം രാജേന്ദ്രൻ
November 27, 2023 4:30 am

കേരള രാഷ്ട്രീയത്തില്‍ പതിഞ്ഞ ഒരു മാന്ത്രിക വിപ്ലവകാരിയുടെ പാദമുദ്രകള്‍ എന്നാണ് എം എന്‍ ഗോവിന്ദന്‍ നായരുടെ ആത്മകഥയ്ക്ക് നല്‍കപ്പെട്ട വിശേഷണം. അക്ഷരാര്‍ത്ഥത്തില്‍ മാന്ത്രിക വിപ്ലവകാരിയും സാമൂഹ്യ പോരാളിയുമായിരുന്ന, എംഎന്‍ എന്ന രണ്ടക്ഷരത്തിലൂടെ ചരിത്രത്തില്‍ അടയാളപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവിന്റെ ചരമ വാര്‍ഷികമാണിന്ന്. എംഎന്‍ എന്നതിന് മനുഷ്യനന്മ എന്ന വിശേഷണവും ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ആ ജീവിതത്തിന്റെ ഗതിവിഗതികളെ പഠിക്കുവാന്‍ ശ്രമിക്കുന്ന ആര്‍ക്കും ആ മനുഷ്യനന്മയുടെ വ്യതിരിക്തമായ അനുഭവങ്ങള്‍ വായിച്ചെടുക്കാനാകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ പല വഴിത്തിരിവുകളിലും പാർട്ടിയെ നേർവഴിക്ക് നയിക്കാൻ എംഎൻ വിലപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള ദശകങ്ങളിലായിരുന്നു എംഎന്‍ കേരളത്തിലും ദേശീയതലത്തിലും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ജീവിച്ചത്. അതുകൊണ്ടുതന്നെ ത്യാഗസുരഭിലവും സമര്‍പ്പിത മനോഭാവത്തോടെയുമുള്ള സമരജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. താൻ ജീവിച്ച കാലഘട്ടത്തിന്റെ അന്തഃസത്ത മനസിലാക്കുകയും ആ കാലഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ കാലവും ദേശവും ചുമത്തുന്ന പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും സാരവത്തായ പങ്ക് വഹിക്കുകയും ചെയ്ത ചുരുക്കം ചില കേരളീയരിൽ ഒരാളായിരുന്നു എംഎൻ.

സാഹസികമായ ആ ജീവിതത്തിൽ വിജയങ്ങളെപ്പോലെ പരാജയങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ ഏതു കൊടുങ്കാറ്റിലും നിലയുറപ്പിക്കാനും നീങ്ങാനുമുള്ള പ്രത്യയശാസ്ത്ര ദാർഢ്യവും ആദർശധീരതയും അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ദുഃഖത്തിന്റെ കയ്പുനീർ ധാരാളം കുടിച്ചു. എങ്കിലും ഒടുങ്ങാത്ത ശുഭപ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഭരണത്തിന്റെയും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്ന് സ്നേഹത്തിന്റെയും അനൗപചാരികതയുടേതുമായ വിശ്രമസുഖം അനുഭവിക്കാൻ അദ്ദേഹം പലപ്പോഴും അടുത്തു പെരുമാറാറുള്ളവരുടെ വീടുകളിലേക്ക് പോകുമായിരുന്നു. നന്നേ ചെറുപ്പത്തില്‍ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. തൊട്ടുകൂടായ്മ നിലനില്‍ക്കേ ഹരിജനങ്ങള്‍ക്കുവേണ്ടി സ്കൂള്‍ സ്ഥാപിക്കുകയും അവര്‍ക്കൊപ്പം ജീവിക്കുകയും ചെയ്തു അദ്ദേഹം. ജീവിതത്തിന്റെ അവസാന ദശകങ്ങളില്‍ പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്റ് അംഗവുമായിരിക്കെ അദ്ദേഹം നയിച്ച പ്രധാന പോരാട്ടങ്ങളില്‍ ഒന്ന്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഹരിജന മര്‍ദനങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു.


ഇതുകൂടി വായിക്കൂ:ചരിത്രത്തിൽ ഇവര്‍ കൂടിയുണ്ട്


നിയമസഭയിലും പാർലമെന്റിലും പലവട്ടം അംഗമായിരുന്ന എംഎൻ പ്രഗത്ഭനായ പാർലമെന്റേറിയനായിരുന്നു. കേരളത്തിന്റെ ഫ്യൂഡൽ മനഃസാക്ഷിയെ കീറിമുറിച്ച കെപിഎസിയുടെ ”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം നിരോധിച്ച ഭീരുക്കളുടെ നേരെ 1952ൽ നിയമസഭയിൽ എംഎൻ എയ്തുവിട്ട വാഗ്ശരങ്ങൾ ശ്രദ്ധേയമാണ്. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ തീക്ഷ്ണമായ വാക്കുകള്‍. കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഭൂമിയും വീടുമായിരുന്ന ഘട്ടത്തില്‍ കേരളത്തിലെ മന്ത്രിയായിരുന്ന എംഎന്‍ ആ പ്രശ്നപരിഹാരത്തിനുള്ള പദ്ധതികള്‍ക്കാണ് മുന്‍കയ്യെടുത്തത്. ഭൂപരിഷ്കരണ നിയമത്തിലൂടെ ഭൂപ്രശ്ന പരിഹാരത്തിന് സാധ്യത തെളിഞ്ഞപ്പോള്‍, പ്രസ്തുത നിയമത്തിന്റെ ഫലമായി സര്‍ക്കാരിലേക്ക് ലഭ്യമായ മിച്ചഭൂമിയുടെ സാധ്യത കൂടി ഉപയോഗിക്കുന്നതിന് അദ്ദേഹം ആവിഷ്കരിച്ചതായിരുന്നു ലക്ഷംവീട് പദ്ധതി. സര്‍ക്കാരിന്റെ ക യ്യില്‍ പണമില്ലെന്ന പരിമിതിയെ മറികടക്കുന്നതിന് ബദല്‍ മാര്‍ഗം കണ്ടെത്തി, മിച്ചഭൂമികളില്‍ ഇരട്ടവീടുകള്‍ നിര്‍മ്മിച്ചതുവഴി ലക്ഷം കുടുംബങ്ങളാണ് ചെറുഭവനങ്ങളുടെ ഉടമകളായത്. ഇപ്പോള്‍ ആ വീടുകള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എംഎന്‍ ലക്ഷം വീടുകള്‍ എന്നാണ് അറിയപ്പെടുന്നത്. വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തിലെ ഊർജ പ്രതിസന്ധിയെ നേരിടേണ്ടിവന്നത്. പഴമക്കാരുടെ സങ്കല്പമായ കുറവൻപാറയും കുറത്തിപ്പാറയും സംയോജിപ്പിച്ച് ഇടുക്കി ജലസേചന പദ്ധതി യാഥാർത്ഥ്യമായത് എംഎന്റെ കർമ്മശേഷിയുടെ മറ്റൊരു ഉദാഹരണം.

പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നു എംഎൻ. നമ്മുടെ കൃഷിയിടങ്ങളെ സംരക്ഷിക്കുവാനും, പുതുതലമുറയ്ക്ക് കാർഷിക ബോധം വളർത്തിയെടുക്കുവാനും ഉയർത്തിയ ”ഓണത്തിന് ഒരുപറ നെല്ല്” എന്ന മുദ്രാവാക്യം വിദ്യാർത്ഥികളിൽ ആവേശം ഉണർത്തി. അതേവരെ അവഗണിക്കപ്പെട്ടിരുന്ന കൃഷി വകുപ്പിന് ജനശ്രദ്ധ ഉണ്ടായത് എംഎൻ മന്ത്രിയായിരുന്ന കാലത്താണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ സിദ്ധി എംഎന്റെ വിജയമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തനായ വക്താവായിരുന്നു എംഎൻ. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശില്പിയെന്ന് എംഎ നെ വിളിക്കാം. പാവങ്ങളുടെ, ദുരിതക്കയങ്ങളിലെ ജീവിതം അദ്ദേഹത്തെ ദുഃഖിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ വാർധാ ആശ്രമത്തിലെ ജീവിതവും സ്വന്തം നാട്ടിലെ ദളിതരുടെ സ്കൂളിലെ പ്രവർത്തനവും എംഎന്റെ ജീവിതത്തിൽ സാരമായ മാറ്റം വരുത്തി. പാവപ്പെട്ട മനുഷ്യരുടെ ജീവിതവ്യഥ മാറ്റിയെടുക്കുവാൻ സ്വന്തം പരിശ്രമവും, സമരവീര്യവും, പിൽക്കാലത്ത് അധികാര സ്ഥാനത്തെത്തിയപ്പോൾ അതും പൂർണമായി ഉപയോഗപ്പെടുത്തി.


ഇതുകൂടി വായിക്കൂ:ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി


1970ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ് പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്താക്കിയപ്പോഴാണ് എംഎനുമായി അടുത്ത് പ്രവർത്തിക്കാൻ എനിക്ക് അവസരം ഉണ്ടായത്. യുവജന‑വിദ്യാർത്ഥി രംഗത്ത് പുതിയ കേഡർമാരെ കണ്ടെത്താൻ എംഎൻ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. സവർണ മേധാവിത്തത്തിനും ജന്മി നാടുവാഴിത്തത്തിനും എതിരെ ധീരമായ പോരാട്ടം നടത്തി വിജയം വരിച്ച കേരളത്തിലെ നവോത്ഥാന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ ശക്തമായി നിലകൊണ്ട്, നേതൃത്വപരമായ പങ്കുവഹിച്ച എംഎന്റെ ഓർമ്മ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു വലിയ പ്രചോദനമായിരിക്കും, പ്രത്യേകിച്ച് ഇന്ത്യയുടെ സമകാലിക പശ്ചാത്തലത്തില്‍. ഫാസിസ്റ്റ് ഭരണസമീപനങ്ങളും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളും വ്യാപകമായ കാലമാണിത്. അവസാനകാലം വരെ ത്യാഗോജ്വലവും നിസ്വാർത്ഥവുമായ പൊതുപ്രവർത്തനവും ജീവിതലാളിത്യവും മുറുകെ പിടിച്ച എംഎന്റെ സ്മരണ പുതുക്കുമ്പോള്‍ ആ ജീവിതപാത പിന്തുടരുമെന്ന പ്രതിജ്ഞ പുതുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.